അമേരിക്കന്‍ പ്രതിവിപ്ലവത്തില്‍ പഠിക്കാനുള്ളത്
ഫാസിസം പരാജയപ്പെട്ട വിപ്ലവത്തിന്റെ സൂചികയാണെന്ന് പറഞ്ഞത് ജര്‍മന്‍ ചിന്തകനായ വാള്‍ട്ടര്‍ ബെന്യാമിനാണ്. ഫാസിസവും വിപ്ലവവും രണ്ടും മനുഷ്യരിലെ ഊര്‍ജത്തെ ഉപയോഗപ്പെടുത്തുന്നെന്ന് കണ്ടാല്‍ പലയിടത്തും ഒരു പോലെ തോന്നിക്കുമെന്നത് രാഷ്ട്രീയചരിത്രത്തിലെ പ്രധാന ഉള്‍ക്കാഴ്ചയാണ്. 2011 ല്‍ അമേരിക്കയിലെ രൂക്ഷമായ സാമ്പത്തിക അസമത്വത്തിനെതിരേ നടന്ന പ്രക്ഷോഭത്തിന്റെ പേര് Occupy Walstlreet (വാള്‍സ്ട്രീറ്റിനെ കൈവശപ്പെടുത്തുക) തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപ് അനുകൂലികള്‍ കാപിറ്റോള്‍ ബില്‍ഡിങ്ങില്‍ പ്രയോഗത്തില്‍ കൊണ്ടുവന്നതാണോ. കണ്ടാല്‍ വിപ്ലവം പോലെയുള്ളതുകൊണ്ട് നമുക്ക് ഇതിനെ അമേരിക്കന്‍ പ്രതിവിപ്ലവം എന്ന് വിളിക്കാം.
ഡൊണാള്‍ഡ് ട്രംപ് എന്ന പ്രസിഡന്റ് പല നിലയ്ക്കും അമേരിക്കന്‍ ജനാധിപത്യവ്യവസ്ഥയ്ക്ക് പുറത്തുനിന്നുള്ളയാളായിരുന്നു: ഒരു പ്രസിഡന്റിനും പറയാന്‍ പറ്റാത്ത ഭാഷയില്‍ അദ്ദേഹം സംസാരിച്ചു. ട്വീറ്റ് ചെയ്തു. അമേരിക്കന്‍ പൊതുമണ്ഡലത്തില്‍ ദശകങ്ങള്‍കൊണ്ട് ഉണ്ടാക്കിയെടുത്ത ഭാഷയുടെ അന്തസിനെ പൂര്‍ണമായും തള്ളിക്കളഞ്ഞു. കുടിയേറ്റക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ തികച്ചും വംശീയമായ രീതിയില്‍ സംസാരിച്ചുപോന്ന ട്രംപ് താന്‍ ജയിച്ച തെരഞ്ഞെടുപ്പ് അടക്കം കള്ളവോട്ടുകള്‍ നടന്ന തെരഞ്ഞെടുപ്പാണെന്ന് പറയുകയും ട്വീറ്റ് ചെയ്യുകയും ചെയ്ത, ഇപ്പറഞ്ഞതിലൊന്നും യാതൊരു ധാര്‍മിക പ്രശ്‌നവും തോന്നാത്തയാളാണ്. എങ്ങനെയാണ് ഇത്രയും മാന്യതയില്ലാത്ത, തികച്ചും സ്വാര്‍ഥനും അഹങ്കാരിയുമായ ഒരാളെ ജനാധിപത്യരാഷ്ട്രം സഹിക്കേണ്ടി വന്നത്? യുദ്ധവ്യാപാരികളും എണ്ണതാല്‍പര്യങ്ങളും ഒരു ശതമാനം മുതലാളിമാരുടെ താല്‍പര്യങ്ങളും ഭരിച്ചുവരുന്ന, കറുത്തവര്‍ഗക്കാരുടെ അടിമവല്‍ക്കരിക്കപ്പെട്ട അധ്വാനത്തിന്റെ പുറത്തു കെട്ടിപ്പൊക്കിയ രാജ്യമാണ് എന്നത് എല്ലാം ഇരിക്കെത്തന്നെ അമേരിക്കപോലെ ഒരു രാജ്യത്തു ആരും പ്രതീക്ഷിച്ചതല്ല ഇത്തരം ഒരു ലഹളയുടെ അന്തരീക്ഷം. പിന്നെ എങ്ങനെ അത് സംഭവിച്ചു?
