HOME
DETAILS

പാവങ്ങളുടെ തണല്‍ മരം

  
backup
January 30 2022 | 05:01 AM

653-563-2

എം.പി മുജീബ് റഹ്‌മാന്‍

പാവങ്ങളുടെ കണ്‍കണ്ട ദൈവമായിരുന്നു കാസര്‍കോട് ബദിയടുക്ക കിളിംഗാര്‍ സ്വദേശി സായിറാം ഗോപാലകൃഷ്ണ ഭട്ട്. തന്റെ ഇരുപതേക്കര്‍ കൃഷിയിടത്തില്‍ നിന്നുള്ള തുച്ഛമായ വരുമാനംകൊണ്ട് 265 പാവങ്ങള്‍ക്കു തണലൊരുക്കിയാണ് ഈമാസം 22ന് അദ്ദേഹം ഈ ഭൂമിയില്‍ നിന്ന് യാത്രയായത്. ഗുണമേന്മ ഉറപ്പാക്കാന്‍ പറ്റാത്തതിനാല്‍ നിര്‍മാണച്ചുമതല മറ്റാരെയും ഏല്‍പിക്കാതെ തൊഴിലാളികളോടൊപ്പം നിന്ന് വീട് പണിതാണ് 265 ദരിദ്ര കുടുംബങ്ങള്‍ക്ക് അദ്ദേഹം അത്താണിയായത്.
പാവങ്ങള്‍ക്കു വീടൊരുക്കാന്‍ സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിച്ച സായിറാമിന്റെ മടക്കം അര്‍ഹിച്ച അംഗീകാരം സര്‍ക്കാരുകളില്‍ നിന്നു ലഭിക്കാതെയാണെന്ന പരിഭവം കാസര്‍കോട്ടുകാര്‍ക്കുണ്ട്. പാവപ്പെട്ടവര്‍ക്കു കുടിവെള്ള പദ്ധതി, തയ്യല്‍ മെഷീനുകള്‍, ഓട്ടോറിക്ഷകള്‍, സമൂഹ വിവാഹങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍, വിദ്യാഭ്യാസ സഹായം തുടങ്ങി സമാനതകളില്ലാത്ത സേവനങ്ങള്‍ നല്‍കി അദ്ദേഹം.

