സൗജന്യ നേത്രപരിശോധന സംഘടിപ്പിച്ചു
പൂച്ചാക്കല്‍: ജില്ലാ അന്ധതാനിവാരണ സൊസൈറ്റിയുടേയും,അരൂക്കുറ്റി സാമുഹ്യാരോഗിക കേന്ദ്രത്തിന്റേയും സഹകരണത്തോടെ വടുതല കനിവ് മെഡിക്കല്‍ ഗൈഡന്‍സ് സെന്റര്‍സൗജന്യ നേത്രപരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാംപും നടത്തി.ജില്ലാ മൊബൈല്‍ യൂണിറ്റിലെ സര്‍ജന്‍ ഡോ: പി വിദ്യയുടെ നേതൃത്വത്തില്‍ ഒപ്‌ടോമെട്രിസ്റ്റുമാര്‍ അടക്കമുള്ള പത്തംഗ മെഡിക്കല്‍ ടീം ക്യാമ്പിന് നേത്യത്വം നല്‍കി.
155 പേര്‍ക്ക് പരിശോധന നടത്തുകയും, 8 പേര്‍ക്ക് തിമിര ശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കുകയും ചെയ്തു.തൈക്കാട്ട്‌ശ്ശേരി ബ്‌ളോക് മെമ്പര്‍ പി.കെ കൊച്ചപ്പന്‍ ഉദ്ഘാടനം ചെയ്തു.സഹായി വെല്‍ഫെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.കെ ഇബ്രാഹീം അധ്യക്ഷത വഹിച്ചു.
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എച്ച്. യാസ്മിന്‍, വാര്‍ഡ് അംഗങ്ങളായ കെ.പി കബീര്‍,സഫിയാ ഇസ്ഹാഖ്, ജില്ലാ മൊബൈന്‍ ഒഫ്താല്‍മിക് യൂണിറ്റ് കോര്‍ഡിനേറ്റര്‍ ടി അനിതാകുമാരി,സലിം ത്വാഹ,എന്‍.എ സക്കരിയ തുടങ്ങിയവര്‍ സംസാരിച്ചു.കെ.എം നാസറുദീന്‍, അനസ് ഹിലാല്‍,പി.എം ഷറഫുദീന്‍, ഇ.കെ ബഷീര്‍, ഫസീല അഷറഫ്, അസ്മ താജുദീന്‍, നാഫില, റീമഷിജാബ് തുടങ്ങിയവര്‍ ക്യാംപ് നിയന്ത്രിച്ചു.
ഡെങ്കിപ്പനി: കരുതല്‍ വേണമെന്ന്
ജില്ലാ മെഡിക്കല്‍ ഓഫിസര്‍
ആലപ്പുഴ: ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണെന്നും ഡെങ്കിപ്പനിയ്‌ക്കെതിരേ കൂടുതല്‍ കരുതല്‍ വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഈഡിസ് കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിട്ട് വളരുന്നത്. ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ വലിച്ചെറിയുന്ന പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ ടയറുകള്‍, ചിരട്ടകള്‍, പ്ലാസ്റ്റിക് കവറുകള്‍, മുട്ടത്തോട് എന്നിവയില്‍ കെട്ടിനില്‍ക്കുകയും കൊതുക് പെരുകുന്നതിന് ഇടയാക്കുകയും ചെയ്യും. സണ്‍ ഷെയ്ഡ്, ടെറസുകള്‍, ഫ്രിഡ്ജിലെ ട്രേ, അലങ്കാര ചെടിച്ചട്ടികള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. വീടിന്റെ സണ്‍ഷെയ്ഡ്, ടെറസ്, ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. വേലി കെട്ടാനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിന്റെ മടക്കുകള്‍, മരപ്പൊത്തുകള്‍, മുളകുറ്റികള്‍, അങ്കോല ചെടികള്‍, പൈനാപ്പിള്‍ചെടി എന്നിവിടങ്ങളില്‍ കെട്ടി നിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. ശുദ്ധജല സംഭരണി, കുടിവെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക് കടക്കാത്ത രീതിയില്‍ അടച്ചുസൂക്ഷിക്കണം.
രാവിലെയും വൈകുന്നേരവും കതകുകളും ജനലകളും അടച്ചിടുകയും കസേര, മേശ, തുണികള്‍ എന്നിവിടങ്ങളിലുള്ള കൊതുകുകളെ നശിപ്പിക്കണം. ഞായറാഴ്ചകളില്‍ വീടുകളില്‍ ഡ്രൈഡേ ആചരിക്കണം. വീട്ടിലും പരിസരത്തും കൊതുകിന്റെ ഉറവിടങ്ങള്‍ ഇല്ലായെന്ന് ഉറപ്പുവരുത്തണം. പനിയുണ്ടായാല്‍ സ്വയംചികിത്സ നടത്താതെ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ചികിത്സ തേടണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് വാങ്ങി കഴിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."