പഞ്ചാബ് സിംഹം
ബ്രിട്ടീഷ് രാജിനെതിരായ രാഷ്ട്രീയ കരുനീക്കങ്ങളില്‍ പ്രധാനിയായിരുന്ന ലാലാ ലജ്പത് റായി അടുപ്പമുള്ളവര്‍ക്ക് ലാലാജിയായിരുന്നു. പഞ്ചാബിലെ സിംഹം എന്നും ഉണ്ടണ്ടണ്ടായിരുന്നു അദ്ദേഹത്തിന് വിളിപ്പേര്, പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ സ്ഥാപകരിലൊരാളായിരുന്നു അദ്ദേഹം.
സൈമണ്‍ കമ്മീഷനെതിരേ നടത്തിയ സമാധാനപരമായ സമരത്തില്‍ വച്ച് അദ്ദേഹം ക്രൂര മര്‍ദനത്തിനിരയായി. അവശനായ അദ്ദേഹം മൂന്നാഴ്ചയ്ക്കുശേഷം മരണപ്പെട്ടു. എന്റെ ശരീരത്തിലേല്‍ക്കുന്ന ഓരോ പ്രഹരവും, ബ്രിട്ടന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ലാലാജിയുടെ ചരമ ദിനം ഇന്ത്യയില്‍ രക്തസാക്ഷി ദിനമായി ആചരിക്കുന്നുണ്ട്.
ബാല്യകാലം
1865 ജനുവരി 28ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലുള്ള ഡ്യൂഡിക്കില്‍ രാധാ കിഷന്‍ ആസാദിന്റെയും ഗുലാബ് ദേവിയുടെയും മകനായാണ് ലാലാജി ജനിച്ചത്. ഇപ്പോള്‍ ഹരിയാനയില്‍ സ്ഥിതിചെയ്യുന്ന രെവാരി എന്ന സ്ഥലത്തെ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഈ പ്രദേശം മുന്‍പ് പഞ്ചാബിലായിരുന്നു. ഈ സ്‌കൂളിലെ ഉറുദു അധ്യാപകനായിരുന്നു ലാലാജിയുടെ പിതാവ് രാധാ കിഷന്‍.
രാഷ്ട്രീയ പ്രവേശം
ആര്യ സമാജത്തിന്റെ പ്രവര്‍ത്തകനായിരുന്നു ലാലാജി. സമാജത്തിന്റെ മുഖപത്രമായിരുന്ന ആര്യ ഗസറ്റിന്റെ പത്രാധിപരുമായിരുന്നു. ലാഹോറില്‍ നിയമപഠനത്തിനുശേഷമായിരുന്നു അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായി ചേരുന്നത്. നിയമപഠന സമയത്തുതന്നെ, ഹന്‍സ്രാജ്, പണ്ഡിറ്റ് ഗുരുദത്ത് വിദ്യാര്‍ഥി തുടങ്ങിയ സ്വാതന്ത്ര്യസമര പ്രവര്‍ത്തകരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തി. പിന്നീട് സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന പ്രക്ഷോഭങ്ങളില്‍ പഞ്ചാബില്‍ നിന്നുള്ള മുന്നേറ്റങ്ങളെ ലാലാജി നയിച്ചു. 1907മെയില്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ വിചാരണ കൂടാതെ ബര്‍മയിലേക്കു നാടുകടത്തി. പിന്നീട് തെളിവുകളില്ലെന്നു പറഞ്ഞ് വൈസ്രോയി മിന്റോപ്രഭു അദ്ദേഹത്തെ പഞ്ചാബിലേക്കു തിരിച്ചുവരാന്‍ അനുവദിച്ചു.
ബിപിന്‍ ചന്ദ്രപാല്‍, ലാലാ ലജ്പത് റായ്, ബാല ഗംഗാധര തിലകന്‍ ഈ മൂന്നു പേരും കോണ്‍ഗ്രസിലെ തീവ്ര ഇടതു പക്ഷമായി അറിയപ്പെട്ടു. ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിനെതിരേ ശബ്ദമുയര്‍ത്തി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ പാത വെട്ടിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നു മൂന്നുപേരും. അരവിന്ദ ഘോഷ്, സുരേന്ദ്രനാഥ ബാനര്‍ജി, ബിപിന്‍ ചന്ദ്രപാല്‍ എന്നിവരോടൊപ്പം അദ്ദേഹംബംഗാള്‍ വിഭജനത്തിനെതിരേ ശക്തമായി പ്രതിഷേധിച്ചു.
