ദിനകരന്‍പക്ഷത്തെ അഞ്ച് എം.പിമാര്‍ ഔദ്യോഗിക പക്ഷത്തേക്ക്
കോയമ്പത്തൂര്‍: ദിനകരന്‍ പക്ഷത്തെ അഞ്ച് എം.പിമാര്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷത്തേക്ക്. അണ്ണാ ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഔദ്യോഗിക പക്ഷത്തിനു അനുവദിച്ചുകിട്ടിയതോടെയാണ് ഈ മറുകണ്ടം ചാടലുണ്ടായത്. എം.പിമാര്‍ക്ക് പിന്നാലെ പല നേതാക്കളും പക്ഷം മാറാന്‍ തുടങ്ങിയിട്ടുണ്ട്.
എം.പിമാരായ വിജില സത്യാനന്ദ്, കോകുല കൃഷ്ണന്‍, നവനീത കൃഷ്ണന്‍, വാസന്തി മുരുകന്‍, കോവൈ നാഗരാജ് എന്നിവരാണ് പളനിസാമി പക്ഷത്തേക്ക് മാറിയത്. അവശേഷിക്കുന്ന ഏതാനും എം.പിമാരും ദിനകരന്‍ പക്ഷം വിടാനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. പാര്‍ട്ടി ചിഹ്നമായ രണ്ടില നഷ്ടപ്പെട്ടതിനുപിന്നാലെ എം.പിമാരുടെ മറുകണ്ടംചാട്ടം ദിനകരന് കനത്ത ആഘാതമാണ് ഏല്‍പിച്ചിരിക്കുന്നത്.
ദിനകരപക്ഷത്ത് 37 എം.എല്‍.എമാര്‍ ഉണ്ടായിരുന്നെങ്കിലും ഇതില്‍ 19 പേര്‍ പിന്നീട് എടപ്പാടി പളനിസ്വാമി പക്ഷത്തേക്ക് കൂറുമാറിയിരുന്നു. തുടര്‍ന്ന് ബാക്കിയുണ്ടായിരുന്ന 18 എം.എല്‍.എമാര്‍ എടപ്പാടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി കാണിച്ച് ഗവര്‍ണര്‍ക്ക് കത്തു നല്‍കാനിരിക്കേ സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് എം.എല്‍.എമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
അതിനിടെ ആദായനികുതി വിഭാഗം ദിനകരന്റെയും ശശികലയുടെയും മറ്റ് സഹായികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുകയും അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ ദിനകരപക്ഷത്തെ പല പ്രമുഖ നേതാക്കളുടെയും ആത്മവീര്യം ചോര്‍ന്നു. നിലവില്‍ ശശികലയും ദിനകരനും പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."