റോഹിംഗ്യ: ഈ മൗനം കുറ്റകരം തന്നെ
മനുഷ്യാവകാശ സംഘടനകളുടെയും സാംസ്‌കാരിക കൂട്ടായ്മകളുടെയും പെരുപ്പം കാരണം ഓട്ടോറിക്ഷകള്‍ക്കുപോലും സഞ്ചരിക്കാനിടമില്ലാത്ത പൊതുപരിസരത്തു നിന്നാണ് മനുഷ്യക്കശാപ്പ് തുടരുന്ന മ്യാന്‍മറിനെ കുറിച്ചുള്ള അര്‍ഥ ഗര്‍ഭമായ മൗനം അസഹ്യമായ പക്ഷംചേരലായി വിലയിരുത്തപ്പെടുന്നത്.
ഇന്ത്യ, ചൈന, ബംഗ്ലാദേശ്, ലാവോസ്, തായ്‌ലന്റ് എന്നീ രാഷ്ട്രങ്ങള്‍ക്കിടയില്‍ 6,75,553 ചതരുശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മ്യാന്‍മറില്‍ 47 മില്യനിലധികം ജനങ്ങള്‍ അധിവസിക്കുന്നു. 85 ശതമാനം സാക്ഷരത കൈവരിച്ച ഈ കാര്‍ഷിക രാഷ്ട്രത്തില്‍ ബുദ്ധമതാനുയായികളാണ് ഭൂരിപക്ഷവും. 1948ല്‍ ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടി.
1989ല്‍ ബര്‍മയെന്ന പേര് മാറ്റി മ്യാന്‍മര്‍ എന്ന് സ്വീകരിച്ചു. തലസ്ഥാനം റങ്കൂണിന് പകരം യാങ്കൂണ്‍ എന്നാക്കി മാറ്റി. പട്ടാളത്തിന്റെ പിടിയിലമര്‍ന്ന മ്യാന്‍മറില്‍ 1990ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനാധിപത്യ കക്ഷി വിജയം വരിച്ചെങ്കിലും പട്ടാളം പിടിവിട്ടില്ല.
ജനാധിപത്യാവകാശത്തിന് വേണ്ടി സമരം നയിച്ച ഓങ്‌സാന്‍സൂകിക്ക് 1991ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. ദീര്‍ഘകാലം വീട്ടുതടങ്കലില്‍ കിടന്ന സൂകി അവസാനം ഭരണ സിരാകേന്ദ്രത്തില്‍ അവരോധിതയായി. ജനാധിപത്യത്തിന്റെ പുലരി സ്വപ്‌നം കണ്ടവരെ അടിക്കടി സൂകി നിരാശരാക്കി. ചെങ്കോലില്ലാത്ത ഭരണാധിപയായി പട്ടാളത്തിന്റെ നിയന്ത്രണത്തില്‍ അവരവിടെ സുഖാഡംബരത്തോടെ കഴിയുന്നു.
റാഖൈനി പ്രദേശത്തെ മുപ്പത് ലക്ഷത്തിലധികം വരുന്ന മുസ്‌ലിംകള്‍ പട്ടാള ഭരണത്തിലും സൂകി ഭരണത്തിലും മൃഗീയമായി വേട്ടയാടപ്പെടുകയാണ്. നൂറ്റാണ്ടുകളായി ഈ മണ്ണില്‍ പാര്‍ക്കുന്ന മുസ്‌ലിംകളെ ഭരണകൂടം ബോധപൂര്‍വം പാര്‍ശ്വവല്‍ക്കരിച്ച് വളരാനും വികസിക്കാനും അനുവദിക്കാതെ അടിച്ചമര്‍ത്തുകയായിരുന്നു. റോഹിംഗ്യന്‍ ഭാഷ സംസാരിക്കുന്ന വിദ്യാഭ്യാസവും തൊഴിലും ധനവും ഇല്ലാത്ത ഈ പാവപ്പെട്ട ജനവിഭാഗം ചരിത്രത്തിലൊരിടത്തും വായിക്കപ്പെടാത്ത അവഗണനയും മര്‍ദനവും നിരന്തരം നേരിടുന്നു. 1986 മുതല്‍ ഇവര്‍ക്ക് പൗരത്വവും നിഷേധിക്കപ്പെട്ടു. ഭൂമിയിലെവിടെയും ഒരിടം സ്വന്തമായി ഇല്ലാതായ ഈ ഹതഭാഗ്യരെ അന്താരാഷ്ട്ര സമൂഹവും സൗകര്യപൂര്‍വം അവഗണിക്കുകയാണ്.