ഒന്നാമത്തെ പ്രശ്‌നം ഡൊണാള്‍ഡ് ട്രംപിന്റെ അഹങ്കാരവും സ്വാര്‍ഥതയും നിറഞ്ഞ രീതികളെ അനുവദിച്ച സാമൂഹിക, വിദ്യാഭ്യാസ സംസ്‌കാരമാണ്. എല്ലാവരും അവനവനുവേണ്ടി അവനവന്റെ മാത്രം സുഖത്തിനുവേണ്ടി അഹംഭാവത്തോടെ കൊട്ടിഘോഷിക്കുന്നതിനെ ആത്മവിശ്വാസമെന്നു വിളിക്കുന്ന ജോലി - വിദ്യാഭ്യാസ മൂല്യവ്യവസ്ഥ നാമുണ്ടാക്കി. ഓരോരുത്തരും മിടുക്കരാവണമെന്നും മിടുക്കു വിളിച്ചു പറയണമെന്നുമുള്ള ഒരവസ്ഥയുടെ രാഷ്ട്രീയപ്രതിഫലനം മാത്രമാണ് ഡൊണാള്‍ഡ് ട്രംപ്. അവിടെ രാഷ്ട്രീയധാര്‍മികതക്ക് യാതൊരു വിലയുമില്ല.
സൂക്ഷിച്ചും ശ്രദ്ധിച്ചും വാക്കുപയോഗിക്കേണ്ടി വന്ന പ്രസിഡന്റുമാരുടെ ഇടയിലേക്ക് (അവരെല്ലാവരും പല താല്‍പര്യങ്ങളുടെയും ഉപകരണങ്ങളായിരുന്നു എങ്കിലും) എല്ലാത്തിനെയും തട്ടിത്തെറിപ്പിച്ചുകൊണ്ടു വന്ന ഒരാളായി ട്രംപ്. അമേരിക്കന്‍ പ്രതിവിപ്ലവത്തിന്റെ ഒരര്‍ഥത്തിലുള്ള വക്താവ്. തങ്ങള്‍ അമേരിക്കയിലേതാണെന്നല്ല; അമേരിക്ക തങ്ങളുടേതെന്ന് വിചാരിച്ചയാളുകളുടെ രാഷ്ട്രീയപ്രകാശനം.
ആളുകളുടെ സാമ്പത്തിക - സാമൂഹിക വിഷമങ്ങളെ ഇതര മതക്കാരോടും രാജ്യക്കാരോടുമുള്ള വിദ്വേഷമാക്കി അധോലോകങ്ങളില്‍ നടന്നുവരുന്ന പ്രചാരണങ്ങളെ ദേശീയതലത്തില്‍ വെളിച്ചം കാണിച്ചുകൊണ്ടാണ് ട്രംപ് ലോകമനസ്സാക്ഷിയെ ഞെട്ടിച്ചത്. വെള്ളക്കാര്‍ക്കു, വലതുപക്ഷഭൂരിപക്ഷത്തിന് കേള്‍ക്കേണ്ടത് പറയുന്നതിനാല്‍ 'ഉള്ളത് ഉള്ളത് പറയുന്ന ആള്‍' എന്ന് ഒരു വിഭാഗത്തെക്കൊണ്ടു പറയിക്കാന്‍ ട്രംപിനായി. അദ്ദേഹത്തെ സംബന്ധിച്ച കൗതുകകരമായ ഒരു കാര്യം പിന്തുണക്കാര്‍ പോലും ട്രംപിനോട് താദാത്മ്യം പ്രാപിക്കുന്നില്ല എന്നതാണ്. ട്രംപ് എന്തുകൊണ്ട് മോശക്കാരനാണെന്ന് വിശദീകരിക്കുന്ന ടേപ് കാണിച്ച റിപ്പോര്‍ട്ടറോട് ട്രംപ് പിന്തുണക്കാരി പറഞ്ഞത്: 'നിങ്ങള്‍ പറഞ്ഞുവരുന്നത് ട്രംപ് ഒരു മോശം ആളാണ് എന്നല്ലേ. അതെനിക്കുമറിയാം. ചിലപ്പോള്‍ ദൈവം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ മോശം ആളുകളെ അയയ്ക്കും. ട്രംപ് അങ്ങനെ ഒരാളാണ്' എന്നാണ്. അപ്പോള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ കൃത്യമായി തിരിച്ചറിയുന്ന വിഭാഗമാണ് ട്രംപിനെ പിന്തുണക്കുന്നവരെന്ന് മനസിലാക്കാം.
