ഇന്നലെയും ജില്ലക്ക് കറുത്ത ദിനം
കാസര്‍കോട്: കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ ജില്ലയിലുണ്ടായ ദുരന്തങ്ങളില്‍ നിരവധി ആളുകള്‍ മരണപ്പെട്ടതിന് പിന്നാലെ ഇന്നലെ ജനങ്ങളെ ഞെട്ടിച്ച് യുവാവിന്റെ മരണ വാര്‍ത്തയും. ഇന്നലെ പുലര്‍ച്ചെയാണ് ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞു യുവാവ് മരിച്ച വാര്‍ത്ത ജില്ലയെ തേടിയെത്തിയത്.
ബന്ധു വീട്ടില്‍ കല്യാണത്തിന് പോയി തിരികെ ഭാര്യയുമൊത്ത് സീതാംഗോളിയിലെ കട്ടത്തടുക്ക പ്രദേശത്തെ വീട്ടിലേക്കു പോവുകയായിരുന്ന എല്‍.ടി.അബ്ദുല്‍ ഖാദറിന്റെ മകന് മുഹമ്മദ് അമീറാണ് ബൈക്കപകടത്തില്‍ മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ ഇയാളുടെ ഭാര്യ മംഗളൂരുവിലെ ആശുപത്രിയില്‍ ഗുരുതര നിലയില്‍ കഴിയുകയാണ്. ഇതിനിടയില്‍ തന്നെ കഴിഞ്ഞ ദിവസം രാത്രിയോടെ കാസര്‍കോട് അടുക്കത്ത് ബയല് അര് ജാര് റോഡിലെ ഹരീഷ് ചന്ദ്രന്റെ മകന് അര്‍ശിദ് കുമാറെന്ന പത്തൊമ്പതുകാരന് വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മംഗളൂരുവിലെ എന്‍ജിനിയറിങ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അര്‍ഷിദിനെ ഇന്നലെ ക്ലാസ് തുടങ്ങാനുള്ള ദിവസം ആയതിനിടയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉച്ചയോടെ കുമ്പള ആരിക്കാടി പുഴയില്‍ ആരിക്കാടി കടവത്തെ മൊയ്തീന് കുഞ്ഞി ഖദീജ എന്നിവരുടെ മകന് മുനാസ് എന്ന ഇരുപത്തിരണ്ടുകാരനെ കാണാതായ വാര്‍ത്തയാണ് പുറത്തു വന്നത്. ഇയാളോടൊപ്പം തോണിയില്‍ മറ്റു രണ്ടു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും തോണി മറിഞ്ഞതോടെ ഇവര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. മുനാസിന് വേണ്ടി പൊലിസ് അഗ്നിരക്ഷാ സേന, തീരദേശ പൊലിസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."