തൊണ്ടയില്‍ കുരുങ്ങുന്ന മംഗളവചസ്സുകള്‍
വിടപറയുന്ന 2017നും അങ്ങകലെ ചക്രവാളത്തില്‍ പിറവിയെടുക്കുന്ന 2018നും ഇടയിലിരുന്നു വീണ്ടുവിചാരം നടത്താനൊരുങ്ങവേ ഓര്‍ക്കുകയോ ക്ഷണിക്കുകയോ ചെയ്യാതെ മനസ്സിലേക്കു കടന്നുവന്നത് 'അശാന്തിപര്‍വ'മെന്ന കവിതയിലെ വരികളായിരുന്നു. കാരുണ്യത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും ഏറെ എഴുതുകയും പറയുകയും ചെയ്ത പ്രിയകവി ഒ.എന്‍.വി 1986 ഡിസംബറില്‍ എഴുതിയതാണ് മനസ്സില്‍ നീറ്റലുണ്ടാക്കുന്ന ആ കവിത.
കവിത മനസ്സില്‍ നിറഞ്ഞുനില്‍ക്കെ, 'അശാന്തിപര്‍വം' എഴുതപ്പെട്ട കാലത്തെയും ഇക്കാലത്തെയും രാഷ്ട്രീയ, സാമൂഹ്യാവസ്ഥയെക്കുറിച്ചു വെറുതെയൊന്നു താരതമ്യം ചെയ്തുനോക്കി. കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെയും ലോകത്തെയും രാഷ്ട്രീയ, സാമുദായിക, സാമൂഹ്യാവസ്ഥ ആ താരതമ്യത്തിന്റെ ഭാഗമായി.
1986 എന്നെപ്പോലുള്ളവരുടെ യൗവനാരംഭത്തിന്റെ കാലമാണ്. അന്നു ലോകരാജ്യങ്ങളില്‍ പലയിടത്തും അസ്വാസ്ഥ്യങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിരുന്നുവെന്നതു സത്യം. ഇന്ത്യയിലും സാമുദായിക തീവ്രവാദികളും രാഷ്ട്രീയത്തിലെ അഴിമതിക്കാരും പെരുകിവരുന്നുണ്ടായിരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവു വര്‍ധിക്കുന്നുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറെക്കാലം സംഹാരതാണ്ഡവമാടുകയും 1984 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തില്‍ എത്തിനില്‍ക്കുകയും ഖലിസ്ഥാന്‍ ഭീകരവാദവും 1984ല്‍ തന്നെ സംഭവിച്ച അതിക്രൂരമായ സിഖ് കൂട്ടക്കൊലയും മനഃസാക്ഷിയെ നടുക്കിയ സംഭവങ്ങളായിരുന്നു.
എങ്കിലും പ്രതീക്ഷ കൈവിടാതിരിക്കാനുള്ള പ്രകാശത്തുരുത്തുകള്‍ എവിടെയൊക്കെയോ ഉണ്ടായിരുന്നു. പോയകാലത്തിനോടു വിടപറയുന്ന വേളയില്‍ പിറക്കാനിരിക്കുന്ന പുതുവര്‍ഷം സമ്പല്‍സമൃദ്ധിയുടേതും സാഹോദര്യത്തിന്റേതും സാമുദായികമൈത്രിയുടേതുമാകട്ടെയെന്നു പ്രതീക്ഷാപൂര്‍വം ആശംസിക്കാന്‍ കഴിയുമായിരുന്നു. ഞങ്ങളൊക്കെ അങ്ങനെ ആശംസിച്ചവരാണ്.
എന്നിട്ടും, ദീര്‍ഘദര്‍ശിയായ കവിക്ക് അക്കാലത്തു 'അശാന്തിപര്‍വം' എഴുതേണ്ടിവന്നു. മറവി അനുഗ്രഹമായി കരുതുന്ന സമൂഹം, പോയകാലത്തിലെ, സമീപഭൂതകാലത്തിലെപ്പോലും മനുഷ്യത്വരഹിതമായ സംഭവങ്ങളെ അറിഞ്ഞുകൊണ്ടുതന്നെ വിസ്മരിക്കുകയാണെന്നും നിസ്സഹായരായ സമൂഹത്തിന് അതേ നിര്‍വാഹമുള്ളൂവെന്നും കവി ആ കവിതയിലൂടെ പറയാതെ പറയുകയായിരുന്നു. വിടപറയുന്ന 2017 ലേയ്‌ക്കൊരു തിരിഞ്ഞുനോട്ടം നടത്തിയപ്പോള്‍ ആദ്യം തോന്നിയത് 'അശാന്തിപര്‍വം' എന്ന ശീര്‍ഷകം ഏറെ യോജിക്കുക ഈ വര്‍ഷത്തിനാണെന്നാണ്.