ട്രംപിനെപ്പോലുള്ള നേതാക്കള്‍ ആഴത്തില്‍ സമൂഹത്തെ വിഭജിക്കാന്‍ കഴിവുള്ളവരാണ്. ട്രംപ് അനുകൂലികള്‍, ട്രംപ് എതിരാളികള്‍ എന്ന് ജനത രണ്ടായി പകുക്കപ്പെട്ടു. ഇക്കാര്യത്തില്‍ മധ്യമാര്‍ഗം അസാധ്യമായിരുന്നു. രാഷ്ട്രീയചര്‍ച്ചയുടെ നിലവാരത്തകര്‍ച്ചയും താന്തോന്നിത്തത്തിന്റെ ഭരണവും കൂടിയായപ്പോള്‍ രാജ്യം എന്ന നിലക്കും അമേരിക്ക നാനാവിധമായി. ചര്‍ച്ചകളുടെ ഇടമെന്ന നിലയില്‍ പൊതുമണ്ഡലം തന്നെ ഇല്ലാതായി.
ഡൊണാള്‍ഡ് ട്രംപ് മുമ്പോട്ടുവച്ച രാഷ്ട്രീയസംസ്‌കാരത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം അതിനു ഒരു കാല്‍വയ്പും പിന്നോട്ടുവയ്ക്കാന്‍ കഴിയില്ലെന്നതാണ്. വമ്പത്തരത്തിന്റെയും വെല്ലുവിളിയുടെയും രീതികള്‍ സാധാരണ യുദ്ധത്തിലും നാശത്തിലും ഭീതിയിലുമാണെത്തുക. ഹിറ്റ്‌ലറുടെ കീഴില്‍ ജര്‍മനിക്കു സംഭവിച്ചപോലെ ആദ്യം ധാര്‍മിക നാശവും പിന്നീട് രാഷ്ട്രീയവും സാമ്പത്തികവുമായ തകര്‍ച്ചയുമാണ് ഇത്തരം രാജ്യങ്ങളെ കാത്തിരിക്കുന്നത്. അപ്പോഴൊക്കെയും തങ്ങള്‍ എന്തോ ശരിയായതു ചെയ്യുകയാണ് എന്ന ബോധ്യത്തില്‍ പിന്തുണക്കുന്നവര്‍ കൂടെയുണ്ടാവുകയും ചെയ്യും. രണ്ടാം ലോകമഹായുദ്ധത്തില്‍ മറ്റു രാജ്യങ്ങള്‍ തോല്‍പ്പിക്കുംവരെ ഹിറ്റ്‌ലര്‍ക്ക് സ്വന്തം നാട്ടില്‍ കൃത്യവും ഫലവത്തുമായ രാഷ്ട്രീയഎതിര്‍പ്പിനെ നേരിടേണ്ടിവന്നിട്ടില്ലെന്നത് ഓര്‍ക്കുക.