കുട്ടികളുടെ ചലച്ചിത്രമേള 18 മുതല്‍ 23 വരെ
പാലക്കാട്: കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ (സി.എഫ്.എസ്.ഐ) ഈ മാസം 18 മുതല്‍ 23 വരെ ജില്ലയില്‍ കുട്ടികളുടെ ചലച്ചിത്രമേള നടത്തും. മേളയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തി.
മേളയുടെ ഉദ്ഘാടനം 18ന് രാവിലെ 8.45ന് അരോമ തിയറ്ററില്‍ നടത്താന്‍ തീരുമാനിച്ചു. ജില്ലയിലെ 42 തിയറ്ററുകളാണ് നിലവില്‍ പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. സ്‌കൂളുകളുടെ സൗകര്യാര്‍ഥം തൊട്ടടുത്തുള്ള തിയറ്ററുകളില്‍ രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ കുട്ടികള്‍ക്കുള്ള ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മലയാളം-തമിഴ് ചിത്രങ്ങളാണ് സൗജന്യമായി പ്രദര്‍ശിപ്പിക്കുക. തിയറ്ററുകള്‍ക്കുള്ള ഓപ്പറേഷനല്‍ എക്‌സ്‌പെന്‍സ് സി.എഫ്.എസ്.ഐ.നല്‍കും.
രാവിലെ 8.45ന് തന്നെ കുട്ടികളെ തിയറ്ററുകളിലെത്തിക്കേണ്ടതും തിയറ്ററുകളില്‍ അച്ചടക്കം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും അതത് സ്‌കൂളധികൃതരുടെ ചുമതലയാണ്. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ അതത് എ.ഇ.ഒമാര്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കും. അഞ്ച് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ചിത്രങ്ങള്‍ കാണാന്‍ അവസരം.
മേളക്ക് മുന്‍പ് പി.ടി.എ യോഗം ചേര്‍ന്ന് രക്ഷിതാക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മേന്മയുള്ള ചലചിത്രങ്ങള്‍ കുട്ടികളെ കാണിക്കേണ്ടതിന്റെ ധാര്‍മികവും സാമൂഹികവുമായ പ്രതിബദ്ധത കണക്കിലെടുത്ത് എല്ലാവരും മേളയുമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കലക്ടറേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വി.എസ്. അഖില, പി. കൃഷ്ണന്‍, തഹസില്‍ദാര്‍മാര്‍, തിയറ്റര്‍ ഉടമകള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."