പരല്‍ച്ചിരി
ജലീല്‍ പരവരി
പരല്‍മീനുകള്‍ ചിരിക്കാറുണ്ടോ
എന്നൊക്കെ ചോദിക്കുമ്പോള്‍
പലവേള മറുപടിയില്ലാതെ
ഞാനുഴലുമ്പോഴും അതിലോലമായ്
പെയ്‌തൊഴിയും മഴപോലഭിനയിച്ച-തി
തീവ്രമാം ഭയവിഹ്വലതയില്‍
ഓടിയൊളിക്കാന്‍ പരുവപ്പെടുത്തിയിട്ടെന്നെ
മരീചികത്തണലോളം വട്ടത്തില്‍
ഉപേക്ഷിക്കുവതോ ന്യായം...
എങ്കിലതിലൊരു വരിയിലെങ്കിലു-
മൊരുതരിയോളമെന്നെ വരച്ചിടുക
നിലാവു പോലുമിറങ്ങാത്ത
മുന്തിരിത്തോപ്പിനടിയില്‍
എന്‍വെട്ടവുമെന്‍ ശ്വാസവു-
മൊരുയിത്തിരിയോളമലിവിന്നായ്
കൈകൂപ്പിയതും, തണുത്തുറഞ്ഞു
തനുവശേഷിക്കാത്ത ശിലാവസ്ഥയില്‍
ഊക്കോടെയെത്തിയ
വിളിശബ്ദത്തിന്നുത്തരമായ്
എല്ലാം ഒരു ചിറകടിയിലൊടുക്കി
ഘനീഭവിച്ചവസാനിപ്പിച്ച
ദേശാടനാരംഭം, യാത്രാരഹിതതയിലൂടെ
ശയനത്തിലേക്കുകയറി കുമ്പിട്ടിരുന്നു
നേരവും കാലവും കൊളുത്തിക്കീറി
വാക്കുകളുടെ സത്യാരാഹിത്യത്തിന്റെ
ഓര്‍മപ്പെടുത്തലുകളുമായി
കളംനിറഞ്ഞാടിയോര്‍
ഒഴിഞ്ഞവയറോ, അതിന്‍ഹേതുവോ
ഒന്നുമല്ലിന്നിന്‍ പ്രശ്‌നമെന്നാര്‍ത്തു
പിന്നെയും രാവിരുണ്ടുകരുവാളിച്ചു
പകലിരന്നു നടന്നുകൊണ്ടേയിരുന്നു,
തിരിച്ചുവരാനാവാത്തത്ര ദൂരെ നിന്നും
അസാധ്യമെന്നറിയാമായിരുന്നിട്ടും
ഒരരുവി മേലോട്ടൊഴുകാന്‍
പെടാപ്പാടുപെടുന്നതുകണ്ട്, അതില്‍
നീന്തിത്തുടിക്കുന്ന പരല്‍മീനുകള്‍
ആര്‍ത്തുചിരിച്ചുച്ചൂളിയിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."