എം.ബി.ബി.എസിന് സീറ്റ് ലഭിച്ചില്ല; യുവതിയെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തി
ഹൈദരാബാദ്: എം.ബി.ബി.എസ് പ്രവേശനത്തിന് സീറ്റ് കിട്ടിയില്ലെന്ന കാരണത്താല്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് തീ കൊളുത്തി കൊലപ്പെടുത്തി. 25 കാരിയായ ഹരിക കുമാര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവായ ഋഷി കുമാറിനെയും കുടുംബാംഗങ്ങളെയും പൊലിസ് അറസ്റ്റ് ചെയ്തു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ഋഷി കുമാര്‍.
ഹൈദരാബാദിലെ എല്‍.ബി നഗറിലെ കോളനിയില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഹരികയെ തീ കൊളുത്തിയതിന് ശേഷം ഇവരുടെ മാതാവിനെ യുവതി ആത്മഹത്യ ചെയ്തുവെന്ന് ഭര്‍തൃവീട്ടുകാര്‍ വിളിച്ചറിയിച്ചതായി പൊലിസ് പറഞ്ഞു.
അന്വേഷണത്തില്‍ കൊലപാതകമെന്ന് തിരിച്ചറിഞ്ഞതോടെ യുവതിയുടെ ഭര്‍ത്താവിനേയും ഇയാളുടെ മാതാപിതാക്കളേയും അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.
മെഡിക്കല്‍ സീറ്റ് നേടുന്നതിനുള്ള പരിശ്രമത്തിലായിരുന്നു ഹരിക. എം.ബി.ബി.എസ് പ്രവേശനത്തിനു പകരം ബി.ഡി.എസിനാണ് യുവതിക്ക് അഡ്മിഷന്‍ ലഭിച്ചത്. ഇതോടെ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞ് ഹരികയെയും വീട്ടുകാരെയും ഭര്‍തൃവീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
സ്ത്രീധനത്തെ ചൊല്ലി ഹരികയെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായി ഹരികയുടെ മാതാപിതാക്കള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ശേഷം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."