സ്വാതന്ത്ര്യമെന്ന
ജന്മാവകാശത്തിനായി പോരാട്ടം
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വിദേശ ഇന്ത്യാക്കാരുടെ പിന്തുണ ആവശ്യമാണെന്ന് മനസിലാക്കിയ ലാലാജി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളായ ഇന്ത്യക്കാരെ ദേശീയ പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കാന്‍ ശ്രമം തുടങ്ങി. ഈ ലക്ഷ്യത്തിനായി 1914 ഏപ്രിലില്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചു. എന്നാല്‍ ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ഇന്ത്യയിലേക്ക് തിരികെ വരാന്‍ കഴിഞ്ഞില്ല. യാത്ര അമേരിക്കയിലേക്ക് മാറ്റി. അവിടെ ഇന്ത്യന്‍ ഹോം ലീഗ് സൊസൈറ്റി ഓഫ് അമേരിക്ക സ്ഥാപിക്കുന്നതില്‍ മുന്‍കൈയെടുത്തു. അവിടെവച്ച് യങ് ഇന്ത്യ എന്നൊരു പുസ്തകം രചിച്ചു.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചുള്ള നിശിത വിമര്‍ശനമായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. പുറത്തിറങ്ങുന്നതിനു മുന്‍പേ ഇന്ത്യയിലും ബ്രിട്ടനിലും പുസ്തകം നിരോധിക്കുകയുണ്ടായി.1920ല്‍ ഒന്നാം ലോക മഹായുദ്ധം അവസാനിച്ച ശേഷമാണ് ലാലാജി ഇന്ത്യയിലേക്ക് തിരികെ വന്നത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്കെതിരേ നടന്ന സമരങ്ങളിലും, നിസഹകരണ പ്രസ്ഥാനത്തെ പഞ്ചാബില്‍ ശക്തിപ്പെടുത്താനും അദ്ദേഹം മുന്നില്‍ നിന്നു.
അന്ത്യം
ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ 1928ല്‍ സര്‍ ജോണ്‍ സൈമന്റെ നേതൃത്വത്തില്‍ ഒരു കമ്മിഷനെ നിയോഗിച്ചു. കമ്മിഷനില്‍ ഒരു ഇന്ത്യാക്കാരന്‍ പോലും അംഗമായിരുന്നില്ല, ഇക്കാരണത്താല്‍ സൈമണ്‍ കമ്മിഷനെ ബഹിഷ്‌കരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചു. കമ്മിഷനെതിരേ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു.
1928 ഒക്ടോബര്‍ 30ന് കമ്മിഷന്‍ ലാഹോര്‍ സന്ദര്‍ശിച്ചപ്പോള്‍, ലാലാ ലജ്പത് റായിയുടെ നേതൃത്വത്തില്‍ സമാധാന ജാഥ സംഘടിപ്പിച്ചു. ജാഥക്കെതിരേ ലാത്തിച്ചാര്‍ജ് നടത്താന്‍ പൊലിസ് സൂപ്രണ്ട് ജെയിംസ്.എ.സ്‌കൗട്ട് ഉത്തരവിട്ടു. ലാത്തിച്ചാര്‍ജില്‍ ലാലാജിക്ക് ക്രൂരമായ മര്‍ദനമേറ്റു. തുടര്‍ന്ന് ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായി. പൊലിസ് മര്‍ദനത്തില്‍ നിന്നേറ്റ മുറിവുകള്‍ അദ്ദേഹത്തിന്റെ മരണത്തിലാണൊടുങ്ങിയത്. 1928 നവംബര്‍ 17ന് അദ്ദേഹം അന്തരിച്ചു. സൂപ്രണ്ടിന്റെ മര്‍ദനത്തെത്തുടര്‍ന്നാണ് ലാലാജി ഗുരുതരാവസ്ഥയിലായതെന്നും, ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും രാഷ്ട്രീയ നേതാക്കള്‍ ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ പരാതി നല്‍കിയെങ്കിലും അവര്‍ പരാതി തള്ളിക്കളയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."