ജി.എസ്.ടി: ഗവ. കരാറുകാര്‍ ദുരിതത്തില്‍
ഫറോക്ക്: ജി.എസ്.ടി വന്നതോടെയുള്ള അമിത നികുതി ഗവ. കരാറുകാര്‍ക്ക് തിരിച്ചടിയാകുന്നു. 18 ശതമാനം നികുതി അടയ്ക്കണമെന്ന വ്യവസ്ഥയാണ് കരാറുകാര്‍ക്കു വിനയായത്. കരാര്‍ പ്രവൃത്തികളില്‍ 10 ശതമാനമാണ് ലാഭമെന്നിരിക്കെ അധിക നികുതി നിരക്ക് വന്‍നഷ്ടം വരുത്തി വയ്ക്കുമെന്നതിനാല്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതില്‍നിന്നു കരാറുകാര്‍ പിന്തിരിയുകയാണ്.
ഇതിനെതിരേ കരാറുകാരുടെ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നടത്തും. കഴിഞ്ഞ ദിവസം ജില്ലയിലെ മുനിസിപ്പാലിറ്റികളിലെ ടെന്‍ഡറുകള്‍ കരാറുകാര്‍ ബഹിഷ്‌കരിച്ചിരുന്നു.
ഇതുവരെ വാറ്റ് വ്യവസ്ഥയില്‍ നാലു ശതമാനം നികുതിയാണ് കരാറുകര്‍ അടച്ചിരുന്നത്. ഇതുതന്നെ പ്രവൃത്തി പൂര്‍ത്തീകരിച്ച് ബില്ലു പാസാകുമ്പോള്‍ നല്‍കിയാല്‍ മതി. എന്നാല്‍ ജി.എസ്.ടി പ്രകാരം നല്‍കേണ്ട 18 ശതമാനം നികുതി പ്രവൃത്തി ഏറ്റെടുക്കുമ്പോള്‍ തന്നെ കെട്ടിവയ്ക്കണമെന്നതാണ് കരാറുകാരെ ദുരിതത്തിലാക്കുന്നത്. മാസംതോറും റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ കെട്ടിവയ്ക്കുന്ന തുക കരാറുകാര്‍ക്ക് തിരികെ ലഭിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഇതില്‍ പ്രതീക്ഷയില്ല. പ്രവൃത്തിക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്ന കടയുടമ നികുതി സര്‍ക്കാരിലേക്ക് അടയ്ക്കാതിരുന്നാല്‍ ഇതിന്റെ ഭാരം കൂടി കരാറുകാര്‍ വഹിക്കേണ്ടി വരുമെന്നാണ് ഇവര്‍ ഇതിനു കാരണമായി പറയുന്നത്. കൂടാതെ മൊത്തം പ്രവൃത്തിക്കു വരുന്ന ചെലവിന്റെ മൂന്നിലൊരു ഭാഗം മാത്രമാണ് സര്‍ക്കാരിലേക്ക് നികുതിയായി ചെല്ലുന്നത്.
തൊഴിലാളികളുടെ വേതനം, കല്ല്, മണല്‍ പോലുള്ളവക്കു നികുതിയില്ലാത്തതിനാല്‍ സര്‍ക്കാരില്‍ നിന്നു തിരികെ ലഭിക്കുന്നത് കെട്ടിവച്ച തുകയുടെ മൂന്നിലൊരു ഭാഗം മാത്രമായിരിക്കുമെന്നും കരാറുകാര്‍ ആശങ്കപ്പെടുന്നു. വര്‍ധിച്ച നികുതി പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് നിരക്കുകളില്‍ ഉള്‍പ്പെടുത്തണമെന്നാണ് കരാറുകാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് യാതൊരു നീക്കങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. 2016-ലെ ഡി.എസ്.ആര്‍ നിരക്ക് പ്രകാരമാണ് എന്‍ജീനിയര്‍മാര്‍ പ്രവൃത്തികള്‍ക്കുള്ള എസ്റ്റിമേറ്റ് തയാറാക്കുന്നത്. ഇതില്‍ 10 ശതമാനം മാത്രമാണ് കരാറുകാര്‍ക്ക് ലാഭമായി ബാക്കിയാവുക. ഇതില്‍നിന്ന് വര്‍ധിച്ച നികുതി കൂടി കൊടുക്കേണ്ടി വരുന്നത് പ്രവൃത്തിയില്‍ വെട്ടിപ്പിനും അഴിമതിക്കും കളമൊരുക്കും. നഷ്ടം സഹിച്ചു കരാറുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ തയാറാകാത്തത് പൊതുപ്രവര്‍ത്തികളെ മൊത്തം അവതാളത്തിലാക്കിയേക്കും.
കഴിഞ്ഞ ദിവസം തന്നെ ജില്ലയിലെ മിക്ക നഗരസഭാ ഓഫിസു കളിലെയും ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാതെ കരാറുകാര്‍ വിട്ടുനിന്നു. ജി.എസ്.ടി വരുന്നതിനു മുന്‍പ് ഏറ്റെടുത്ത പ്രവൃത്തികള്‍ക്കും പുതിയ നികുതി നിരക്ക് ബാധിക്കുമോയെന്ന പേടിയും കരാറുകാര്‍ക്കുണ്ട്. ഇതിനാല്‍ നടന്നുവരുന്ന പ്രവൃത്തികളും നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നാണ് കരാറുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."