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കളി മാറ്റിയത് കൊറോണയാണെന്നുവേണം വിചാരിക്കാന്‍. കൂടുതല്‍ മൃഗീയവും മോശവുമായി ഏകദിശയില്‍ മുന്നോട്ടുകൊണ്ടുപൊയ്‌ക്കൊണ്ടിരുന്ന രാഷ്ട്രീയചര്‍ച്ചയെയും രാഷ്ട്രത്തിന്റെ ചലനത്തെയും മഹാമാരി ഒന്നാകെ സ്തംഭിപ്പിച്ചു. ഡൊണാള്‍ഡ് ട്രംപിനെപ്പോലെ ഒരാള്‍ക്ക് പ്രതീക്ഷിക്കാനോ ആലോചിക്കാനോ കഴിയാത്ത വഴികളില്‍ അത് പടര്‍ന്നു. എന്തു വന്നാലും മാര്‍ക്കറ്റ് തങ്ങളെ രക്ഷിച്ചുകൊള്ളുമെന്ന ധാരണ ദുര്‍ബലമായിത്തുടങ്ങി. അതിനൊപ്പം ജോര്‍ജ് ഫ്‌ളോയ്ഡിന്റെ ദാരുണമായ അന്ത്യം അമേരിക്കയില്‍ ഒന്നാകെ വലിയ ചലനങ്ങളുണ്ടാക്കി. അവിടെ ട്രംപിന്റെ പിടുത്തത്തില്‍നിന്ന് രക്ഷപ്പെടാനുള്ള വഴി അമേരിക്കയുടെ മുന്നില്‍ തുറക്കുകയായിരുന്നു. ഇതൊക്കെയായിട്ടും വളരെയധികം വോട്ടുകള്‍ അദ്ദേഹം നേടിയെന്നത് അത്ഭുതകരമായി തോന്നാം. അപ്പോള്‍ ഓര്‍ക്കേണ്ട കാര്യം ട്രംപിന്റെ 2014 ലെ ഭൂരിപക്ഷവും നേരിയതായിരുന്നു എന്നതാണ്.
പരാജയത്തെ അംഗീകരിക്കുകയോ അന്തസായി പടിയിറങ്ങുകയോ ട്രംപിനെന്നല്ല, ഒരു ഭൂരിപക്ഷതാവാദിക്കും അറിയുന്ന പണിയല്ല. ഫാസിസ്റ്റ്, അല്ലെങ്കില്‍ ഭൂരിപക്ഷതാവാദി നിലനില്‍ക്കുന്നത് തന്നെ തനിക്കു മുന്‍പ് ഇരുട്ടും തനിക്കുശേഷം പ്രളയവും എന്ന ധാരണയോടെയാണ്. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് തങ്ങളില്‍ നിന്ന് തട്ടിപ്പറിച്ചെടുത്തതാണെന്ന് ആവര്‍ത്തിക്കാന്‍വേണ്ടി താന്‍ ജയിച്ചുകഴിഞ്ഞെന്ന് ട്രംപ് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ പത്രസമ്മേളനം വിളിച്ചു പറയുന്നത്.
