അട്ടപ്പാടിയിലെ കാറ്റാടി വൈദ്യുത പദ്ധതിയ്ക്ക് അനുമതി
തിരുവനന്തപുരം: അട്ടപ്പാടിയിലെ അഗളി പഞ്ചായത്തില്‍ എട്ട് മെഗാവാട്ട് ശേഷിയുളള കാറ്റാടി വൈദ്യുതപദ്ധതി നടപ്പാക്കാന്‍ എന്‍.എച്ച്.പി.സി. ലിമിറ്റഡിന് വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയിലുളള ആദിവാസികളുടെ പൂര്‍ണസമ്മതം വാങ്ങേണ്ടതാണ്. കെ.എസ്.ഇ.ബി.യുമായി കൂടിയാലോചിച്ച് എന്‍.എച്ച്.പി.സി. നിരക്ക് തീരുമാനിക്കണം. ഈ പദ്ധതിയില്‍ നിന്നുളള വരുമാനത്തിന്റെ അഞ്ച് ശതമാനം കാറ്റാടി മില്ലുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭൂമിയുടെ ഉടമകളായ ആദിവാസികള്‍ക്ക് കെ.എസ്.ഇ.ബി മുഖേന നല്‍കേണ്ടതാണ്.
മറ്റ് മന്ത്രസഭാ തീരുമാനങ്ങള്‍
- സാങ്കേതികസര്‍വകലാശാലാ നിയമത്തില്‍ ഭേദഗതി
എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ജനാധിപത്യവല്‍ക്കരണം ലക്ഷ്യമിട്ട് സര്‍വകലാശാലാ നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഭേദഗതി അനുസരിച്ച് സെനറ്റില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിനിധികളും ഉണ്ടാകും. സെനറ്റിലെ ആറ് വിദ്യാര്‍ത്ഥി പ്രതിനിധികളില്‍ ഒരാള്‍ വനിതയും ഒരാള്‍ പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുളള വിദ്യാര്‍ത്ഥിയുമായിരിക്കും.
ഓര്‍ഡിനന്‍സ് നിയമമാകുമ്പോള്‍ മറ്റ് സര്‍വകലാശാലകളിലെപോലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫിനാന്‍സ് കമ്മിറ്റി, പ്ലാനിംഗ് കമ്മിറ്റി, വിദ്യാര്‍ത്ഥി കൗണ്‍സില്‍ എന്നിവ രൂപീകൃതമാകും. നിലവിലുളള നിര്‍വാഹക സമിതിക്കു പകരം ഇനി സിന്‍ഡിക്കേറ്റായിരിക്കും. സിന്‍ഡിക്കേറ്റില്‍ വിദ്യാര്‍ത്ഥി പ്രതിനിധിക്ക് പ്രാതിനിധ്യമുണ്ടാകും. വിദ്യാര്‍ത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിയെ സര്‍ക്കാരിന് നാമനിര്‍ദേശം ചെയ്യാവുന്നതാണ്. സാങ്കേതികസര്‍വകലാശാലയുടെ ജനാധിപത്യവല്‍ക്കരണം വിദ്യാര്‍ത്ഥികളുടെയും അധ്യാപക സമൂഹത്തിന്റെയും ദീര്‍ഘകാലമായുളള ആവശ്യമാണ്.
- ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അദ്ധ്യാപകരുടെ വിരമിക്കല്‍ തീയതി അക്കാദമിക്ക് വര്‍ഷത്തിന്റെ അവസാനം വരെ നീട്ടുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.
- ഇടുക്കി ജില്ലയിലെ മൂന്ന് ആയുവേദ ആശുപത്രികളില്‍ ഏഴ് ആയുര്‍വേദ തെറാപ്പിസ്റ്റ് (ഗ്രേഡ് 2) തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പാറേമാവ്, കല്ലാര്‍, തൊഴുപുഴ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്.
- സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെ കാര്‍ഷിക വിഭാഗം ചീഫ് ആയി വിരമിച്ച ഡോ. രാജശേഖരനെ സംസ്ഥാന കാര്‍ഷിക വിലനിര്‍ണയ ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനിച്ചു.
- മയക്കുമരുന്നു ദുരുപയോഗം സംബന്ധിച്ച് പഠനം നടത്തുന്നതിന് എക്‌സൈസ് വകുപ്പില്‍ ഒരു ഗവേഷണ, റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കും.
- സ്വകാര്യസ്ഥാപനങ്ങളില്‍നിന്ന് ഉള്‍പ്പെടെ വിവിധ ധനകാര്യ ഏജന്‍സികളില്‍ നിന്ന് മത്സ്യതൊഴിലാളികള്‍ എടുത്ത വായ്പയുടെ തിരിച്ചുപിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മൊറോട്ടോറിയത്തിന്റെ കാലാവധി 2018 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.
- കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ വീടുമാറുന്നവര്‍ക്ക് അനുവദിക്കുന്ന വാടക 5000 രൂപയില്‍നിന്ന് 8750 രൂപയായി വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി. ഇതിന് മുന്‍കാല പ്രാബല്യമുണ്ടായിരിക്കില്ല.
- സിംഗിള്‍ ജഡ്ജിയുടെ സാമ്പത്തിക അധികാര പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് നാല്‍പത് ലക്ഷം രൂപയായി ഉയര്‍ത്താന്‍ കേരള ഹൈക്കോടതി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. നിര്‍ദ്ദിഷ്ട ഭേദഗതി അനുസരിച്ച് മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രിബ്യൂണല്‍ പാസാക്കുന്ന നഷ്ടപരിഹാര തുക മാനദണ്ഡമാക്കാതെ അതിേന്മേലുളള അപ്പീല്‍ കേല്‍ക്കാന്‍ സിംഗിള്‍ ജഡ്ജിക്ക് അധികാരം നല്‍കും.
- 1988 ബാച്ചിലെ നാല് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് പരിശോധനാ സമിതി ശുപാര്‍ശ ചെയ്ത പാനല്‍ അംഗീകരിച്ചു. റ്റി.കെ. ജോസ്, ഗ്യാനേഷ് കുമാര്‍, ഡോ. ആഷാ തോമസ്, ടിക്കാറാം മീണ എന്നിവരെയാണ് പാനലില്‍ ഉള്‍പെടുത്തിയത്. ഒഴിവു വരുന്ന മുറയ്ക്ക് പാനലില്‍നിന്നും നിയമനം നല്‍കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."