റോഹിംഗ്യകള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ പട്ടാളവും ബുദ്ധ സന്ന്യാസികളും കൂട്ടം ചേര്‍ന്ന് നടത്തുന്ന കിരാതമായ മനുഷ്യക്കശാപ്പുകള്‍ കണ്ടതായിപ്പോലും പലരും നടിക്കുന്നില്ല. ബുള്‍ഡോസര്‍ ഉപയോഗിച്ച് മനുഷ്യരെ ജീവനോടെ കുഴിച്ചു മൂടുന്നു. സ്ത്രീകളെയും കുട്ടികളെയും അവരുടെ കൂരകളില്‍ പെട്രോളൊഴിച്ച് ചുട്ടെരിക്കുന്നു. ജീവനും കൊണ്ടോടി രക്ഷപ്പെടുന്നവരെ പിന്തുടര്‍ന്ന് പിടികൂടി മൃഗീയമായി വെടിവച്ച് കൊല്ലുന്നു. ബംഗ്ലാദേശിലേക്ക് കടല്‍ കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ കടത്തു വഞ്ചികളില്‍ നിന്ന് പിടിച്ചുവലിച്ച് കടലിലേക്കെറിയുന്നു. കുരുന്നു പൈതങ്ങളെയടക്കം സ്രാവുകള്‍ക്ക് ആഹാരമാക്കുന്നു.
ബലാല്‍ക്കാരവും ബലാത്സംഗവും പട്ടാളത്തിന്റെ നിത്യ പ്രവൃത്തിയായി തീരുന്നു. 2.62 ലക്ഷം റോഹിംഗ്യകള്‍ ബംഗ്ലാദേശിലെത്തിയതായാണ് കണക്ക്. ഇനി അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്ന നിലപാടാണ് ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശിന്റേത്. അതിര്‍ത്തിയില്‍ വിശന്നു വലഞ്ഞു നീന്തി തളര്‍ന്നെത്തുന്ന റോഹിംഗ്യകളെ തിരിച്ചയക്കാന്‍ പട്ടാളം കാത്തുനില്‍ക്കുന്നു.
ഇന്ത്യയിലെത്തിയ നാല്‍പതിനായിരത്തിലധികം വരുന്ന റോഹിംഗ്യകളെ തിരഞ്ഞുപിടിച്ച് നരക ഭൂമിയിലേക്ക് കയറ്റി അയക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മാത്രമാണ് ക്രിയാത്മകമായി ഇടപെട്ട് കാണുന്നത്. അഭയാര്‍ഥി കാംപുകളിലേക്ക് ഇതിനകം രണ്ടു തവണ ഭക്ഷണമെത്തിക്കാന്‍ തുര്‍ക്കി സന്നദ്ധമായി. പട്ടിണിയും പകര്‍ച്ചവ്യാധിയും മര്‍ദനങ്ങളും ബലാത്സംഗങ്ങളും കാരണം റോഹിംഗ്യകള്‍ പറ്റെ അവശരാണ്.
യമനും മലേഷ്യയും ഇന്തോനേഷ്യയും പാകിസ്താനും അപലപിച്ചു മാറി നില്‍ക്കുന്ന കൂട്ടത്തിലാണ്. മാലദ്വീപ് വ്യാപാര ഉടമ്പടിയില്‍ നിന്നു പിന്‍മാറി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യു.എന്‍ പ്രതിനിധി സംഘം മ്യാന്‍മറിലെത്തിയെങ്കിലും ഫലപ്രദമായി ഇടപെടാന്‍ സൂകി ഭരണകൂടം അവസരമൊരുക്കിയിട്ടില്ല. പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടില്ല. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ ഒരു പ്രസ്താവന വന്നതൊഴിച്ചാല്‍ മറ്റൊരു തുടര്‍നടപടിയും ഉണ്ടായതുമില്ല.
