ബുള്ളറ്റിന്റെ ശബ്ദം മാറ്റല്ലേ..പണി കിട്ടും
നാദാപുരം: പുകക്കുഴല്‍ മാറ്റി ശബ്ദവ്യതിയാനം നടത്തി നഗരത്തിലൂടെ ചീറിപ്പായുന്ന ബുള്ളറ്റ് ബൈക്കുകള്‍ക്കെതിരേ നടപടിയുമായി പൊലിസ് രംഗത്ത്. ഇത്തരത്തില്‍ ഓടുന്ന നിരവധി ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ പൊലിസ് പിടികൂടി നടപടി ആരംഭിച്ചു. അടുത്തകാലത്ത് റോഡില്‍ ഇറങ്ങിയ യുവാക്കളുടെ ഇഷ്ടവാഹനമായി മാറിയ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളാണ് വ്യാപകമായ രീതിയില്‍ ശബ്ദവ്യതിയാനം വരുത്തി റോഡിലൂടെ ഓടുന്നത്. ശബ്ദമലിനീകരണം കൂടിയ സാഹചര്യത്തിലാണ് ഇവ പിടികൂടാന്‍ പൊലിസ് തീരുമാനിച്ചത്.
ശബ്ദവ്യതിയാനം നടത്തുന്നതിനായി 1500 രൂപ മുതല്‍ 4750 വരെ വിലയുള്ള പുകക്കുഴലുകള്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകളില്‍ ലഭ്യമാണ്. വന്‍ലാഭം ലഭിക്കുന്നതിനാല്‍ കച്ചവടക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയുമാണ്. ഇത്തരം വ്യാജ പുകക്കുഴലുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ പൊലിസ് സ്റ്റേഷനിലെത്തിച്ച് ഒറിജിനല്‍ ഘടിപ്പിച്ച ശേഷമാണ് ഉടമകള്‍ക്ക് നല്‍കുന്നത്. ഇത്തരം വാഹനങ്ങള്‍ക്കെതിരേയുള്ള നടപടി എല്ലാ ദിവസവും തുടരുമെന്ന് നാദാപുരം പൊലിസ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."