കൊതുക് വളര്‍ത്തുകേന്ദ്രമായി കല്ലാച്ചി ടൗണ്‍
നാദാപുരം: ഡെങ്കിപ്പനിയും പകര്‍ച്ചവ്യാധികളും നിയന്ത്രണമില്ലാതെ തുടരുമ്പോഴും കല്ലാച്ചി ടൗണിലെ ഓടകള്‍ കൊതുക് വളര്‍ത്തുകേന്ദ്രമാകുന്നു. ഓവുചാലുകളില്‍ മലിനജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പരക്കുന്നതിനാല്‍ പ്രദേശത്തുകാര്‍ പകര്‍ച്ചപ്പനിഭീഷണി നേരിടുകയാണ്.
മഴക്കാലത്തിനു മുന്‍പ് നാദാപുരം, കല്ലാച്ചി ടൗണുകളിലെ ഓടകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നെങ്കിലും കരാറുകാരന്‍ പാതിവഴിയില്‍ പ്രവൃത്തി ഉപേക്ഷിച്ചു മുങ്ങുകയായിരുന്നെന്ന് കച്ചവടക്കാര്‍ പറയുന്നു. ഇതേതുടര്‍ന്ന് പലസ്ഥലങ്ങളിലും ഓടകള്‍ അടഞ്ഞുകിടക്കുകയാണ്. ഇതോടൊപ്പം ടൗണിലെ പലസ്ഥാപനങ്ങളില്‍ നിന്നും ഓവുചാലിലേക്കു മാലിന്യങ്ങള്‍ തുറന്നുവിടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
അതിനിടെ, പരാതികള്‍ക്കുമേല്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് സംമരരംഗത്തിറങ്ങിയ യുവജന സംഘടനകള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ആവശ്യമായ നടപടികളൊന്നുംതന്നെ ഉണ്ടായിട്ടില്ല. വളയം റോഡില്‍ റോഡിനോടു ചേര്‍ന്ന ഓടയിലെ സ്ലാബ് എടുത്തുമാറ്റിയിട്ട് മാസങ്ങളായി. തുറന്നുകിടക്കുന്ന ഓടയുടെ പരിസരം കൊതുകുകള്‍ നിറഞ്ഞ് കച്ചവടം ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. ആരോഗ്യവകുപ്പ് കൊതുക് നശീകരണത്തിനായി ലക്ഷങ്ങളാണ് ചെലവഴിക്കുന്നതെങ്കിലും ഒന്നും തന്നെ ഫലപ്രദമാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."