'എന്റെ ഭവനം പ്ലാസ്റ്റിക് വിമുക്തം' മാതൃകാ പദ്ധതിയുമായി സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍
മുക്കം: മാമ്പറ്റ പ്രതീക്ഷ സ്പെഷല്‍ സ്കൂളിലെ ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികള്‍ ഇനി സേവനരംഗത്തും നിറഞ്ഞുനില്ക്കും. മുക്കം നഗരസഭയുടെ സമ്പൂര്‍ണ ശുചിത്വ പരിപാടിയുടെ ഭാഗമായാണ് പ്രതീക്ഷ സ്കൂളിലെ കുട്ടികളെ ഉള്‍പ്പെടുത്തി ശുചിത്വ പദ്ധതിക്ക് തുടക്കം കുറിച്ചത്. സമൂഹത്തിന് വൃത്തിയുടേയും ശുദ്ധിയുടേയും നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കാനാണ് ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ കര്‍മനിരതരായത്. നഗരസഭയിലെ 12ാം ഡിവിഷനിലെ മുഴുവന്‍ വീടുകളിലും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തി. ലഘുലേഖ വിതരണം, ബോധവല്‍ക്കരണ സ്റ്റിക്കര്‍ പതിക്കല്‍, കുട്ടികള്‍ നിര്‍മിച്ച തുണി സഞ്ചിയുടെ വിതരണം, പ്ലാസ്റ്റിക് ശേഖരണ പെട്ടി സ്ഥാപിക്കല്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടന്നു. നഗരസഭയിലെ സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമാക്കുന്ന പദ്ധതി പ്രകാരം ഡിവിഷനിലെ വീടുകളില്‍ എല്ലാ മാസവും പ്രതീക്ഷാ സ്പെഷല്‍ സ്കൂളിലെ കുട്ടികള്‍ തന്നെ പ്ലാസ്റ്റിക് ശേഖരണത്തിനായി ഇറങ്ങും. പദ്ധതി ഉദ്ഘാടനം നഗരസഭ ചെയര്മാന് വി. കുഞ്ഞന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
സാമൂഹികമായി അന്യതാബോധം കല്‍പ്പിക്കപ്പെടുന്ന ഭിന്നശേഷി കുട്ടികളുടെ ഇത്തരം മാതൃകാ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കൗണ്‍സിലര്‍ പ്രശോഭ് കുമാര്‍ പെരുമ്പടപ്പില്‍ അധ്യക്ഷനായി. ടി. പ്രഭാകരന്, പ്രധാനാധ്യാപിക കെ. ഷീബ, കെ. പ്രമീള, കെ.സി ഉഷ, ജസീല, വിപിന്‍, ഷംന എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."