'എവരിതിങ് എക്കോണമി' എന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്ലിന്റന്റെ വീക്ഷണത്തിന്റെ മികച്ച ഉദാഹരണമാണ് ചോര ഒഴുകുന്ന മ്യാന്‍മര്‍. എല്ലാം പണത്തെ ആശ്രയിച്ചാണ് നിര്‍ണയിക്കപ്പെടുന്നത്. മ്യാന്‍മറിലെ പാവപ്പെട്ട റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് പണമില്ല. അവരുടെ വന്‍ നിക്ഷേപം ലോകത്തൊരിടത്തുമില്ല. അവര്‍ക്ക് വലിയ ബാങ്ക് ബാലന്‍സുകളുമില്ല. പണിയും ഉടുതുണിയും ഊരും അക്ഷരാഭ്യാസവുമില്ലാത്ത ഈ മുപ്പത് ലക്ഷം മനുഷ്യരെ കശാപ്പുശാലയിലെ മൃഗങ്ങളെയെന്ന പോലെ കൊന്നു തീര്‍ക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരില്‍ അന്താരാഷ്ട്ര സമൂഹം കുറ്റകരമായ മൗനവും നിസ്സംഗതയും തുടരുകയാണ്.
മ്യാന്‍മറിന് അത്യാധുനിക ആയുധങ്ങള്‍ കടല്‍ മാര്‍ഗം എത്തിക്കുമെന്ന് ഇസ്‌റാഈല്‍ പ്രസ്താവിച്ചു കഴിഞ്ഞു. മുസ്‌ലിമിന്റെ നെഞ്ച് പിളര്‍ത്താനുള്ള ആയുധങ്ങള്‍ കയറ്റിയ കപ്പലുകള്‍ അധികം താമസിയാതെ മ്യാന്‍മര്‍ തീരത്തണയും. ഇപ്പോള്‍ തന്നെ ഇസ്‌റാഈല്‍ പ്രതിരോധവകുപ്പിന്റെ നിയന്ത്രണത്തിലും ഉപദേശത്തിലുമാണ് മ്യാന്‍മര്‍ പട്ടാളം പ്രവര്‍ത്തിക്കുന്നത്.
ബ്രിക്‌സ് ഉച്ചകോടി കഴിഞ്ഞ് ഇന്ത്യന്‍ പ്രധാനമന്ത്രി ബീജിങില്‍ നിന്നും മ്യാന്‍മറിലേക്കാണ് പറന്നിറങ്ങിയത്. ഭാരതത്തിന്റെ പാരമ്പര്യം പരിരക്ഷിക്കുന്ന മര്‍ദിതന്റെ പക്ഷത്ത് നില്‍ക്കുന്ന ശബ്ദം നരേന്ദ്രമോദിയില്‍നിന്ന് പ്രതീക്ഷിക്കാനായിരുന്നു ഓരോ ഭാരതീയനും ആഗ്രഹിച്ചത്. സൂകിയെ കണ്ട് റോഹിംഗ്യകളെ വന്യമായി ആക്ഷേപിക്കുന്ന പ്രസ്താവനയാണ് മോദി നടത്തിയത്. രക്തപ്പുഴ നീന്തുന്ന റോഹിംഗ്യകള്‍ക്ക് ഒരാശ്വാസ വാക്കും പറയാതെ മോദി ആര്‍ഭാടപൂര്‍വമായ ഉല്ലാസ യാത്ര പൂര്‍ത്തിയാക്കി. മര്‍ദകര്‍ക്ക് ആശീര്‍വാദമര്‍പ്പിച്ച് പിന്തുണ ഉറപ്പ് നല്‍കി പതിമൂന്ന് കരാറുകളില്‍ ഒപ്പിട്ട് പതിവ് തെറ്റാത്ത തീവ്രവാദ പ്രസ്താവനയിറക്കി ഡല്‍ഹിക്ക് മടങ്ങി.
മനുഷ്യാവകാശങ്ങള്‍ പച്ചയായി പിച്ചിച്ചീന്തുകയും റാഖൈനിലെ നാലുകാലോലപ്പുരകളില്‍ കഴിയുന്ന പാവങ്ങളില്‍ പാവങ്ങളായ റോഹിംഗ്യകളെ വേട്ടയാടിപ്പിടിച്ച് വകവരുത്തുകയും ചെയ്യുന്ന ഭീകരതയ്‌ക്കെതിരേ പ്രതിഷേധം ഉയരേണ്ടതുണ്ട്.
ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഭരണകൂടത്തിന് ധാര്‍മികമായും ഭരണഘടനാപരമായും ബാധ്യതയുണ്ട്. മര്‍ദിതര്‍ക്കൊപ്പം നിന്ന ഇന്ത്യന്‍ പാരമ്പര്യം തമസ്‌കരിച്ച് കൂടാ. അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ നാല്‍പതിനായിരത്തിലധികം വരുന്ന റോഹിംഗ്യകളെ സഹായിക്കാന്‍ നമുക്ക് സാധിക്കണം.
സിലോണ്‍ അഭയാര്‍ഥികളെ കുടിയിരുത്തി സഹായിച്ച ഇന്നലെകള്‍ നമുക്കു മുന്‍പിലുണ്ട്. സുശക്ത രാഷ്ട്രമായ ഭാരതം മ്യാന്‍മര്‍ ഭരണകൂടത്തില്‍ നയതന്ത്ര തലത്തില്‍ സമ്മര്‍ദം ചെലുത്തി റോഹിംഗ്യകളെ രക്ഷപ്പെടുത്തണം. അന്താരാഷ്ട്ര വേദികളിലും ഐക്യരാഷ്ട്ര സഭയിലും ഈ പ്രശ്‌നം സജീവമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യയുടെ അതിവിപുല അന്താരാഷ്ട്ര ബന്ധങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തണം.
പിറന്ന നാട്ടില്‍ പാര്‍ക്കാനും അതിനു കഴിയാതെ വന്നാല്‍ പലായനം ചെയ്യാനും അനുവദിക്കാതെ റോഹിംഗ്യന്‍ മുസ്‌ലിംകളെ കൊന്നുതീര്‍ക്കുന്ന മ്യാന്‍മര്‍ പട്ടാളത്തിന്റെയും ബുദ്ധ സന്ന്യാസി ഭീകരതയുടെയും കാട്ടാളത്തം തടയാന്‍ അന്താരാഷ്ട്ര സമൂഹവും ഇന്ത്യന്‍ ഭരണകൂടവും ഇടപെടേണ്ടതുണ്ട്. വര്‍ത്തമാനത്തിന്റെ നൊമ്പരമായിത്തീര്‍ന്ന ഈ കൊടും വഞ്ചനയ്ക്കും ക്രൂരതയ്ക്കുമെതിരേ 'സുന്നി യുവജന സംഘം' സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്തയുടെ കര്‍മധീരരായ പ്രവര്‍ത്തകര്‍ ഇന്ന് വൈകീട്ട് മൂന്നിന് കോഴിക്കോട്ട് പ്രതിഷേധ മാര്‍ച്ചും സമ്മേളനവും നടത്തുകയാണ്.
നൈതികത ബലാല്‍ക്കാരം ചെയ്തവര്‍ക്കെതിരേ, കൊടുംക്രൂരതകള്‍ കാണാതെ കണ്ണടക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ, കുറ്റവാളികള്‍ക്കൊപ്പം കൂട്ടുകൂടാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്കെതിരേ, അവശേഷിക്കുന്ന സുമനസുകളെ ശരിക്കു വേണ്ടി ശബ്ദിക്കാന്‍ പാകപ്പെടുത്തുകയാണ് ഈ അനുഗ്രഹീത പ്രസ്ഥാനം.
അനീതി വച്ച് പൊറുപ്പിക്കാന്‍ അനുവദിച്ചു കൂടാ. മുസ്‌ലിമും ഹിന്ദുവും ജൂതനും ക്രിസ്ത്യനും ജൈനനും സിഖുകാരനും മതമില്ലാത്തവനുമൊക്കെ മനുഷ്യരാണ്. ഈ ഭൂമിയുടെ അവകാശികളും വിഭവങ്ങളുടെ ഗുണഭോക്താക്കളുമാണ്. അത് നിഷേധിക്കാന്‍ ഒരു ശക്തിയെയും അനുവദിച്ചുകൂടെന്ന് ഉറക്കെ പറയാന്‍ സുന്നി പടയണി കോഴിക്കോട്ട് ഒത്ത് ചേരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."