കടത്തിൽ മുങ്ങിക്കുളിച്ച് ബൈജൂസ്; 8000 കോടി നഷ്ടത്തിൽ, മൂല്യം കുത്തനെ താഴോട്ട്
കടത്തിൽ മുങ്ങിക്കുളിച്ച് ബൈജൂസ്; 8000 കോടി നഷ്ടത്തിൽ, മൂല്യം കുത്തനെ താഴോട്ട്
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ട് അപ് എഡ് ടെക് സ്ഥാപനമായ ബൈജൂസിന്റെ 2021-2022 സാമ്പത്തിക വർഷത്തിലെ നഷ്ടം എട്ടായിരം കോടി കടന്നു. കമ്പനിയുടെ ഓപ്പറേഷണൽ റവന്യൂ 2,428 കോടി രൂപയില്‍ നിന്ന് 118 ശതമാനം വര്‍ധിച്ച് 5,298 കോടി രൂപയായി. എന്നാല്‍ നഷ്ടം 4,564 കോടി രൂപയില്‍ നിന്ന് 8,245 കോടി രൂപയായി വര്‍ധിച്ചു. 22 മാസത്തെ കാത്തിരിപ്പിനൊടുവിൽ കമ്പനികാര്യ മന്ത്രാലയത്തിന് നൽകിയ സാമ്പത്തിക റിപ്പോർട്ടിലാണ് നഷ്ടക്കണക്കുകളുള്ളത്.
ബൈജൂസിന്റെ മൊത്തം സാമ്പത്തിക ബാധ്യതകൾ 2020-21 ലെ 3,116 കോടി രൂപയിൽ നിന്ന് 2021-22ൽ 17,678 കോടി രൂപയായി ഉയർന്നതായി ഓഡിറ്റർ അഭിപ്രായപ്പെട്ടു. വിദേശത്ത് നിന്ന് കടമെടുത്ത ₹8,828.65 കോടി ഉൾപ്പെടെയുള്ള ‘കറന്റ് ഇതര ബാധ്യതകൾ’ ഇതിൽ ഉൾപ്പെടുന്നു. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൽ ബൈജുവിന്റെ 2021-22 ഫയലിംഗിന്റെ ഭാഗമായി, “ഈ സംഭവങ്ങളും വ്യവസ്ഥകളും കമ്പനിയുടെ തുടരാനുള്ള കഴിവിൽ കാര്യമായ സംശയം ഉളവാക്കുന്നു,” ഓഡിറ്റർ അഭിപ്രായത്തിൽ പറഞ്ഞു.
അതേസമയം, സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് ഏകദേശം 830 കോടി രൂപ വായ്പയെടുക്കാന്‍ ബൈജൂസ് ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. പുതിയ ഓഹരികളിറക്കി അടുത്ത മാസം നിക്ഷേപം തേടുമെന്നാണ് അറിയുന്നത്. കമ്പനിയുടെ മൂല്യം വെറും 16,000 കോടി രൂപ കണക്കാക്കിയാകും ഫണ്ടിംഗ് നേടുകയെന്നാണ് വിവരം. 2022ന്‍റെ അവസാനം വരെ ഏകദേശം 1.82ലക്ഷം കോടി രൂപ മൂല്യം കണക്കാക്കിയിരുന്ന കമ്പനിയാണ് ബൈജൂസ്.
നേരത്തെ ബൈജൂസിന് വലിയ തിരിച്ചടി നൽകി ആഗോള ടെക് നിക്ഷേപകരായ പ്രോസസ്, ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണിൽ താഴെയായി കുറച്ചിരുന്നു. 2022 ജൂലൈയിൽ 22.5 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്. അതിൽ നിന്ന് 86% കുറവാണ് വരുത്തിയത്. കടക്കെണിയിലായതോടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബൈജു രവീന്ദ്രൻ തന്‍റെ വീട് പണയപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ബെംഗളൂരുവിൽ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകൾ, എപ്സിലോണിലെ അദ്ദേഹത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന വില്ല എന്നിവ 12 മില്യൺ ഡോളർ കടം വാങ്ങാൻ ഈട് നൽകിയതായാണ് റിപ്പോർട്ട്.
എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒമ്പത് കമ്പനികളെ വാങ്ങിയതിന് ശേഷം 2022-23 ൽ രണ്ട് ഏറ്റെടുക്കലുകൾ നടത്തിയതായും കമ്പനി അതിന്റെ നഷ്ടം കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ബൈജൂസ് പറഞ്ഞു. ഈ ഒമ്പതിൽ രണ്ട് കമ്പനികളും മോശം പ്രകടനമാണ് കാഴ്ചവെച്ചത്, വൈറ്റ്ഹാറ്റ് ജൂനിയറിലും ഓസ്മോയിലും കമ്പനി കൂടുതൽ നിക്ഷേപം നടത്തുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."