നഗരസഭാ ജീവനക്കാരിയോട് കൗണ്‍സിലറുടെ മോശം പെരുമാറ്റം; കൗണ്‍സില്‍ യോഗത്തില്‍ ബഹളം
തൊടുപുഴ: നഗരസഭയിലെ വനിതാ ജീവനക്കാരിയോട് കൗണ്‍സിലര്‍ ടി.കെ അനില്‍കുമാര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. സംഭവത്തില്‍ കൗണ്‍സിലര്‍ ഖേദം പ്രകടിപ്പിച്ചില്ലെന്ന പ്രചരണം ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെ പ്രശ്‌നം രൂക്ഷമായി.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് യു.ഡി.എഫ് കൗണ്‍സിലറായ അനില്‍കുമാര്‍ മറ്റൊരു വാര്‍ഡിലെ സ്വകര്യ വ്യക്തിയുടെ പരാതി ചൂണ്ടിക്കാട്ടി നഗരസഭാ ജീവനക്കാരിയെ അപമാനിച്ചതായി പരാതി ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് നഗരസഭാ ജീവനക്കാര്‍ പണിമുടക്കിയിരുന്നു. കൗണ്‍സിലര്‍ക്ക് മാപ്പു പറയാതെ തടിയൂരാനാകില്ലെന്ന അവസ്ഥ വന്നിരുന്നു. ഇതുസംബന്ധിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കണമെന്ന് കാട്ടിയായിരുന്നു എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്.
അനില്‍കുമാറിന്റെ അസാന്നിധ്യത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സുധാകരന്‍ നായര്‍, കൗണ്‍സിലര്‍ ജീവനക്കാരിയോട് മാപ്പു പറഞ്ഞതായി വ്യക്തമാക്കി.എന്നാല്‍ താന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന കൗണ്‍സിലറുടെ പ്രസ്താവനകള്‍ ചില മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ഈ സംഭവമാണ് ബഹളത്തിന് വഴിവെച്ചത്. ജനപ്രതിനിധികളും ജീവനക്കാരും തമ്മില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാന്‍ അവസരം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് തുടര്‍ന്നു സംസാരിച്ച ആര്‍. ഹരി അഭിപ്രായപ്പെട്ടു.
നഗരത്തില്‍ ആവശ്യത്തിന് പൊതു ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ ബുദ്ധിമുട്ടുകയാണെന്നും ഇതിന് പരിഹാരം കാണണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് നഗരസഭാ പാര്‍ക്കിനോട് ചേര്‍ന്ന് പൊതുശൗചാലയം പൂര്‍ത്തിയായി വരികയാണെന്നും കൂടുതല്‍ തുക കണ്ടെത്തുന്ന പക്ഷം മറ്റിടങ്ങളില്‍ ശൗചാലയം നിര്‍മിക്കുന്നത് പരിഗണികാമെന്നും ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അറിയിച്ചു.
ഹരിത കേരള മിഷന്റെ ഭാഗമായി മുനിസിപ്പല്‍ പാര്‍ക്കില്‍ ഒരു എല്‍.ഇ.ഡി ടി.വിയും സൗണ്ട് സിസ്റ്റവും ജനങ്ങള്‍ക്ക് വാട്ടര്‍ കൂളറും സ്ഥാപിക്കാന്‍ തീരുമാനമായി. മാലിന്യ സംസ്‌കരണ യജ്ഞത്തില്‍ പൊതുജനങ്ങളെ പങ്കാളിയാക്കാന്‍ ലക്ഷ്യമിട്ടാണ് ടി.വി സ്ഥാപിക്കുന്നത്. എല്‍.ഇ.ഡി ടി.വിയിലൂടെ ഹരിത കേരള മിഷന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."