പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പന്നര്‍ ഡി.എം.കെ
ന്യൂഡല്‍ഹി: പ്രാദേശിക പാര്‍ട്ടികളില്‍ രാജ്യത്തെ ഏറ്റവും സമ്പന്ന പാര്‍ട്ടി തമിഴ്നാട്ടിലെ ഡി.എം.കെയെന്ന് സന്നദ്ധ സംഘടനയായ അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്.
ഡി.എം.കെയ്ക്കുപിന്നാലെ രണ്ടാം സ്ഥാനത്തുള്ളത് അണ്ണാ ഡി.എം.കെയാണെന്നും സംഘടന നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
2015-16 കാലത്തെ വരവുചെലവ് കണക്കാക്കിയാണ് ഏറ്റവും സമ്പന്നമായ പ്രാദേശിക പാര്‍ട്ടികളെക്കുറിച്ച് പഠനം നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ച 32 പ്രാദേശിക പാര്‍ട്ടികളെയാണ് പഠനത്തിന് വിധേയമാക്കിയിരുന്നത്.
എല്ലാ പ്രാദേശിക പാര്‍ട്ടികളുടെയും വരുമാനത്തില്‍ ഏറ്റവും ഔന്നത്യത്തിലുള്ളത് ഡി.എം.കെയാണെന്നും അവരുടെ വരുമാനം 77.63 കോടി രൂപയാണെന്നുമാണ് പഠനത്തില്‍ പറയുന്നത്. തൊട്ടടുത്ത സ്ഥാനത്തുള്ള അണ്ണാ ഡി.എം.കെയുടെ വരുമാനം 54.938 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് തെലുങ്കുദേശം പാര്‍ട്ടിയാണ്. ഇവരുടെ വരുമാനം 15.978 കോടി രൂപയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അവര്‍ പുറത്തുവിട്ടത്. 32 പ്രാദേശിക പാര്‍ട്ടികളുടെയും മൊത്തം വരുമാനം 221.48 കോടി രൂപയാണ്. ഇതില്‍ 110 കോടിയും ചെലവഴിക്കാത്തതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്.
2015-16ല്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച പാര്‍ട്ടി ജനതാദള്‍(യു)ആണ്. 23.46 കോടി രൂപയാണ് അവര്‍ ചെലവഴിച്ചത്. ഇവര്‍ക്കുപിന്നാലെ 13.10 കോടി രൂപ ചെലവഴിച്ച് രണ്ടാം സ്ഥാനത്തുള്ളത് ടി.ഡി.പിയാണ്. 11.09 കോടി രൂപ ചെലവഴിച്ച് മൂന്നാം സ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."