HOME
DETAILS

ഇന്ത്യൻ യുവത്വം അനുഗ്രഹമോ ബാധ്യതയോ?

  
backup
February 03 2022 | 19:02 PM

95623-4520

എൻ.പി.എ അസീസ്

 

ഇന്ത്യ ജനസംഖ്യപരമായ അതുല്യനേട്ടത്തിന് സാക്ഷിയാവുകയാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണെങ്കിലും നമ്മൾ ഇന്ന് കുറഞ്ഞ പ്രായമുള്ളവരുടെ ജനസംഖ്യ ഏറ്റവും അധികമുള്ള രാജ്യങ്ങളിലൊന്നാണ്. ഇന്ത്യയുടെ ശരാശരി പ്രായം 29 വയസിനു താഴെയാണ്. മാത്രമല്ല, ലോകത്തിലെ യുവജനസംഖ്യയുടെ അഞ്ചിലൊന്നും നമ്മുടെ രാജ്യത്താണ്.രാജ്യം ഇന്ന് ആർജിച്ചിരിക്കുന്ന യുവത്വം അനുഗ്രഹമാകണമോ ബാധ്യതയാകണമോ എന്ന് തീരുമാനിക്കേണ്ടത് നിലവിലുള്ള സർക്കാരാണ്. യുവജനങ്ങൾ എന്ന ഈ വിശാലമായ വിഭവം തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ, അത് ഒരു 'ജനസംഖ്യാനുപാതികമായ ലാഭവിഹിതം' (Demographic Dividend) സൃഷ്ടിച്ചേക്കും. ഒരു രാജ്യത്തിന്റെ ജനസംഖ്യയുടെ പ്രായഘടനയിൽ മാറ്റമുണ്ടാകുമ്പോൾ കൈവരിക്കുന്ന സാമ്പത്തികവളർച്ചയെയാണ് ഈ ലാഭവിഹിതം സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ജനന, മരണ നിരക്ക് അതിവേഗം കുറയുന്നതിനാൽ തൊഴിലാളികളുടെ ജനസംഖ്യാനുപാതം വർധിക്കുകയും ആശ്രിതജനസംഖ്യ കുറയുകയും ചെയ്യുന്നു. കഴിഞ്ഞ കാലങ്ങളിലെ ജനസംഖ്യാഭാരം ഇന്ന് ലാഭവിഹിതമാകുമ്പോൾ ഇന്ത്യ ഒരു ചലനാത്മക പരിവർത്തനത്തിന് വിധേയമാകുകയും ധാരാളം അവസരങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഈ നേട്ടം രാജ്യത്തിന്റെ അഭിലാഷ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കാൻ സാധിക്കും.


2018ലാണ് ഇന്ത്യയിൽ തൊഴിലാളി ജനസംഖ്യാനുപാതം ആശ്രിത ജനസംഖ്യയേക്കാൾ കൂടിയത്. ജനസംഖ്യയുടെ 62.5 ശതമാനവും 15-59 വയസിനിടയിലുള്ളവരാണ്. മാത്രമല്ല അത് അനുദിനം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 2036 ഓടെ ഏകദേശം 65 ശതമാനമെന്ന ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇന്ത്യയുടെ സവിശേഷമായ ഈ ജനസംഖ്യാ നേട്ടം 2055 വരെ നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള ജനസംഖ്യാ ലാഭവിഹിതം വികസിത രാജ്യങ്ങളിലെ സാമ്പത്തിക വളർച്ചയിൽ 15 ശതമാനം വരെ സംഭാവന ചെയ്തിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളായ ജപ്പാൻ, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയിലും വികാസത്തിലും ഇത് വലിയ പങ്കുവഹിച്ചിട്ടുണ്ട്. മിക്ക രാജ്യങ്ങളുടെയും ജനസംഖ്യ പ്രായമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇന്ത്യക്ക് സന്തോഷകരമായ ഈ നേട്ടം കൈവരിക്കാനായത്. ഇന്ത്യയിലെ ശരാശരി പ്രായം 29 വയസിനു താഴെയാണെങ്കിൽ ചൈനയിലും യു.എസിലും ഇത് 38, യു.കെയിൽ 41, ഫ്രാൻസിൽ 42, ജർമനിയിൽ 46, ജപ്പാനിൽ 49 എന്നിങ്ങനെയാണ്. ശരിയായ നയപരിപാടികളിലൂടെ ഈ യുവജനതയെ പ്രയോജനപ്പെടുത്താൻ സാധിച്ചാൽ ഇന്ത്യക്കിതൊരു 'സുവർണ കാലഘട്ട'മായിരിക്കും സമ്മാനിക്കാൻ പോകുന്നത്.


