ലൈഫ്മിഷന്‍ പദ്ധതിക്ക് പുതിയ മാര്‍ഗരേഖ
കൊണ്ടോട്ടി:സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ഭവനപദ്ധതിയായ ലൈഫ്മിഷന് തയാറാക്കിയ പട്ടിക മൂന്നായി തരംതിരിച്ച് അന്തിമ ഗുണഭോക്താക്കളെ കണ്ടെത്താന്‍ നിര്‍ദേശം. മൂന്ന് തലത്തിലുളള പട്ടിക സംയോജിപ്പിച്ചാണ് ഗുണഭോക്തക്കളെ കണ്ടത്തേണ്ടത്. കുടുംബശ്രീ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച പട്ടിക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭിച്ച അപ്പീലുകള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച പുതുതായി ഉള്‍പ്പെടുത്തിയവരെയും ഒഴിവാക്കിയവരെയും ഉള്‍ക്കൊള്ളിച്ച അപ്പീല്‍ പട്ടിക, ജില്ലാ കലക്ടര്‍തലത്തില്‍ പരിശോധിച്ച ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച രണ്ടാംഘട്ട അപ്പീല്‍ പട്ടിക എന്നീ പട്ടികകള്‍ സംയോജിപ്പിച്ചാണ് തദ്ദേശ സ്ഥാപനങ്ങള്‍ ലൈഫ്മിഷന് അര്‍ഹതയുളളവരുടെ അന്തിമപട്ടിക തയാറാക്കേണ്ടത്.
ഗുണഭോക്തൃ പട്ടിക ഗ്രാമസഭയില്‍ ചര്‍ച്ച ചെയ്ത് പോരായ്മകള്‍ നികത്തിവേണം അര്‍ഹരെ കണ്ടെത്താനെന്നാണ് നിര്‍ദേശം. വാര്‍ഡ്തലത്തില്‍ പട്ടിക തയാറാക്കുമ്പോള്‍ ക്ലേശഘടകങ്ങള്‍ കൂടുതലുളള ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കണം. ഇതിനു ശേഷമാണ് ക്ലേശഘടകങ്ങളില്ലാത്ത ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കേണ്ടത്. ഇതിനായി ഗ്രാമസഭ വിളിച്ചു ചേര്‍ക്കാനുള്ള അറിയിപ്പ് 10 ദിവസം മുന്‍പ് നല്‍കണം. ഗ്രാമസഭ നോട്ടിസിനൊപ്പം വാര്‍ഡിലെ ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ പട്ടികയും വിതരണം ചെയ്യണം.
ഗ്രാമസഭയില്‍ ഗുണഭോക്താക്കളുടെ പട്ടിക അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അനര്‍ഹര്‍ കടന്നുകൂടാതിരിക്കാന്‍ കര്‍ശന നിര്‍ദേശമുണ്ട്. ഗുണഭോക്താക്കളില്‍ ക്ലേശഘടകങ്ങളില്‍ പെട്ടവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതോടൊപ്പം ഇവര്‍ സമര്‍പ്പിച്ച രേഖകളുടെ വിശ്വാസ്യതയും പരിശോധിക്കണം. എട്ട് ഘടകങ്ങളായാണ് ക്ലേശഘടങ്ങളായ ഗുണഭോക്തക്കാളെ തരംതിരിച്ചത്. ഇതില്‍ കൂടുതല്‍ ക്ലേശം അനുഭവിക്കുന്നവര്‍ക്കാണ് മുന്‍ഗണന.സര്‍വേ സമയത്ത് തെറ്റായ വിവരം നല്‍കി ഗുണഭോക്തൃ ലിസ്റ്റില്‍ കയറിയവരെ ഗ്രാമസഭയില്‍ കണ്ടെത്തി തഴയണം. ഇവരുടെ ശരിയായ വിവരങ്ങള്‍ എഴുതിച്ചേര്‍ത്ത് താഴേത്തട്ടിലേക്ക് മാറ്റും. ക്ലേശഘടകങ്ങളല്ലാത്ത ഗുണഭോക്താക്കളെ സ്‌കോര്‍ ഷീറ്റ് തയാറാക്കി മാര്‍ക്ക് അടിസ്ഥാനത്തില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം.
പട്ടികയില്‍ നിന്ന് ഗുണഭോക്താക്കളെ നീക്കം ചെയ്യുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും നിര്‍ദേശങ്ങളുണ്ട്.ഒരാളെ ഒഴിവാക്കാനുള്ള കാരണം ഗ്രാമസഭകളിലെ മിനുട്‌സില്‍ വ്യക്തമാക്കണം. വീടും മൂന്നുലക്ഷത്തിന് മുകളില്‍ വാര്‍ഷികവരുമാനവുമുള്ളവരെ ഒഴിവാക്കണം.ഒഴിവാക്കിയവരുടെ പട്ടിക തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ പരിശോധിക്കണം. പട്ടികയില്‍ ഗുണഭോക്താവിനെ കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ ഇതും പ്രത്യേകം എഴുതിച്ചേര്‍ക്കണം. ഗ്രാമസഭകളില്‍ ആക്ഷേപങ്ങളില്ലാത്തവരെയാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ഗുണഭോക്താവായി പരിഗണിക്കേണ്ടത്. അഞ്ചുവര്‍ഷം കൊണ്ട് എല്ലാവര്‍ക്കും വീട് എന്ന സര്‍ക്കാറിന്റെ സ്വപ്‌നപദ്ധതിയാണ് ലൈഫ് മിഷന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."