ക്ഷേത്ര ദര്‍ശനത്തിനു വച്ച
പണംകൊണ്ട് വീടു വച്ചുനല്‍കി തുടക്കം

ഭാര്യ ശാരദയ്‌ക്കൊപ്പം കാശി ക്ഷേത്ര ദര്‍ശനത്തിനു പോകാനുള്ള തയാറെടുപ്പിലായിരുന്നു ഒരിക്കല്‍ സായിറാം ഭട്ട്. പണമൊക്കെ സ്വരൂപിച്ച് ഭദ്രമായി വച്ചു. പക്ഷേ അന്ന് പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ നടന്നു. തന്റെ വീടിന്റെ വാതില്‍ക്കല്‍ വന്ന് ഒരാള്‍ വാവിട്ട് നിലവിളിച്ചു. അയാളുടെ ഓലമേഞ്ഞ കുടില്‍ കനത്ത മഴയില്‍ കുതിര്‍ന്നു നശിച്ചു. കുടില്‍ വര്‍ഷാവര്‍ഷം പുതുക്കിപ്പണിയാന്‍ ഓലയും കവുങ്ങ് തടിയും സായിറാമാണു നല്‍കിയിരുന്നത്. ആ വര്‍ഷവും അയാള്‍ അത് പുതുക്കിപ്പണിതതാണ്. പക്ഷേ കനത്ത മഴ കുടില്‍ നിലംപരിശാക്കി. ഭാര്യയും കുട്ടികളുമായി എവിടേക്കു പോകണമെന്ന് അറിയില്ല. ചെന്നുമുട്ടാനുള്ള ഒരേയൊരു വാതില്‍ സായിറാം ആയിരുന്നു.
ആ മനുഷ്യനെ 'ഇനി കുടില്‍ വേണ്ട, വീട് തരാം' എന്ന് ആശ്വസിപ്പിച്ചാണു സായി മടക്കിയത്. ക്ഷേത്ര ദര്‍ശനത്തിനു വച്ച പണം ഉപയോഗിച്ച് അങ്ങനെയാണ് 1996ല്‍ ഉജംപദവിലെ കുണ്ട്യാന എന്നയാള്‍ക്ക് ആദ്യമായി സായിറാം വീടുവച്ച് നല്‍കുന്നത്. അതൊരു തുടക്കമായിരുന്നു. പിന്നീട് തന്നെ തേടിയെത്തിയ പാവങ്ങള്‍ക്കു വീടെന്ന സ്വപ്‌നം സായിറാം ഭട്ട് യാഥാര്‍ഥ്യമാക്കി. ഏറ്റവുമൊടുവില്‍ ബദിയടുക്ക പെര്‍ഡാലയിലെ ചന്ദ്രശേഖറിനു വീടൊരുക്കി കഴിഞ്ഞ നവംബര്‍ 23നാണ് സായിറാം താക്കോല്‍ കൈമാറിയത്.
അഞ്ചു സെന്റ് ഭൂമി സ്വന്തമായുള്ളവര്‍ക്കു സായിറാം ഭട്ട് വീട് നിര്‍മിച്ച് താക്കോല്‍ കൈമാറുകയാണു ചെയ്തിരുന്നത്. ഗുണഭോക്താവാകാന്‍ ഒരേയൊരു നിബന്ധന മാത്രമേ തന്റെ മുന്നിലെത്തുന്നവര്‍ക്കു മുന്നില്‍ വച്ചുള്ളൂ. ജോലിചെയ്യാന്‍ പ്രാപ്തിയുള്ള ആണുങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ അപേക്ഷ നിരസിക്കും. തളര്‍ന്നുകിടക്കുന്നവര്‍ക്കും ജോലിചെയ്യാന്‍ കഴിയാത്തവര്‍ക്കും ഭട്ട് വീടൊരുക്കിയപ്പോള്‍ ജീവിതത്തിലൊരിക്കലും നടക്കില്ലെന്ന അവരുടെ സ്വപ്‌നമാണു യാഥാര്‍ഥ്യമായത്.
ഭൂരിഭാഗം വീടുകളും കാസര്‍കോട് താലൂക്കിലെ നിരാലംബര്‍ക്കാണു നല്‍കിയത്. 10 വീടുകള്‍ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലും നിര്‍മിച്ചുനല്‍കി. ആദ്യകാലത്ത് 40,000 മുതല്‍ 60,000 രൂപ വരെയായിരുന്നു നിര്‍മാണച്ചെലവ്. എന്നാല്‍ അവസാനകാലത്ത് ചെലവ് അഞ്ചുലക്ഷം രൂപയായെന്നു സായിറാം ഭട്ടിന്റെ മകന്‍ കെ.എന്‍ കൃഷ്ണ ഭട്ട് പറയുന്നു.

