ഇന്നലെ പുണ്യഭൂമിയിലേക്ക് യാത്രയായത് 410 തീര്‍ഥാടകര്‍
നെടുമ്പാശ്ശേരി: അവസാന ദിവസമായ ഇന്നലെ രാത്രി 8.10ന് മൂന്ന് കുട്ടികള്‍ അടക്കം 410 തീര്‍ഥാടകര്‍ പുണ്യഭൂമിയിലേക്ക് യാത്രയായി. 6,060 സ്ത്രീകളും 5,410 പുരുഷന്മാരും അടക്കം 11,470 പേരാണ് കേരളത്തില്‍നിന്ന് ഹജ്ജ് കമ്മിറ്റി വഴി ഈ വര്‍ഷം ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ യാത്രയായത്.
രണ്ട് വയസില്‍ താഴെ പ്രായമുള്ള 23 കുട്ടികളും ഇവരോടൊപ്പം പുണ്യഭൂമിയിലേക്ക് പോയി. ഇവരെ കൂടാതെ ലക്ഷദ്വീപില്‍നിന്ന് 161 പുരുഷന്മാരും 144 സ്ത്രീകളും അടക്കം 305 പേരും മാഹിയില്‍നിന്ന് 15 പുരുഷന്മാരും 17 സ്ത്രീകളും അടക്കം 32 പേരും നെടുമ്പാശ്ശേരി വഴി യാത്രയായി.
മലപ്പുറം വളാഞ്ചേരി സ്വദേശി നിസാര്‍, ഫൗസിയ ദമ്പതികളുടെ ഒരു വയസുകാരനായ നാസിം, തിരുവനന്തപുരം ബാലരാമപുരം സ്വദേശി താരിഖ് അന്‍വര്‍, ഫാത്തിമ ദമ്പതികളുടെ ഒന്നര വയസ് പ്രായമുള്ള മകള്‍ സൈനബ്, കോഴിക്കോട് സ്വദേശികളായ മുഹമ്മദ്, ശരീഫ ദമ്പതികളുടെ എട്ടുമാസം പ്രായമായ മകന് മുഹമ്മദ് ഖൈസ് എന്നിവരാണ് ഇന്നലെ പുറപ്പെട്ട സംഘത്തിലുള്ള കുട്ടികള്‍. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയായവരില്‍ ഏറ്റവും കൂടുതല്‍ പേര് കോഴിക്കോട് ജില്ലയില്‍നിന്നാണ്.
3,532 പേരാണ് ഈ വര്‍ഷം കോഴിക്കോട് ജില്ലയില്‍നിന്നു യാത്രയായത്. 2,568 തീര്‍ഥാടകരുള്ള മലപ്പുറം ജില്ലയാണ് തൊട്ടുപിന്നില്‍.കണ്ണൂര്‍ 1481, കാസര്‍കോട് 1026, എറണാകുളം 825, പാലക്കാട് 449, വയനാട് 381, തിരുവനന്തപുരം 252, കൊല്ലം 245, ആലപ്പുഴ 201, തൃശ്ശൂര്‍ 188, കോട്ടയം 159, ഇടുക്കി 123, പത്തനംതിട്ട 40 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍നിന്നുള്ള തീര്‍ഥാടകരുടെ എണ്ണം. സെപ്റ്റംബര്‍ 21 മുതലാണ് സംസ്ഥാനത്ത് നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര.
21 ന് പുലര്‍ച്ചെ 5.45 ന് ആദ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തും. 39 സര്‍വിസുകളാണ് ഹാജിമാരുടെ മടക്കയാത്രക്കായി സഊദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."