ട്രംപിനെ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്റര്‍ വാങ്ങാനൊരുങ്ങി മുന്‍ സി.ഐ.എ ഏജന്റ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ട്വിറ്റര്‍ കമ്പനി തന്നെ വാങ്ങാനൊരുങ്ങി മുന്‍ സി.ഐ.എ ഏജന്റ്. യു.എസിന്റെ അണ്ടര്‍കവര്‍ ഏജന്റായ വലേരി ലാമി വില്‍സനാണ് ട്വിറ്റര്‍ വാങ്ങുമെന്നറിയിച്ചിരിക്കുന്നത്. ഇതിനായി അവര്‍ പണംസമാഹരിക്കലും ആരംഭിച്ചു.
ട്രംപിന്റെ വെറുപ്പുനിറഞ്ഞ വാക്കുകള്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വരുന്നതെന്നും അവ തടയുന്നതില്‍ ട്വിറ്റര്‍ കമ്പനി പരാജയപ്പെട്ടതിനാല്‍ പണം നല്കി വാങ്ങാനൊരുങ്ങുകയാണ് താനെന്നും വലേരി അറിയിച്ചു. ഫണ്ട് റേസിങ് ഇതിന്റെ ഭാഗമാണെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം പണം നല്‍കുന്നതിനായി പ്രത്യേകം ഗ്രൂപ്പും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 6000 ഡോളറാണ് ഇവരുടെ അക്കൗണ്ടിലേക്ക് എത്തിയത്. എന്നാല്‍ വലേരിയുടെ നടപടിയെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് വിമര്‍ശിച്ചു. തുക കുറഞ്ഞത് ട്രംപിനെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. വലേരിയുടെ നടപടി സമൂഹത്തില്‍ വെറുപ്പ് വളര്‍ത്താന്‍ ഉദേശിച്ചിട്ടുള്ളതാണെന്നും സാന്‍ഡേഴ്സ് കൂട്ടിച്ചേര്‍ത്തു.
പണം സമാഹരിക്കുന്നതിനായി നിരവധി വാഗ്ദാനങ്ങളും വലേരി മുന്നോട്ടുവച്ചിട്ടുണ്ട്. ട്വിറ്ററിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയാല്‍ ട്രംപിനെ ബ്ലോക്ക് ചെയ്യാനാവുമെന്നും അത്രയും പണം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ലഭിച്ച തുകയ്ക്ക് ഓഹരികള്‍ വാങ്ങി കമ്പനിയില്‍ സമ്മര്‍ദം ചെലുത്തുമെന്നും വലേരി പറഞ്ഞു. ആറു ബില്യണ്‍ ഡോളറാണ് ട്വിറ്ററിന്റെ മൊത്ത ഓഹരി വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."