വീതംവച്ച ശേഷം അധികമുള്ള സീറ്റുകള്‍ കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനങ്ങള്‍ക്ക്
കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് രണ്ടാം വാരത്തിലേക്ക് കടന്നതിന് ശേഷം പുതിയ ഹജ്ജ് നയം കേന്ദ്ര ഹജ്ജ് കമ്മിറ്റി ഔദ്യോഗികമായി പുറത്തിറക്കി. പുതിയ നയത്തിലെ ചില തീരുമാനങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രിം കോടതിയെ സമീപിച്ചതിന് ശേഷമാണ് ഹജ്ജ് പോളിസി ഇന്നലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഔദ്യോഗികമായി പുറത്തിറക്കിയത്.
ഹജ്ജ് പോളിസി പുനരവലോകന സമിതിയുടെ ശുപാര്‍ശപ്രകാരം തയാറാക്കിയ ഹജ്ജ് നയത്തിന് നവംബര്‍ 10ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അംഗീകാരം നല്‍കിയിരുന്നുവെങ്കിലും പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിനു പകരം 2018ലെ ഹജ്ജ് അപേക്ഷ ക്ഷണിക്കുന്നതിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ് പുറത്ത് വിട്ടിരുന്നത്.
മുന്‍വര്‍ഷം വരെ നേരിട്ട് അവസരം നല്‍കിവരുന്ന അഞ്ചാം വര്‍ഷക്കാരെ ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്തും കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് സര്‍വിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കേരളം സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കേരളത്തിന് പിറകെ ഇതര സംസ്ഥാനങ്ങളും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് ഔദ്യോഗികമായി ഇന്നലെ പുതിയ ഹജ്ജ്‌നയം പുറത്തിറക്കിയത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതിന് ശേഷം ബാക്കിവരുന്ന സീറ്റുകള്‍ കൂടുതല്‍ അപേക്ഷകരുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും പുതിയ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ഹജ്ജ്‌നയം അനുസരിച്ചാണ് ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷ തയാറാക്കിയിട്ടുളളത്. അപേക്ഷ സ്വീകരിക്കുന്നത് കഴിഞ്ഞ 15 മുതല്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10ന് തന്നെ ഹജ്ജ് പോളിസി തയാറാക്കിയിരുന്നതായാണ് ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനങ്ങളെ അറിയിച്ചത്.
2022 വരെയുള്ള നയ പ്രകാരം കേരളത്തിന്റെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നെടുമ്പാശ്ശേരിയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 21 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ കൊച്ചി ഉള്‍പ്പെടെ പത്തിടങ്ങളില്‍ എംബാര്‍ക്കേഷന്‍ പോയിന്റ് മാറ്റാന്‍ അവസരമില്ല.
എന്നാല്‍, മറ്റു 11 എംബാര്‍ക്കേഷന്‍ പോയിന്റുകളിലുള്ളവര്‍ക്ക് യാത്രാ നിരക്ക് കുറഞ്ഞ പോയിന്റ് പ്രയോജനപ്പെടുത്താനാകും. ഹജ്ജ് അപേക്ഷയില്‍ രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റ് ചേര്‍ക്കാനുള്ള അനുമതിയുണ്ട്.
നിലവില്‍ അനുവദിച്ച ക്വാട്ടയില്‍ 70 ശതമാനം സംസ്ഥാനങ്ങള്‍ക്കും 30 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുമാണ് നല്‍കുക. കൂടുതല്‍ അപേക്ഷകള്‍ പ്രതീക്ഷിക്കുന്ന കേരളത്തിന് ഈ തീരുമാനം മുതല്‍ കൂട്ടാവും. ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് അടുത്ത മാസം 7നാണ് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."