ജീവിതം തുന്നിപിടിപ്പിക്കാന്‍

പാവങ്ങള്‍ക്കു വീടുവച്ചുനല്‍കുന്നതില്‍ ഒതുങ്ങിയില്ല സായിറാം ഭട്ടെന്ന നല്ല മനുഷ്യന്റെ സാമൂഹിക സേവനം. തന്റെ 85 വര്‍ഷ ജീവിതകാലത്തിനിടെ തൊഴില്‍രഹിതരായവരെ പുനരധിവസിപ്പിക്കാന്‍ ലക്ഷ്യമിട്ട് അദ്ദേഹം ഓട്ടോറിക്ഷകളും തയ്യല്‍ മെഷീനുകളും നല്‍കി. മുന്നൂറോളം പേര്‍ക്കാണു സായിറാം ഭട്ട് തയ്യില്‍ മെഷീനുകള്‍ നല്‍കിയത്. കോഴ്‌സ് പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു മാത്രമായിരുന്നു മാനദണ്ഡം.
തൊഴിലില്ലാത്ത യുവാക്കള്‍ക്ക് ഓട്ടോറിക്ഷ നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടെങ്കിലും അത് ഒടുവില്‍ ഉപേക്ഷിച്ചു. താന്‍ വാങ്ങിച്ചുനല്‍കിയ 12 ഓട്ടോകള്‍ ഒരുവര്‍ഷം പിന്നിടുമ്പോഴേക്കും ഭൂരിഭാഗം പേരും വില്‍പന നടത്തിയതായി സായിറാം ഭട്ട് നാട്ടുകാരിലൂടെ അറിഞ്ഞു. തുടര്‍ന്നാണു സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീക്കു തുടക്കമിട്ടപ്പോള്‍ തൊഴില്‍രഹിതരായ സ്ത്രീകള്‍ക്കു സായിറാം ഭട്ട് തയ്യല്‍ മെഷീന്‍ നല്‍കിത്തുടങ്ങിയത്.

ആശ്വാസത്തിന്റെ നീരുറവകള്‍

സായിറാമിന്റെ നാടായ കിളിംഗാറിലും പരിസരപ്രദേശങ്ങളിലും വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമമായിരുന്നു ഒരുകാലത്ത്. ഇതു പരിഹരിക്കുന്നതിനു സര്‍ക്കാരിന്റെ സഹായമില്ലാതെ ഭട്ട് തുടക്കമിട്ടതായിരുന്നു കുടിവെള്ള പദ്ധതി. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്ത് 12 വീടുകള്‍ക്ക് ഒരു കുടിവെള്ള പദ്ധതി എന്ന നിലയിലായിരുന്നു പ്രവര്‍ത്തനം. കുടിവെള്ളക്ഷാമം നേരിടുന്ന പല ഭാഗങ്ങളിലും കുഴല്‍കിണര്‍ കുഴിച്ച് മോട്ടോര്‍ ഷെഡും സ്ഥാപിച്ച് വീടുകളില്‍ പൈപ്പ്‌ലൈനും സൗജന്യമായി ഭട്ട് ഒരുക്കിക്കൊടുത്തു. വൈദ്യുതിനിരക്ക് കുടുംബങ്ങള്‍ കണ്ടെത്തണമെന്നു മാത്രമായിരുന്നു നിബന്ധന. ഈ 12 കുടിവെള്ള പദ്ധതികളും ഭട്ടിന്റെ സ്‌നേഹത്തിന്റെ നീരുറവയായി ഇപ്പോഴും നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസം ചൊരിയുന്നു.

രണ്ടു പതിറ്റാണ്ട് മുമ്പേ സൗജന്യ ചികിത്സ

കാസര്‍കോട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമായത് ഈവര്‍ഷം ജനുവരിയിലാണ്. എന്നാല്‍ രണ്ടു പതിറ്റാണ്ട് മുമ്പ് സായിറാം ഭട്ട് തുടക്കമിട്ട ശനിയാഴ്ചകളിലെ മെഡിക്കല്‍ ക്യാംപ് കൊവിഡിനു മുമ്പ് വരെ തുടര്‍ന്നു. തന്റെ വീടിനോടു ചേര്‍ന്ന സായി മന്ദിരത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാംപില്‍ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി നൂറോളം രോഗികള്‍ എത്താറുണ്ടായിരുന്നു. അലോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം ഒരുക്കിയിരുന്ന ക്യാംപില്‍ എത്തുന്നവര്‍ക്കു മരുന്നുകള്‍ സൗജന്യമായാണു ഭട്ട് നല്‍കിയിരുന്നത്. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സ വേണ്ട രോഗികളെ പുട്ടപര്‍ത്തിയിലെയും ബംഗളൂരു വൈറ്റ്ഫീല്‍ഡിലെയും സത്യസായി ആശുപത്രികളില്‍ എത്തിച്ച് സൗജന്യ ചികിത്സയും ഭട്ട് ഒരുക്കിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു മെച്ചപ്പെട്ട ചികിത്സ ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങുന്നതിന് എത്രയോ വര്‍ഷം മുമ്പ് സൗജന്യ ചികിത്സയ്ക്കു തുടക്കമിട്ടിരുന്നു സായിറാം ഭട്ട്.