കാപിറ്റോള്‍ ബില്‍ഡിങ്ങില്‍ ട്രംപ് പിന്തുണക്കാര്‍ അതിക്രമിച്ചു കയറി ഇത്രയും മോശമായ രംഗം സൃഷ്ടിച്ചിട്ടും എങ്ങനെ അത് മണിക്കൂറുകള്‍കൊണ്ട് നിയന്ത്രണവിധേയമാക്കാനും ബൈഡനെ ഔദ്യോഗികമായി പ്രസിഡന്റായി നിയമിക്കാനും അമേരിക്കയിലെ വ്യവസ്ഥിതിക്കായി? അന്താരാഷ്ട്രതലത്തില്‍ ഇത്രയും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ നീക്കങ്ങളുടെയും സ്രോതസാണെങ്കിലും ആഭ്യന്തരമായി ഭരണഘടനയില്‍ തീര്‍ച്ചയായും വിശ്വാസമുള്ള ഭൂരിപക്ഷം ഇന്നും അമേരിക്കയിലുണ്ട്. അതുകൊണ്ടാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ആളുകള്‍ തന്നെ ട്രംപിനെ തള്ളിക്കളഞ്ഞത്. എത്ര തന്നെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പറഞ്ഞാലും മാധ്യമപ്രവര്‍ത്തകര്‍ ഡൊണാള്‍ഡ് ട്രംപിനെ നിശിതമായി ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തെ പരിഹസിച്ചു നിരവധി കോമഡി ഷോകള്‍ അമേരിക്കയിലുണ്ടായിരുന്നു: ജോണ്‍ ഒളിവിയറും ട്രെവര്‍ നോഹയും ഹസ്സന്‍ മിന്‍ഹാജുമടങ്ങുന്ന കോമഡി ഷോ അവതാരകര്‍ ഗംഭീരമായ അന്വേഷണാത്മക റിപ്പോര്‍ട്ടുകളിലൂടെ ട്രംപിനെ രീതികളെയും കളവുകളെയും വ്യക്തിത്വപരിവേഷത്തെയും കൃത്യമായി പൊളിച്ചു കൊണ്ടിരുന്നു. അതുകൊണ്ടാണ് ട്രംപിന് ശേഷം പ്രളയം എന്ന് ട്രംപിന്റെ ചില അന്ധഭക്തര്‍ക്കൊഴികെ ആര്‍ക്കും തോന്നാതിരുന്നത്. അതിലൂടെ അമേരിക്ക ആള്‍ക്കൂട്ട അട്ടിമറിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇന്നിപ്പോള്‍ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. ഏതു ജനാധിപത്യവും നിലനില്‍ക്കുന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെയും ജനാധിപത്യ അവബോധത്തിന്റെയും പുറത്താണ്.
വംശീയവും വെറുപ്പിലധിഷ്ഠിതവുമായ ചിന്തയെ അധികാരത്തില്‍ നിന്ന് തുരത്തുന്നതിലൂടെ അത് അവസാനിക്കുമെന്ന് വിചാരിക്കരുത്. ഭീതിയിലും ഇരവാദത്തിലും അധിഷ്ഠിതമായി ജനങ്ങളുടെ അജന്‍ഡയെ അട്ടിമറിക്കുകയാണ് ഏതു ഭൂരിപക്ഷതാവാദിയെയും പോലെ ട്രംപും ചെയ്തത്. ആ അധോലോകങ്ങളെ തിരിച്ചറിയണം. അവയെ രാഷ്ട്രീയമായും ധാര്‍മികമായും വൈകാരികമായും അഭിമുഖീകരിക്കണം. അവര്‍ക്കു ധാര്‍മികമായ ചിന്താസരണിയുണ്ടാക്കിക്കൊടുക്കണം. ജോര്‍ജ് ബുഷ് സമൂഹത്തിലുണ്ടാക്കിയ ആഴത്തിലുള്ള വിഭജനത്തെ ഇല്ലാതാക്കുന്നതില്‍ ബറാക് ഒബാമക്ക് സംഭവിച്ച പിഴവില്‍ നിന്നാണ് എട്ടു വര്‍ഷങ്ങള്‍ക്കുശേഷം ഡൊണാള്‍ഡ് ട്രംപ് എന്ന പ്രതിവിപ്ലവകാരി ഉയര്‍ന്നു വന്നതും ബുഷിന് പോലും അചിന്ത്യനീയമായ ഗര്‍ത്തങ്ങളിലേക്ക് രാഷ്ട്രീയത്തെ കൊണ്ട് പോയതും. 'ലോക പൊലിസിനു' ഇനിയും ഒരു മൂന്നാമന്‍ ഉണ്ടായാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരിക അമേരിക്ക മാത്രമല്ല; ലോകം മുഴുവനുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."