രമേശ് ചെന്നിത്തല പ്രസിദ്ധീകരണ രംഗത്തേക്ക്
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസിദ്ധീകരണ രംഗത്തേക്ക്. ദീര്‍ഘകാലമായുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് ഓണത്തിന് സഫലീകരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുന്ന പ്രസിദ്ധീകരണശാലയ്ക്ക് 'ശ്രേഷ്ഠ' എന്നാണ് പേരിട്ടിരിക്കുന്നത്. പ്രതിപക്ഷനേതാവ് തന്നെയാണ് ശ്രേഷ്ഠയെക്കുറിച്ച് മനസുതുറന്നത്. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് , സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്നു വിരമിക്കുന്ന ഡോ. എം.ആര് തമ്പാന് എഴുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം തിരുവനന്തപുരത്ത് നിര്‍വഹിച്ചപ്പോഴാണ് രമേശ് ചെന്നിത്തല വായനയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞത്. ഭാഷാലോകത്തിന് തമ്പാന് നല്കിയ സംഭാവനകളെക്കുറിച്ചു പറഞ്ഞ നേതാവ് തനിക്ക് ദീര്‍ഘനാളായി ഒരു ആഗ്രഹമുണ്ടെന്ന രഹസ്യം സദസിനോട് പങ്കുവച്ചു.
ഡയറക്ടര്‍ സ്ഥാനത്തുനിന്നു വിരമിക്കുന്ന തമ്പാനെ വെറുതെവിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇനിയും സാഹിത്യലോകത്തിന് ആവശ്യമാണ്. അതിനാല്‍ തന്റെ ആഗ്രഹത്തിനൊപ്പം തമ്പാന് പുതിയ ചില ഉത്തരവാദിത്വങ്ങള്‍ കൂടി നല്‍കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയൊക്കെയായിട്ടും സദസിലിരുന്നവര്‍ക്ക് ഒന്നും പിടികിട്ടിയില്ല. ആരെയും നിരാശരാക്കാതെ ആഗ്രഹം അദ്ദേഹം ഉടന്‍ തുറന്നുപറഞ്ഞു. ഒരു പ്രസിദ്ധീകരണശാല തുടങ്ങണമെന്നത് ദീര്‍ഘനാളായുള്ള തന്റെ ആഗ്രഹമാണ്. അത് സഫലീകരിക്കാന്‍ പോവുകയാണ്. ശ്രേഷ്ഠ എന്നാണ് പ്രസിദ്ധീകരണശാലയുടെ പേര്. ഓണത്തിന് പ്രവര്‍ത്തനം ആരംഭിക്കും. ശ്രേഷ്ഠയുടെ മുഴുവന്‍ ചുമതലയും തമ്പാനെ ഏല്‍പ്പിക്കുകയാണെന്ന് പറഞ്ഞതോടെ സദസില്‍ നിറഞ്ഞ കൈയടി. ഏതുകാര്യം ഏല്‍പ്പിച്ചാലും തമ്പാന് അതു നന്നായി നിര്‍വഹിക്കും. വിശ്വാസപൂര്‍വം കാര്യങ്ങള്‍ ഏല്‍പ്പിക്കാന്‍ കഴിയുന്ന വ്യക്തിയാണ് അദ്ദേഹം. തമ്പാന് ടച്ച് ശ്രേഷ്ഠയിലും ഉണ്ടുകുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു.
വര്‍ഷങ്ങളായി ഈ ആഗ്രഹം മനസിലുണ്ടായിരുന്നു. എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ അത് വേണ്ടെന്നുവച്ചു. ഇപ്പോള്‍ തനിക്ക് അധികം പണിയൊന്നുമില്ലല്ലോ, അതുകൊണ്ടു പ്രസിദ്ധീകരണരംഗത്തേക്ക് ഇറങ്ങാം എന്ന് തീരുമാനിച്ചു. ലാഭകരമായ ബിസിനസായിട്ടല്ല ഇതിനെ കാണുന്നത്, ആഗ്രഹം മാത്രമാണ്. ഇതായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. പണിപ്പുരയിലുള്ള ചെന്നിത്തലയുടെ പുതിയ പുസ്തകം ശ്രേഷ്ഠയിലൂടെയാകും പ്രസിദ്ധീകരിക്കുക. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍, നോവലുകള്‍,വൈജ്ഞാനിക സാഹിത്യം, നോവലുകള്‍, കഥ, കവിത അങ്ങനെയെല്ലാം ശ്രേഷ്ഠയിലൂടെ പുറത്തിറങ്ങും. തലസ്ഥാനത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പബ്ലിക്കേഷനൊപ്പം ബുക്ക്സ്റ്റാള്കൂടി ഉണ്ടാകുമെന്ന് ഡോ.എം.ആര്.തമ്പാന് സുപ്രഭാതത്തോട് പറഞ്ഞു. ആവശ്യമായ വിഭാഗങ്ങളിലേക്ക് യോഗ്യതയുള്ള സ്റ്റാഫുകളെ നിയമിക്കും. ലാഭകരമല്ലാത്തതിനാല്‍ പ്രസ് തുടങ്ങാന്‍ പദ്ധതിയില്ല. ശ്രേഷ്ഠ വിജയം കൊയ്താല്‍ തിരഞ്ഞെടുത്ത മറ്റ് നഗരങ്ങളിലും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."