2016ന്റെ അന്ത്യദിനങ്ങളില്‍ നമ്മില്‍ പലരും എത്ര പ്രതീക്ഷയോടെയാണ് അന്നത്തെ പുതുവത്സരമായ 2017 നെ എതിരേറ്റത്. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും വാട്‌സാപ്പിലൂടെയും തുരുതുരാ വന്ന പുതുവത്സരാശംസകളില്‍ പലതും ഓര്‍മയില്‍ തെളിയുന്നു. എത്ര പ്രതീക്ഷാനിര്‍ഭരമായ വാക്കുകളായിരുന്നു! ടെലിവിഷന്‍ സ്‌ക്രീനില്‍ തെളിഞ്ഞ വിവിധ രാജ്യങ്ങളിലെ പുതുവത്സരാഘോഷ പരിപാടികള്‍ എത്ര ഹൃദയഹാരിയായിരുന്നു! തൊട്ടടുത്തെത്തിയ പുതുവര്‍ഷം തങ്ങളുടെ ജീവിതത്തില്‍ ശോഭനമായ അധ്യായം എഴുതിച്ചേര്‍ക്കുമെന്ന പ്രതീക്ഷ ഓരോ മുഖത്തും പ്രകടമായിരുന്നു.
എന്നിട്ടും 2017 നമുക്കു സമ്മാനിച്ചതെന്ത്.
ഇന്നൊരു കണക്കെടുപ്പു നടത്തുമ്പോള്‍ എത്രയെത്ര ക്രൂരസംഭവങ്ങളാണ് അക്കമിട്ടു നിരത്താനാകുന്നത്. വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചതു മാട്ടിറച്ചിയാണെന്ന് ആരോപിച്ചു മുഹമ്മദ് അഖ്‌ലാഖിനെ വെട്ടിക്കൊന്നത് രണ്ടുവര്‍ഷം മുമ്പാണ്. ലോകം മുഴുവന്‍ അപലപിച്ച ആ സംഭവംപോലൊന്ന് 2017 ലെങ്കിലും ആവര്‍ത്തിക്കരുതെന്നു നാമെല്ലാം പ്രാര്‍ത്ഥിച്ചിരുന്നു.
എന്നാല്‍, അതുപോലെ എത്രയെത്ര സംഭവങ്ങള്‍ ഈ വര്‍ഷം ആവര്‍ത്തിച്ചു. ജുനൈദ് എന്ന വിദ്യാര്‍ഥിയെ ട്രെയിനിലിട്ടു കുത്തിക്കൊന്നത് 2017 ജൂണ്‍ 27 നാണ്. ആ കുട്ടി ഒരാള്‍ക്കെതിരേയും അക്രമത്തിനു തുനിഞ്ഞിരുന്നില്ല. ആരോടും വാക്കുതര്‍ക്കത്തിനു പോയിരുന്നില്ല. ഖുര്‍ആന്‍ മനഃപാഠമാക്കുന്ന പരീക്ഷയില്‍ വിജയിച്ചതിനു മാതാവു കൊടുത്ത സമ്മാനത്തുകയുപയോഗിച്ചു പുതുവസ്ത്രം വാങ്ങി സഹോദരങ്ങള്‍ക്കൊപ്പം വീട്ടിലേയ്ക്കു പോകുകയായിരുന്നു.
ഈ ഡിസംബറിന്റെ തുടക്കത്തില്‍ ബംഗാള്‍ സ്വദേശിയായ യുവാവിനെ ലൗജിഹാദ് ആരോപിച്ചു രാജസ്ഥാനില്‍ വെട്ടിവീഴ്ത്തി ജീവനോടെ ചുട്ടുകൊന്നു. ഈ കുറിപ്പെഴുതുന്നതിനു തൊട്ടുമുമ്പത്തെ ദിവസങ്ങളിലാണു കണ്ണൂരിലും തിരുവനന്തപുരത്തുമായി രണ്ടു രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ തമ്മില്‍ തുടര്‍ച്ചയായ വെട്ടിപ്പരിക്കേല്‍പ്പിക്കല്‍ മത്സരം നടത്തിയത്. വെട്ടിയവര്‍ ഇരുപാര്‍ട്ടികളുടെയും ഗുണ്ടകളാണെങ്കില്‍ വെട്ടുകൊണ്ടവര്‍ സമാധാനജീവിതം കൊതിച്ച സാധാരണക്കാര്‍. കൈയും കാലുമൊക്കെ വെട്ടിമാറ്റിയശേഷം പിന്നീടു തുന്നിച്ചേര്‍ക്കാന്‍ പറ്റാത്തവിധം മണലിലിട്ടു ഉരച്ചാണു ക്രൂരത നടപ്പാക്കുന്നത്.
തങ്ങള്‍ പറയുന്നത് അംഗീകരിച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നുപരസ്യമായി പറയാന്‍ മടിയില്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു സാമുദായിക, രാഷ്ട്രീയ ഭ്രാന്തന്മാര്‍. കാട്ടാളത്തത്തിന്റെ ഈ ചങ്കൂറ്റം അടുത്തകാലത്താണു രൂപം കൊണ്ടത്. പണ്ട്, സാമുദായികവിരോധം പുറത്തുകാണിക്കാതെ നിഗൂഢമായാണ് അത്തരം ശക്തികള്‍ പ്രകടിപ്പിച്ചിരുന്നത്.