ജനസംഖ്യാപരമായി ഇന്ത്യ ഒരു ഏകീകൃത പരിവർത്തനത്തിന് വിധേയമല്ല. ജനസംഖ്യാസൂചകങ്ങളുടെ വ്യത്യസ്ത സ്വഭാവം കാരണം വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത സമയങ്ങളിലായിരിക്കും ഈ നേട്ടം ലഭ്യമാവുന്നത്. ചില സംസ്ഥാനങ്ങൾ ജനസംഖ്യാ ലാഭവിഹിതം എന്ന നേട്ടത്തിന്റെ അവസാനഘട്ടത്തിലാണെങ്കിൽ മറ്റു ചില സംസ്ഥാനങ്ങൾ പ്രാരംഭഘട്ടത്തിലാണുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിനും തമിഴ്‌നാടിനും ലാഭവിഹിതത്തിന്റെ ഭൂരിഭാഗവും ഇതിനകം തന്നെ ലഭിച്ചു കഴിഞ്ഞു. അതേസമയം, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ തൊഴിൽ ജനസംഖ്യാനുപാതം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഈ അനുപാതത്തിലെ വളർച്ച കുറഞ്ഞുവരികയാണ്. കേരളം ഇന്ന് പ്രായമുള്ള ആളുകൾ കൂടുതലുള്ള സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ വർധിച്ച ആയുർദൈർഘ്യവും കുറഞ്ഞ ജനനനിരക്കുമാണ് വയോജനങ്ങളുടെ അനുപാതം വർധിപ്പിച്ചത്. അതോടെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിലേക്ക് നയിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നു.
ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ സാമ്പത്തിക നേട്ടങ്ങൾ യാന്ത്രികമായി ഉണ്ടാവുകയില്ല. യുവജനസംഖ്യയുള്ളതുകൊണ്ട് ഇന്ത്യക്ക് ലോകത്തിന്റെ മാനവ വിഭവശേഷിയാകാൻ കഴിയുമെന്നും പറയാനാവില്ല. അവർക്ക് ശരിയായ വിദ്യാഭ്യാസവും നല്ല ആരോഗ്യവും മാന്യമായ തൊഴിലും മറ്റു അടിസ്ഥാന സൗകര്യങ്ങളും നൽകിയാൽ മാത്രമേ ജനസംഖ്യാ ലാഭവിഹിതം പൂർണമായി സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. മറിച്ചായാൽ അവർ രാജ്യത്തിന് ബാധ്യതയും ദുരന്തമായും മാറിയേക്കാം. എന്നാൽ വികലമായ ഇന്ത്യയുടെ സാമ്പത്തിക ദശാബ്ദം കാരണം ഈ ലാഭവിഹിതം അപകടത്തിലാവുകയാണോ എന്നും സന്ദേഹിക്കാം.


2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി മുതൽ, വളർന്നുവരുന്ന കിട്ടാക്കട പ്രശ്‌നം, സാമൂഹിക പരിഷ്‌കരണങ്ങളുടെയും തൊഴിലവസരങ്ങളുടെയും അഭാവം, വിഫലമായ സമീപകാല സാമ്പത്തിക പരിഷ്‌കാരങ്ങൾ, തൊഴിൽരഹിത സാമ്പത്തിക വളർച്ച തുടങ്ങി ഒട്ടനവധി പ്രതികൂല സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളാണ് യുവാക്കളുടെ സാധ്യതകളെ ഞെരുക്കത്തിലാക്കിയത്. ഇത് രാജ്യത്ത് സാമൂഹിക തിന്മയും അശാന്തിയും സാമ്പത്തിക അരക്ഷിതാവസ്ഥയും വളരാൻ അത് കാരണമാകുന്നു.
ദശാബ്ദത്തിന്റെ അവസാന പകുതിയിൽ സർക്കാർ ജനവിരുദ്ധ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കിയത്. 2016ലെ, നോട്ടുനിരോധനവും 2017ൽ കൊണ്ടുവന്ന ചരക്ക് സേവന നികുതിയും സാമ്പത്തിക മുരടിപ്പിനും അനിശ്ചിതത്വത്തിനും അനുബന്ധ പ്രശ്‌നങ്ങൾക്കും കാരണമായി. ഇത് കോർപറേറ്റ് നിക്ഷേപത്തിലും തൊഴിലവസരങ്ങളിലും മാന്ദ്യം സൃഷ്ടിച്ചു. പകർച്ചവ്യാധിയും തുടർന്നുള്ള ലോക്ക്ഡൗണും തൊഴിൽ വിപണിയെ വീണ്ടും ദുർബലപ്പെടുത്തി, പ്രത്യേകിച്ചും അനൗപചാരിക അസംഘടിത മേഖലയിൽ. തൊഴിലവസരങ്ങൾ സ്തംഭനാവസ്ഥയിലായപ്പോൾ, സർക്കാരിന് കാര്യമായൊന്നും ചെയ്യാനും സാധിച്ചില്ല. മാത്രമല്ല, സമീപ വർഷങ്ങളിൽ സർക്കാർ നടത്തുന്ന നിരവധി തൊഴിലധിഷ്ഠിത പദ്ധതികൾക്കുള്ള ബജറ്റ് വെട്ടിക്കുറക്കുകയാണുണ്ടായത്. വരും വർഷങ്ങളിൽ തൊഴിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. നയപരമായ കാര്യങ്ങളിൽ തൊഴിൽ പ്രശ്‌നത്തെ ദീർഘകാലമായി അവഗണിച്ചതിന്റെ ഫലമായാണ് തൊഴിൽ സാഹചര്യം ഇത്രയും മോശമായത്.


