അവരുടെ മണ്ണ് കയ്യേറി, കുടിയിറക്കി ഇപ്പോഴിതാ അവരുടെ തൊണ്ട നനക്കാനുള്ള ഇറ്റ് വെള്ളം പോലും തടയുന്നു; ഗസ്സയിലേക്കുള്ള സഹായ ട്രക്കുകള്‍ കടത്തിവിടാതെ ജൂത കുടിയേറ്റക്കാര്‍
അവരുടെ മണ്ണ് കയ്യേറി, കുടിയിറക്കി ഇപ്പോഴിതാ അവരുടെ തൊണ്ട നനക്കാനുള്ള ഇറ്റ് വെള്ളം പോലും തടയുന്നു; ഗസ്സയിലേക്കുള്ള സഹായ ട്രക്കുകള്‍ കടത്തിവിടാതെ ജൂത കുടിയേറ്റക്കാര്‍
ടെല്‍ അവീവ്: അവരുടെ മണ്ണ് കയ്യേറി. ഒരായുസ്സിന്റെ അധ്വാനഫലമായ അവരുടെ വീടുകളില്‍ നിന്ന് കുടിയിറക്കി. തെരുവുകളിലും അഭയാര്‍ഥി ക്യാംപുകളിലുമാക്കി. അവര്‍ക്കുള്ളതെല്ലാം ഓരോന്നോരാന്നായി തകര്‍ത്തു. അഭയംതേടിയ തെരുവുകളും ക്യാംപുകളും ചോരക്കളമാക്കി. എങ്ങും പോവാനില്ലാത്ത വിധം തലചായ്ക്കാനൊരിടം പോലുമില്ലാത്ത വിധം ഒരു ജനതയെ ശൂന്യരാക്കി. അവരുടേതായതെല്ലാം കവര്‍ന്നെടുത്തു. ഇപ്പോഴിതാ വിശന്നെരിയുന്ന ദാഹത്താല്‍ വലയുന്ന പതിനായിരങ്ങള്‍ക്കായെത്തിയ ഒരിറ്റു നീര്‍ത്തുള്ളി പോലും തടയുകയാണ് ജൂതകുടിയേറ്റക്കാര്‍.
അഷ്‌ദോദ് പോര്‍ട്ടില്‍ ഇസ്‌റാഈലികള്‍ ട്രക്കുകള്‍ തടഞ്ഞ് പരിശോധിക്കുന്നതിന്റെയും ഗസ്സയിലേക്കൊഴിച്ചുള്ളവയെ മാത്രം കടത്തിവിടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
"I am the master of this land; you're a slave here." A Jewish settler assaults Palestinian truck workers, preventing them from delivering food aid from Ashdod port to Gaza. pic.twitter.com/kHvK0JmjLG
— Quds News Network (@QudsNen) February 1, 2024
ഗസ്സയിലേക്കുള്ള സഹായങ്ങളുടെ വലിയ അളവോളം ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ തടയുകയാണെന്ന് യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഗുരുതരമായ ആരോപണം. ഗസ്സ മുനമ്പിലേക്കുള്ള അവശ്യ സാധനങ്ങളുടെ നീക്കം നിസാര കാരണങ്ങള്‍ പറഞ്ഞ് ഇസ്‌റാഈല്‍ തടയുകയാണെന്ന് യു.എന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള അടിയന്തര നടപടികളുണ്ടാവണം. നിലവില്‍ ഖാന്‍ യൂനിസിലേക്കും മധ്യ ഗസ്സയിലേക്കും വടക്കന്‍ ഭാഗങ്ങളിലേക്കുമുള്ള സഹായനീക്കം പാടെ നിലച്ച മട്ടാണ് പ്രസ്താവന വ്യക്തമാക്കുന്നു. യുദ്ധം അനന്തമായി നീളുന്നതിനിടെ ആക്രമണങ്ങളെ തുടര്‍ന്ന് സ്വന്തം വീട് ഒഴിയേണ്ടി വന്ന ഏതൊരു ഫലസ്തീനിക്കും അവിടേക്ക് തന്നെ തിരിച്ചുപോവാനുള്ള അവകാശം അന്താരാഷ്ട്ര നിയമങ്ങള്‍ വകവച്ചു നല്‍കുന്നുണ്ടെന്നും ഗ്രിഫിത്‌സ് കൂട്ടിച്ചേര്‍ത്തു.
കുടിക്കാനും മറ്റു ദൈനംദിന ആവശ്യങ്ങള്‍ക്കുമായുള്ള ശുദ്ധജലത്തിന്റെ കുറവ് ഫലസ്തീനികളെ മരണക്കയത്തിലേക്ക് തള്ളിവിടുന്നതായി ലോകാരോഗ്യ സംഘടനയും കുറ്റപ്പെടുത്തി. ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയില്‍ യു.എന്നിന് കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) ഗസ്സയിലേക്ക് അടിയന്തര മാനുഷിക സഹായനീക്കത്തിന് വഴിയൊരുക്കണമെന്ന് ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടിട്ടും അനുകൂല നടപടികളുണ്ടാവാത്തതാണ് ഡബ്ല്യു.എച്ച്.ഒയുടെയും എതിര്‍പ്പിന് കാരണമായത്. 'ഗസ്സയിലെ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുകയാണ്, ലോകം അവരെ മരണത്തിലേക്ക് തള്ളിവിടുകയാണ്' ഡബ്ല്യു.എച്ച്.ഒ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. പോഷകാഹാരങ്ങളുടെ കുറവും അസൗകര്യങ്ങളുടെ നടുവില്‍ ടെന്റുകളിലെയും അഭയാര്‍ഥി ക്യാംപുകളിലെയും നരകജീവിതവും അതിശൈത്യവും ഫലസ്തീനികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ ദ്രുതഗതിയില്‍ പടര്‍ന്നുപിടിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും റയാന്‍ കൂട്ടിച്ചേര്‍ത്തു. ഗസ്സയിലെ ആരോഗ്യ സംവിധാനം നിലനിര്‍ത്തുന്നതിന് കടുത്ത വെല്ലുവിളികളാണ് നേരിടുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസും വ്യക്തമാക്കി. തെക്കന്‍ ഗസ്സയിലെ നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സില്‍ ആകെ ഒരു ആംബുലന്‍സ് മാത്രമാണുള്ളതെന്നും ടെഡ്രോസ് പറഞ്ഞു. ഖാന്‍ യൂനിസില്‍ 30,000ത്തോളം പേര്‍ ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതം പേറുകയാണെന്ന് ഫലസ്തീനിയന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ അധിനിവേശം 118 ദിവസം പിന്നിടുന്നതിനിടെ ആകെ മരണസംഖ്യ 27,000 കടന്നിരിക്കുകയാണ്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."