കര്‍ഷക കുടുംബം

അധികം സമ്പന്നമല്ലാത്ത കര്‍ഷക കുടുംബമാണു സായിറാം ഭട്ടിന്റേത്. തന്റെ 20 ഏക്കര്‍ പറമ്പിലെ കൃഷിയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണു സായിറാം ഇത്രയേറെ ജീവകാരുണ്യം പ്രവര്‍ത്തനം നടത്തിയത്. എന്നും നല്ല വിളകള്‍ സമ്മാനിച്ച പറമ്പും സായിറാമിന് ഊര്‍ജമായി. ഇതിനു പുറമെ പാരമ്പര്യ വൈദ്യന്‍, ജ്യോത്സ്യന്‍ എന്നീ നിലകളില്‍ തന്നെ തേടിയെത്തുന്നവര്‍ നല്‍കുന്ന പണവും ജനസേവനത്തിനുപയോഗിച്ചു.
1937ല്‍ കിളിംഗാര്‍ ദേവമൂര്‍ത്തി കൃഷ്ണഭട്ടിന്റെയും സുബ്ബമ്മയുടേയും മകനായി ജനിച്ച ഗോപാലകൃഷ്ണ ഭട്ട് 11 മുതല്‍ 16 വയസ് വരെ വീടില്ലാത്തവന്റെ ദുഃഖവും കഷ്ടപ്പാടും നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പാരമ്പര്യ വൈദ്യവും കൃഷിയുമായിരുന്നു പ്രവര്‍ത്തനമേഖല. ഗീതാഞ്ജനേയ വ്യായാമശാല എന്ന പേരില്‍ നീര്‍ച്ചാലില്‍ സ്ഥാപനം ആരംഭിച്ചാണു പൊതുസേവനരംഗത്ത് സജീവമായത്. മുന്‍ ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ പഞ്ചായത്ത് അംഗവുമായ മകന്‍ കെ.എന്‍ കൃഷ്ണ ഭട്ടും സായിറാമിന്റെ സേവനത്തിനു കൂട്ടായുണ്ടായിരുന്നു.

സ്‌നേഹത്തിന്റെ
കതിര്‍മണ്ഡപം

കൃഷ്ണ ഭട്ട് ഒരുക്കിയ സ്‌നേഹപന്തലില്‍ പരസ്പരം വരണമാല്യം ചാര്‍ത്തിയത് 30 യുവതീ യുവാക്കള്‍. വീടിനോടു ചേര്‍ന്ന സായി മന്ദിരത്തിലായിരുന്നു സമൂഹവിവാഹങ്ങള്‍. നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്കു പണമില്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസം മുടങ്ങരുതെന്ന നിഷ്‌കര്‍ഷയും ഭട്ടിനുണ്ടായിരുന്നു. ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കു പഠനസഹായവും അദ്ദേഹത്തിന്റെ കൈകളിലൂടെ ഒഴുകി. അച്ഛന്‍ പോയെങ്കിലും അദ്ദേഹം തെളിച്ച വഴിയിലൂടെ മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. കൊവിഡ് തടസമായില്ലെങ്കില്‍ വരുന്ന ഏപ്രിലില്‍ ഒരു സമൂഹവിവാഹം നടത്താനുള്ള ഒരുക്കത്തിലാണ് താനെന്ന് കൃഷ്ണ ഭട്ട് പറയുന്നു. സായിറാമുള്ളപ്പോള്‍ തന്നെ പല പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുത്തത് മകന്‍ കൃഷ്ണ ഭട്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago