വെളിപ്പെടുത്തലുമായി കെ. സുധാകരന്‍: ആന്ധ്രാ പൊലിസ് അറസ്റ്റിനെത്തിയപ്പോള്‍ തന്നെ മന്ത്രിമന്ദിരത്തില്‍ ഒളിപ്പിച്ചത് എം.വി.ആര്‍
കണ്ണൂര്‍: സി.പി.എം നേതാവ് ഇ.പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്ര പൊലിസ് അറസ്റ്റു ചെയ്യാന്‍ എത്തിയപ്പോള്‍ തന്നെ മന്ത്രി മന്ദിരത്തില്‍ ഒളിപ്പിച്ച് രക്ഷപ്പെടുത്തിയത് എം.വി രാഘവന്‍ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.
ഇന്നലെ സി.എം.പി സി.പി ജോണ്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ സംഘടിപ്പിച്ച എം.വി.ആര്‍ അനുസ്മരണത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കെ. സുധാകരന്റെ ഈ വെളിപ്പെടുത്തല്‍. ആന്ധ്ര പൊലിസ് എത്തുന്നതായി അന്ന് സഹകരണ മന്ത്രിയായിരുന്ന എം.വി രാഘവന് വിവരം ലഭിച്ചിരുന്നു. ഉടന്‍ എം.വി.ആര്‍ അദ്ദേഹത്തിന്റെ വാഹനത്തില്‍ കയറ്റി തന്നെ ഔദ്യോഗിക വസതിയില്‍ എത്തിച്ചു. രണ്ടു ദിവസം അവിടെ ഒളിവില്‍ കഴിഞ്ഞു.
സംഗതി മണത്തറിഞ്ഞ സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ അവിടെ എത്തിയെങ്കിലും എം.വി.ആര്‍ ചൂടായി സി.ഐയെ ഓടിച്ചുവിടുകയായിരുന്നു. മന്ത്രി മന്ദിരമായതിനാല്‍ അകത്തുകയറി പരിശോധന നടത്താന്‍ പൊലിസ് ധൈര്യപ്പെട്ടില്ല.
എത്ര ദിവസം വേണമെങ്കിലും അവിടെ ഒളിവില്‍ കഴിയാമെങ്കിലും മന്ത്രി മന്ദിരത്തില്‍ ഒളിവില്‍ കഴിയുന്നത് ശരിയല്ലെന്ന് തോന്നിയതിനാല്‍ അവിടെ നിന്നും പോരുകയായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ഒരേ പോലുള്ള മൂന്നു കാറുകള്‍ വരുത്തി അതില്‍ ഒന്നില്‍ കയറിയാണ് താന്‍ പൊലിസിന്റെ കണ്ണുവെട്ടിച്ച് കടന്നതെന്നും സുധാകരന്‍ വെളിപ്പെടുത്തി.
1995 ലാണ് സി.പി.എം നേതാവ് ഇ.പി ജയരാജന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ ആന്ധ്രയിലെ ഓങ്കോളില്‍ വച്ച് വെടിയേല്‍ക്കുന്നത്. ഈ കേസിലെ പ്രതിയായിരുന്ന സുധാകരനെയും എം.വി രാഘവനെയും കോടതി വെറുതെ വിട്ടിരുന്നു.
അതിനിടെ അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെയും സി.പി.എം നേതൃത്വത്തില്‍ രൂപീകരിച്ച എം.വി.ആര്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലും അനുസ്മരണം സംഘടിപ്പിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു.
പരിപാടിയില്‍ എം.വി ആറിന്റെ ഭാര്യ ജാനകിയും എം.വി നികേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."