HOME
DETAILS
MAL
ഉപരോധം അവസാനിപ്പിച്ചതോടെ ഗൾഫിൽ ആഹ്ലാദം അണപൊട്ടി; തെരുവുകളില്‍ ആരവങ്ങള്‍
backup
January 05 2021 | 16:01 PM
ദോഹ: മൂന്നര വർഷങ്ങൾ നീണ്ട ഖത്തർ ഉപരോധം പിൻവലിച്ച് ഖത്തർ - സഊദി കര, വ്യോമ, സമുദ്ര അതിർത്തികൾ തുറന്ന വാർത്തകൾ പുറത്തുവന്നതോടെ ഗൾഫ് ജനത ഒന്നടങ്കം ആഹ്ലാദം അടക്കാനാവാതെ തെരുവിലിറങ്ങി. ബഹിഷ്ക്കരണത്തിൻ്റെ പ്രയാസം ഏറ്റവും അധികം അനുഭവിച്ച ഖത്തർ ജനത പ്രത്യേകിച്ചും വാഹനങ്ങളിൽ ഗൾഫ് രാജ്യങ്ങളുടെയും ഭരണാധികാരികളുടെയും പതാകകൾ വീശി സംഗീതത്തിൻ്റെ അകമ്പടിയിൽ ആർത്തുല്ലസിച്ചു.
രാത്രി കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ തക്ബീർ മുഴക്കിയാണ് സ്വാഗതം ചെയ്തത്. നഗരത്തിൽ ഊരുചുറ്റിയ യുവാക്കൾ അർധരാത്രി വരെ തെരുവുകൾ സജീവമാക്കി. ഖത്തരികൾ നടത്തിയ ആഹ്ളാദ പ്രകടനങ്ങളുടെ ദൃശ്യങ്ങളുടെ വീഡിയോകളും ക്ലിപ്പുകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി.
സഊദിയിലും മറ്റു ഗൾഫു രാജ്യങ്ങളിലും ആഹ്ലാദം അലയടിച്ചു. ഖത്തർ സഊദി അതിർത്തി തുറന്നതോടെ ജോർദ്ദാനിൽ നിന്നു ഖത്തറിലേക്കുള്ള ഖത്തർ എയർവെയ്സ് വിമാനം റൂട്ടു മാറ്റി സഊദിയിൽ പ്രവേശിച്ചു. സഊദിയിലെ അറാർ, റഫ്ഹ, ഹഫർ, അൽബാത്തിൽ നഗരങ്ങൾക്ക് മുകളിലുടെ ദോഹയിലേക്ക് പറന്നത് കൗതുകമായി. നേരത്തെ സഊദിയിൽ നിന്നകന്നു ഇറാഖു വഴി ഇറാൻ മേഖലയ്ക്ക് സമീപം ഗൾഫ് ഉൾക്കടലിനു മുകളിലൂടെ വളഞ്ഞു ദോഹയിലെക്ക് പ്രവേശിക്കുകയായിരുന്നു. ഖത്തർ എയർവെയ്സ് അപ്രതീക്ഷിതമായി സഊദി മേഖലയിൽ പ്രവേശിച്ചു പറക്കുന്ന ചിത്രം പുറത്തുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."