പടന്നക്കടപ്പുറം സ്‌കൂളിലെ സംഘര്‍ഷം വിദ്യാര്‍ഥികള്‍ മണിക്കൂറുകളോളം മുള്‍മുനയില്‍
തൃക്കരിപ്പൂര്‍: പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ അരങ്ങേറിയ സംഘര്‍ഷവും ഒടുവില്‍ വിദ്യാര്‍ഥികളെ ബന്ദിയാക്കലുമുണ്ടാക്കിയ നടുക്കവും ഭീതിയും കാരണം മണിക്കൂറുകളോളം പെണ്‍കുട്ടികളടങ്ങുന്ന വിദ്യാര്‍ഥികള്‍ മുള്‍മുനയിലായിരുന്നു. സംഘര്‍ഷം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്‌കൂളിലെത്തിയ പൊലിസ് പിന്നീട് കുട്ടികളെ മോചിപ്പിക്കാന്‍ കൂടുതല്‍ പൊലിസിനെയും രണ്ടു പൊലിസ് ബസുകളും എത്തിക്കുകയായിരുന്നു. നീലേശ്വരം സി.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍, ചന്തേര അഡീഷണല്‍ എസ്.ഐ ടി.പി ശശിധരന്‍, ചീമേനി എസ്.ഐ ശ്രീധരന്‍, നീലേശ്വരം അഡീഷണല്‍ എസ്.ഐ രാജശേഖരന്‍ എന്നിവരാണു കുട്ടികളെ മോചിപ്പിച്ചു രണ്ടു ബസുകളിലായി വിവിധ കേന്ദ്രങ്ങളിലെത്തിച്ചത്.
സ്‌കൂളില്‍ ഇടക്കിടെ ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ പി.ടി.എ ഇടപെടാത്തതാണു സംഘര്‍ഷം വളരാന്‍ കാരണമാകുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ബാഹ്യ ശക്തികളുടെ ഇടപെടലാണ് സംഭവം വഷളാക്കുന്നതെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം മദ്യപിച്ച് സ്‌കൂളിലെത്തിയ യുവാവ് ക്ലാസ് മുറിയില്‍ കയറി ബഹളമുണ്ടാക്കിയിരുന്നു. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചെങ്കിലും സ്റ്റേഷനില്‍ ഒത്തുതീര്‍പ്പ് നടത്തി കാര്യത്തിന്റെ ഗൗരവം ഇല്ലാതാക്കിയെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."