നാട് പറയുന്നു... വായനാവെളിച്ചം കെടുത്തരുത്
കൊയിലാണ്ടി: വായനക്കാരില്ലാതെ ലൈബ്രറികള്‍ക്ക് താഴുവീഴുന്ന പതിവുസംഭവങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇവിടുത്തെ കാര്യങ്ങള്‍.
ജനങ്ങളില്‍ വായനാശീലം വളര്‍ത്താന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥമൂലം പൂട്ടിക്കിടക്കുകയാണ് കൊയിലാണ്ടി പബ്ലിക് ലൈബ്രറി. വായനക്കാര്‍ക്ക് ആവശ്യത്തിനു പ്രസിദ്ധീകരണങ്ങളും പത്രങ്ങളും ലഭ്യമാക്കാന്‍ കഴിയാത്തതാണ് ലൈബ്രറി പൂട്ടാന്‍ കാരണമെന്നാണറിയുന്നത്.
ദിനംപ്രതി നിരവധി പേര്‍ പത്രപാരായണത്തിനായി ഇവിടെ എത്താറുണ്ട്. എന്നാല്‍ ദിവസങ്ങളായി വായനക്കാര്‍ക്ക് പത്രം ലഭിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ലൈബ്രറി കൃത്യമായി തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിലും ബന്ധപ്പെട്ടവര്‍ക്ക് താല്‍പര്യമില്ല. രാവിലെ മുതല്‍ പത്രം വായിക്കാനെത്തുന്നവര്‍ നിരാശരായി മടങ്ങുകയാണ് പതിവ്.
കൊയിലാണ്ടി സാംസ്‌കാരിക നിലയത്തിന്റെ മൂന്നാം നിലയിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ ലൈബ്രറിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളാരും ഇവിടെ എത്താറില്ലെന്നതാണ് യാഥാര്‍ഥ്യം.
ഹാളിനു പുറത്തുള്ള വരാന്തയിലും പത്രപാരായണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ഏതാനും ദിവസങ്ങളായി പുറത്ത് പത്രങ്ങള്‍ കാണാറില്ലെന്നു വായനക്കാര്‍ പറയുന്നു. വായനക്കാര്‍ കൊണ്ടുപോകുന്നതിനാലാണ് പത്രം പുറത്തുവയ്ക്കാത്തതെന്നാണ് അധികൃതരുടെ പ്രതികരണം. അതേസമയം ലൈബ്രറി തുറന്നുപ്രവര്‍ത്തിക്കാത്തതെന്താണെന്ന് സന്ദര്‍ശകരും ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."