ഇന്നു സ്ഥിതി അതല്ല. ഏതു കുത്സിതപ്രവൃത്തിയും മനഃസാക്ഷിക്കുത്തില്ലാതെ നടപ്പാക്കാനും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും മടിയില്ലാത്തവരായിരിക്കുന്നു നമ്മള്‍. രാജസ്ഥാനില്‍ യുവാവിനെ ചുട്ടുകൊന്ന സംഭവം മൊബൈലില്‍ പകര്‍ത്തി നാടുനീളെ അയച്ച് ആഘോഷിക്കാന്‍ നമുക്കു മടിയില്ല. അതിനെ ന്യായീകരിക്കാന്‍ പാര്‍ലമെന്റിലെയും നിയമസഭകളിലെയും ജനപ്രതിനിധികള്‍ തയാറാകുകയും ചെയ്യുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ണൂരിലെ പാനൂര്‍ പ്രദേശത്തു നിത്യേന വെട്ടുംകുത്തുമായിരുന്നു. വെട്ടേറ്റവരില്‍ രണ്ടു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍. ക്രൂരമായ രീതിയിലാണ് ഓരോരുത്തരെയും വെട്ടിനുറുക്കിയത്. മരിച്ചില്ലെന്നു മാത്രം. ജീവിച്ചിട്ടു കാര്യമില്ലാത്ത അവസ്ഥ. എന്നിട്ടും, ഇരുവിഭാഗത്തിന്റെയും നേതാക്കള്‍ സ്വന്തം അണികളെ അക്രമത്തില്‍നിന്നു പിന്തിരിപ്പിച്ചില്ല. പകരം, മറുപക്ഷക്കാര്‍ ഇക്കാലമത്രയും നടത്തിയ അക്രമത്തിന്റെ കഥ വിവരിച്ചു രസിക്കുകയായിരുന്നു. സമാധാനചര്‍ച്ചകള്‍ ഒരു വശത്തു നടന്നുകൊണ്ടിരിക്കുമ്പോള്‍ മറുപക്ഷത്തു കൂടുതല്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നു.
ലോകതലത്തില്‍ സമാധാനാന്തരീക്ഷം തീര്‍ത്തും ഇല്ലാതാക്കാന്‍ പുതിയ അവതാരമായി ഡൊനാള്‍ഡ് ട്രംപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. തന്റെ മുന്‍ഗാമികളെയെല്ലാം ബഹുദൂരം പിന്നിലാക്കി അദ്ദേഹം ക്രൂരതയുടെ പര്യായമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ജറുസലമിന്റെ നെഞ്ചില്‍ ചവിട്ടി ഈ മേഖലയിലാകെ അസ്വാസ്ഥ്യം സൃഷ്ടിച്ചിരിക്കുന്നു.
'അശാന്തിപര്‍വ'ത്തില്‍ കവി കുറിച്ചപോലെ, വിഹ്വലതകളും സംഭ്രമസംത്രാസങ്ങളും വിശ്വാസത്തകര്‍ച്ചയും വംശാഹന്തയും വംശവിച്ഛേദവിധിയന്ത്രത്തിരിപ്പിന്‍ കാര്‍ക്കശ്യവും നാരീജന്മദുരിതങ്ങളുമെല്ലാം ഓരോവര്‍ഷം പിന്നിടുമ്പോഴും അതിഭീകരമായി പെരുകിവരികയാണ്. ഡല്‍ഹിയിലെ നിര്‍ഭയ പീഡനക്കൊല സംഭവത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു ഞെട്ടിയ ഇന്ത്യ വിലപിച്ചത് 'ഇനി ഇത് ആവര്‍ത്തിക്കരുതേ'യെന്നായിരുന്നെങ്കില്‍ പിന്നീട് സൗമ്യയിലൂടെയും ജിഷയിലൂടെയും അത് ആവര്‍ത്തിച്ചു. ഇനിയാര്, ഇനിയെന്ന് എന്ന ഭീതി നിറഞ്ഞ ചോദ്യത്തിനു മുന്നിലാണ് ഇന്ത്യയിലെ സ്ത്രീത്വം.
പുതുവത്സരത്തെ വരവേല്‍ക്കുന്ന വേളയില്‍ അശുഭചിന്ത പാടില്ലെന്നാണു പറയുക. അതിനാല്‍, കവി പാടിയപോലെ 'നമുക്കു ശുഭവത്സരം നേര്‍ന്നു പിരിയാം', 'സഹജാതര്‍ തന്‍ മൊഴി സംഗീതമായിത്തോന്നും നാള്‍വരു'മെന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
എങ്കിലും, അതിനാവുന്നില്ലല്ലോ.
കവി പറഞ്ഞപോലെ 'മംഗളവചസ്സ് തൊണ്ടയില്‍ കുരുങ്ങു'കയാണല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."