പരിയാരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജില്‍ എട്ടാം നിലയില്‍ തീപിടിത്തം. വെള്ളിയാഴ്ച്ച രാത്രി പതിനൊന്നോടെയാണ് പി.ജി വിദ്യാര്‍ഥികള്‍ താമസിക്കുന്ന എട്ടാം നിലയിലെ 809ാം നമ്പര്‍ മുറിയില്‍ തീയും പുകയും ഉയര്‍ന്നത്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫ്രിഡ്ജ് പൂര്‍ണമായും കത്തിനശിച്ചു. എയര്‍കണ്ടീഷണര്‍ ഉള്‍പ്പെടെ നിരവധി ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും തീപിടിത്തത്തില്‍ നശിച്ചു. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്ത് ഹൃദയാലയയിലെ രോഗികളെ ഉള്‍പ്പെടെ പ്രവേശിപ്പിച്ച വാര്‍ഡുകളിലേക്ക് പുക പടര്‍ന്നുകയറിയെങ്കിലും അത്യാഹിതം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു. തക്കസമയത്ത് സുരക്ഷാ ജീവനക്കാരെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇരുനില കെട്ടിടങ്ങളില്‍ പോലും അഗ്നിരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലും എട്ടുനിലകളിലായി പ്രവര്‍ത്തിക്കുന്ന പരിയാരം മെഡിക്കല്‍ കോളജില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തത് ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സുരക്ഷ പരിഗണിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ നിലവിലുള്ള അഗ്നിരക്ഷാ സംവിധാനങ്ങള്‍ അടിയന്തിരമായി പരിഷ്‌കരിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."