ഓണനാളില്‍ റേഷന്‍ വ്യാപാരികള്‍ പട്ടിണിസമരം നടത്തും
തൊടുപുഴ: കമ്മിഷന് തുക കൃത്യമായി നല്‍കാത്തതിലും ആദായ നികുതി ഈടാക്കാനുള്ള തീരുമാനത്തിലും പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ തിരുവോണ നാളില്‍ പട്ടിണിസമരം നടത്തുമെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏഴു മാസത്തിനു ശേഷം കുടിശിക തുക അനുവദിച്ചെങ്കിലും 20 ശതമാനം നികുതി ഈടാക്കുമെന്നത് അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനം ഉടനെ നടപ്പാക്കുക, റേഷന്‍ കടകള്‍ കംപ്യൂട്ടര്വല്ക്കരിക്കുക, ഉത്സവബത്ത നല്‍കുക, വാതില്‍പ്പടി വിതരണം കാര്യക്ഷമമാക്കുക, റേഷന്‍ വ്യാപാരികളെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും അംഗീകരിക്കണം.
ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. സമരത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 13 മുതല്‍ 16 വരെ വാഹന പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും. 18 ന് ജില്ലാ കേന്ദ്രങ്ങളില്‍ ഉപവാസം നടത്തും. 25 ന് സെക്രട്ടറിയറ്റിന് മുന്നില്‍ കൂട്ട ഉപവാസം നടത്തും. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ മുതല്‍ സ്റ്റോക്ക് ബഹിഷ്കരണവും നിസഹകരണവും അടക്കമുള്ള അനിശ്ചിതകാല സമരത്തിന് തയാറാവും. ഭാരവാഹികളായ എസ്.എം റെജി, എ.വി റെജി, ജോഷി ജോസഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."