കുന്ദമംഗലത്ത് ഒരാഴ്ചയ്ക്കിടെ മോഷണം നടന്നത് 21 വീടുകളില്‍: തസ്കരവീരന്മാരുടെ വിളയാട്ടം
കുന്ദമംഗലം: തസ്കരവീരന്മാരെ കൊണ്ടു പൊറുതിമുട്ടിയ കുന്ദമംഗലത്ത് ഇന്നലെ പുലര്‍ച്ചെ വീണ്ടും മോഷണം. കുന്ദമംഗലം ടൗണിനു സമീപമുള്ള കുറിയേരി കോയയുടെ വീട്ടില്‍നിന്ന് 13 പവന് സ്വര്‍ണവും 3500 രൂപയും കവര്‍ന്നു. പുലര്‍ച്ചെ മൂന്നരക്ക് ഉറക്കമുണര്‍ന്ന കോയ പിറകുവശത്തെ വാതില്‍ തുറന്നു കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അലമാര പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
കഴിഞ്ഞ ദിവസം വീട്ടില്‍ വിരുന്നെത്തിയ കോയയുടെ മകള്‍ ജംഷീനയുടെയും മറ്റും സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.
കൂടാതെ ആക്കോളി നെരവത്ത് ഗോപാലന് നായര്‍, കണക്കഞ്ചേരി ആമിന, പടിഞ്ഞാറ്റയില്‍ ഷൈമ, നെരവത്ത് സി.വി മുഹമ്മദ് ഹാജി, കാരന്തൂര്‍ മര്‍കസ് കോളനി റോഡിലെ കെ.ടി മുഹമ്മദ്, പാലക്കല്‍ പെട്രോള്‍ പമ്പിനു സമീപം ചേറ്റൂല്‍ കോയ എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. ഇന്നലെ മാത്രം ഏഴു വീടുകളിലാണ് കവര്‍ച്ചാ ശ്രമമുണ്ടായത്. എല്ലാ വീടുകളിലും വീടിന്റെ പിറകുവശത്തെ വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുന്ദമംഗലത്ത് കള്ളന്മാര് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ ആഴ്ച ആനപ്പാറക്കടുത്ത ഒന്‍പതു വീടുകളില്‍ മോഷണശ്രമം നടന്നിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ കണിയാത്ത് ശ്രീജയന്റെ വീട്ടില്‍ നിന്ന് ഒരുലക്ഷം രൂപയും അഞ്ചു പവനും കവര്‍ന്നു. തൊട്ടടുത്ത നാലു വീടുകളില്‍ കവര്‍ച്ചാ ശ്രമവും നടന്നിരുന്നു.
ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ മെറിന് ജോസഫിന്റെ നേതൃത്വത്തില്‍ ഉന്നത പോലിസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധരായ വി.പികരീം, വി. വിനീത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു തെളിവെടുപ്പ് നടത്തി. ആഴ്ചകളോളമായി കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളുടെ വിളയാട്ടമാണ്.
ഒരാഴ്ചക്കകം 21 വീടുകളില്‍ കള്ളന് കയറിയിട്ടും പൊലിസിന് ഇതുവരെ കേസില്‍ തുമ്പുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
പൊലിസിന്റെ അനാസ്ഥക്കെതിരേ റസിഡന്‍സ് അസോസിയേഷനുകളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ദിനംപ്രതി മോഷണം വര്‍ധിക്കുന്നതില്‍ പ്രദേശവാസികള്‍ ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."