മുത്വലാഖ് നിയമം മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ പറ്റില്ലെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: മുത്വലാഖ് ചൊല്ലിയ കേസില്‍ ആരോപണ വിധേയനായ വ്യക്തിക്കു മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ പാടില്ലെന്നു സുപ്രിംകോടതി.
മുന്‍കൂര്‍ ജാമ്യം അനുവദിക്കുംമുന്‍പ് പരാതിക്കാരിയുടെ വാദംകൂടി കേള്‍ക്കണമെന്നും കോടതി പറഞ്ഞു. മുത്വലാഖ് നിരോധന നിയമപ്രകാരം ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യല്‍ അനുവദനീയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മുത്വലാഖ് നിയമപ്രകാരം കേരളാ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ഭര്‍ത്താവും ഭര്‍തൃമാതാവും സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നോര്‍ത്ത് പരവൂര്‍ പൊലിസില്‍ മുത്വലാഖ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസാണ് വിധിക്ക് ആധാരം. ഭാര്യയുമായി അകന്നുകഴിയുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. കേസില്‍ ഹൈക്കോടതി ഭര്‍ത്താവിനും ഭര്‍തൃമാതാവിനും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഇതിനെതിരേ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നതു പോലെ മുത്വലാഖ് കേസിലെ പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പരാതിക്കാരിക്കു നോട്ടിസ് അയച്ച ശേഷം പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമോയെന്ന് തീരുമാനിക്കാന്‍ കോടതിക്ക് അധികാരമുണ്ട്. എന്നാല്‍, മുത്വലാഖ് നിയമത്തിലെ 7 (സി) പ്രകാരം ഭര്‍ത്താവിനെതിരേ മാത്രമേ കേസ് നിലനില്‍ക്കൂ. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
2016 മെയ് മാസത്തില്‍ മുസ്‌ലിം വ്യക്തിനിയമപ്രകാരം വിവാഹിതരായെങ്കിലും 2017 മുതല്‍ ഭാര്യയുമായി അകന്നു കഴിയുകയാണെന്നായിരുന്നു ഭര്‍ത്താവ് സുപ്രിം കോടതിയില്‍ വ്യക്തമാക്കിയത്. തനിക്കെതിരേ പള്ളി കമ്മിറ്റിക്കു നല്‍കിയ പരാതിയില്‍ സ്ത്രീധന പീഡനം നടത്തിയതായി യുവതി ആരോപിച്ചിരുന്നില്ല. മുസ്‌ലിം വ്യക്തിനിയമപ്രകാരം മുത്വലാഖ് ചൊല്ലാതെതന്നെ തനിക്കു രണ്ടാമത് വിവാഹം കഴിക്കാന്‍ അവകാശമുണ്ട്. ഈ അവകാശം വിനിയോഗിച്ചാണ് 2020 ഓഗസ്റ്റില്‍ രണ്ടാമത് വിവാഹം കഴിച്ചതെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മുത്വലാഖ് ചൊല്ലാത്തതിനാല്‍ മുത്വലാഖ് നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ഭര്‍ത്താവിനോട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി സ്ഥിരം ജാമ്യത്തിന് അപേക്ഷിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ഭര്‍ത്താവിനു ജാമ്യം അനുവദിച്ചു.
ഭര്‍തൃമാതാവിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. ഭര്‍ത്താവിനും മാതാവിനും വേണ്ടി അഭിഭാഷകന്‍ ഹാരിസ് ബീരാനും യുവതിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ചിദംബരേഷ്, അഭിഭാഷകന്‍ ഹര്‍ഷാദ് ഹമീദ് എന്നിവരും ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."