'മിഷന്‍ സേഫ് മില്‍ക്ക് കോട്ടൂര്‍' പദ്ധതി ഉദ്ഘാടനം 26ന്
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പും കോട്ടൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന 'മിഷന്‍ സേഫ് മില്‍ക്ക് കോട്ടൂര്‍' പദ്ധതിയുടെ ഉദ്ഘാടനം 26ന് നടക്കും. 'ജാഗ്രതയോടെ വെറ്ററിനറി സേവനം, ശ്രദ്ധയോടെ പാലുല്‍പാദനം, ആരോഗ്യത്തോടെ ജനത' മുദ്രാവാക്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തിശുചിത്വം ഉള്‍പ്പെടെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിച്ച് ഉല്‍പാദനത്തിലെ ശുചിത്വവും പാലിന്റെ ഗുണനിലവാരവും ഉയര്‍ത്തുകയും പൊതുജനാരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ പാലില്‍ എത്തുന്നത് തടയുകയും ചെയ്യുകയാണ് മിഷന്‍ സേഫ് മില്‍ക്ക് കോട്ടൂര്‍.
ഇതോടനുബന്ധിച്ചു കന്നുകുട്ടികളുടെ പ്രദര്‍ശന മത്സരവും നടത്തുന്നുണ്ട്. കോട്ടൂര്‍ പഞ്ചായത്തിലെ അവിടനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലെ എല്ലാ കര്‍ഷകര്‍ക്കും ശുദ്ധമായ പാലുല്‍പാദനം നടത്താനുള്ള പരിശീലനവും ആവശ്യമായ സാമഗ്രികളും നല്‍കും. തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷനാകും. എം.കെ രാഘവന്‍ എം. പി, ബാബു പറശ്ശേരി, കെ.എന്‍ സുരേന്ദ്രന്‍നായര്‍, എന്‍.എന്‍ ശശി, ടി.പി സേതുമാധവന്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. മേരി കെ. എബ്രഹാം, വി.പി ഡോ. ബിനീഷ്, കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, ജോസ് സൈമണ്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."