സ്‌കൂള്‍ കലോത്സവം: ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരെ തരംതാഴ്ത്തിയതായി പരാതി
നീലേശ്വരം: സ്‌കൂള്‍ കലോത്സവ നടത്തിപ്പിനുള്ള മാന്വല്‍ പരിഷ്‌ക്കരണത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരെ തരംതാഴ്ത്തിയതായി പരാതി. കലോത്സവത്തിന്റെ സബ്ജില്ലാതല മത്സരങ്ങളുടെ ജനറല്‍ കണ്‍വീനര്‍ സ്ഥാനം പ്രിന്‍സിപ്പല്‍മാരില്‍ നിന്ന് മാറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരെ ഏല്‍പ്പിച്ചതാണ് വിവാദമായിരിക്കുന്നത്. പദവിയിലും ശമ്പള സ്‌കെയിലിലും എ.ഇ.ഒ ക്ക് വളരെ മുകളിലായി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കൊപ്പമാണ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ സ്ഥാനം. എന്നാല്‍ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പരിഷ്‌ക്കരിച്ച മാന്വല്‍ പ്രകാരം ഉപജില്ലാ തല കലോത്സവ നടത്തിപ്പിന്റെ ജനറല്‍ കണ്‍വീനര്‍ സ്ഥാനം എ.ഇ.ഒ ക്കു നല്‍കി അതിനു താഴെയുള്ള ജോയന്റ് കണ്‍വീനര്‍ സ്ഥാനമാണ് പ്രിന്‍സിപ്പലിനു നല്‍കിയിരിക്കുന്നത്. നേരത്തെ എ.ഇ.ഒ നിര്‍വഹിച്ചിരുന്ന കലോത്സവ നടത്തിപ്പിന്റെ ട്രഷറര്‍ സ്ഥാനം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കു കൂടി നല്‍കിയതോടെ, മേള നടക്കുന്ന സ്‌കൂളിലെ മേലധികാരിയായ പ്രിന്‍സിപ്പല്‍ വെറും നോക്കുകുത്തിയായി മാറുമെന്നാണ് ആരോപണം.
ഹയര്‍ സെക്കന്‍ഡറിയിലെ അധ്യാപക സംഘടനകളുമായി കൂടിയാലോചനകളില്ലാതെ പൊതുവിദ്യാഭ്യാസ വകുപ്പിലെ സംഘടനകള്‍ മാത്രം അംഗങ്ങളായ ക്യു.ഐ.പി. യോഗത്തില്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. കലോത്സവങ്ങളുടെ നടത്തിപ്പിനായി ഭീമമായ തുക ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നുമാണ് പിരിച്ചെടുക്കുന്നത്. കൂടാതെ എല്ലാ മേളകളിലും പകുതിയോളം മത്സരാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഉപജില്ലാമേളയുടെ നടത്തിപ്പു ചുമതല അതതു സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരില്‍ നിന്നു മാറ്റി എ.ഇ.ഒ മാര്‍ക്കു നല്‍കുന്ന പുതിയ പരിഷ്‌കരണം ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനവും രാഷ്ട്രീയ പ്രേരിതവും ദുരുദ്ദേശപരവുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഹയര്‍ സെക്കന്‍ഡറി മേഖലയെ അവഹേളിക്കുന്ന ഈ പരിഷ്‌കരണം റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ഹയര്‍ സെക്കന്‍ഡറി വിഭാഗം കലോത്സവ നടത്തിപ്പുമായി നിസ്സഹകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."