സീവേജ് പ്ലാന്റില്‍നിന്ന് ദുര്‍ഗന്ധം: കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ കയറാന്‍ മൂക്കുപൊത്തണം
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍നിന്നു ദുര്‍ഗന്ധം പടരുന്നത് ജീവനക്കാരെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. ബസ് ടെര്‍മിനലിനോടനുബന്ധിച്ചുള്ള പെട്രോള്‍ പമ്പിന് സമീപം സ്ഥാപിച്ച സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നാണ് ദുര്‍ഗന്ധമുണ്ടാകുന്നത്.
മഴക്കാലം ആരംഭിച്ചത് മുതല്‍ കഴിഞ്ഞ ഒരു മാസക്കാലമായി ഇവിടെനിന്നു ദുര്‍ഗന്ധമുണ്ടാവുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ ദുര്‍ഗന്ധത്തിന്റെ വ്യാപ്തി വര്‍ധിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. സമീപത്തെ പെട്രോള്‍ പമ്പില്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. കൂടാതെ യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം ടെര്‍മിനലില്‍ ഇരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ബസ് ടെര്‍മിനലിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പത്തോളം ടോയ്‌ലെറ്റുകളില്‍ നിന്നുള്ള സീവേജാണ് ഇവിടെ നിന്നു ട്രീറ്റ്‌മെന്റ് ചെയ്യുന്നത്. ഒരു ദിവസം 60 ലിറ്ററോളം സീവേജ് ട്രീറ്റ് ചെയ്യാനുള്ള പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ദിനേന ആയിരത്തിലധികം യാത്രക്കാര്‍ ഉപയോഗിക്കുന്ന ടോയ്‌ലെറ്റുകളിലെ സീവേജ് ഇതിലും അധികമാണെന്ന് ജീവനക്കാര്‍ പറയുന്നു.
ടെര്‍മിനലിലെ ടോയ്‌ലെറ്റ് പ്രവര്‍ത്തിക്കണമെങ്കില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് വേണമെന്നതിനാല്‍ ഇത് തട്ടിക്കൂട്ടി നിര്‍മിച്ചതാണെന്നാണ് യാത്രക്കാര്‍ ആരോപിക്കുന്നത്. അതേസമയം, ടെര്‍മിനലിലെ മുഴുവന്‍ ടോയ്‌ലെറ്റുകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ നഗരത്തില്‍ തന്നെ ജനജീവിതം ദുസ്സഹമാവുമെന്നാണ് പ്ലാന്റ് നിര്‍മിച്ച തൃശൂര്‍ ആസ്ഥാനമായുള്ള കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി.
നിലവില്‍ പ്രശ്‌നം സംബന്ധിച്ച് കെ.ടി.ഡി.എഫ്.സി അധികൃതര്‍ക്കും, കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ബന്ധപ്പെട്ടവര്‍ പരാതിയോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നും ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."