യുവാക്കളുടെ എണ്ണം വർധിക്കുന്നതിലൂടെയോ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയോ സാമ്പത്തിക വളർച്ച നേടണമെന്നില്ല. കഴിവും നൈപുണ്യവും ഗുണമേന്മയുമുള്ള പ്രതിഭകളുടെ യഥാർഥ സ്വാധീനം നിർണായകമാണ്. ഇത്തരം തൊഴിലാളികളുടെ ദൗർലഭ്യം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു. അതേസമയം, നിലവിൽ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കനുസൃതമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമില്ല. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി അതിശയിപ്പിക്കുന്ന വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. എന്നാൽ രാജ്യത്തെ യുവാക്കളെ തൊഴിലുടമകളുടെ ആവശ്യാനുസരണം യോഗ്യരാക്കാൻ ഉന്നതവിദ്യാഭ്യാസത്തിന് കഴിഞ്ഞിട്ടില്ല. നിലവിലെ വിദ്യാഭ്യാസസമ്പ്രദായം ഭൂരിഭാഗവും പരീക്ഷകളിൽ ഊന്നൽ നൽകുന്നതും ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതുമാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലും അധ്യാപനത്തിലും ശ്രദ്ധകുറയുന്നത് തൊഴിൽ വിപണിയെ അസന്തുലിതമാക്കുന്നു. ഗുണനിലവാരമില്ലായ്മ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ അഭാവം, കാലഹരണപ്പെട്ട പാഠ്യപദ്ധതി, അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇന്ത്യയുടെ വിദ്യാഭ്യാസസമ്പ്രദായത്തെ പിറകോട്ട് വലിക്കുന്നു. ഓരോ വർഷവും തൊഴിൽ സേനയിൽ ചേരുന്ന 13 ദശലക്ഷം യുവാക്കളിലെ, മാനേജ്‌മെന്റ് പ്രൊഫഷണലുകളിൽ നാലിലൊന്നും എൻജിനീയർമാരിൽ അഞ്ചിലൊന്നും ബിരുദധാരികളിൽ പത്തിലൊന്നും മാത്രമാണ് ജോലിക്ക് യോഗ്യരായി കണക്കാക്കപ്പെടുന്നത്.


കൊവിഡ് മഹാമാരിയും സാങ്കേതിക പുരോഗതിയും കാരണം തൊഴിൽ വിപണിയിൽ ചരിത്രപരമായ മാറ്റത്തിന് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ജോലിയുടെ സ്വഭാവത്തെ നാടകീയമായി മാറ്റിമറിക്കും. ഭാവിയിൽ സൃഷ്ടിക്കപ്പെടുന്ന പുതിയ തൊഴിലവസരങ്ങളിൽ ഭൂരിഭാഗവും ഉയർന്ന വൈദഗ്ധ്യമുള്ളവയായിരിക്കും. വേൾഡ് ഇക്കണോമിക് ഫോറം പറയുന്നതനുസരിച്ച്, സങ്കീർണമായ പ്രശ്‌നപരിഹാരം, വിമർശന ശീലം, സർഗാത്മകത, സംഘാടനം, വൈകാരിക ബുദ്ധി, മൂല്യനിർണയം തീരുമാന രൂപീകരണം, സേവനബോധം, സമരസപ്പെടൽ, സാമൂഹിക വൈകാരിക നൈപുണികൾ എന്നിവയാണ് ഭാവിയിലെ തൊഴിലുകൾ ആവശ്യപ്പെടുന്ന ശേഷികൾ. പരമ്പരാഗത വിദ്യാഭ്യാസം ഉപേക്ഷിച്ച് തൊഴിൽ വിപണിക്കാവശ്യമായ യഥാർഥ കഴിവുകൾ വികസിപ്പിക്കാൻ വിദ്യാർഥികളെ സഹായിക്കുന്ന പഠന സമ്പ്രദായങ്ങൾ സ്വീകരിക്കേണ്ട സമയമാണിത്.


പൊതുവെ അംഗീകൃതമായ കണക്കനുസരിച്ച്, ഇന്ന് പ്രൈമറി സ്‌കൂളിൽ പ്രവേശിക്കുന്ന 65 ശതമാനം കുട്ടികളും ആത്യന്തികമായി ഇതുവരെ നിലവിലില്ലാത്ത തികച്ചും പുതിയ ജോലിയിലായിരിക്കും പ്രവേശിക്കുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിൽ, ഭാവിയിലെ നൈപുണികൾ മുൻകൂട്ടി കാണാനും തയാറെടുക്കാനും ബിസിനസുകൾക്കും സർക്കാരുകൾക്കും വ്യക്തികൾക്കും കഴിയണം. അതിനാൽ ലോകമെമ്പാടുമുള്ള മികച്ച മാതൃകാപരമായ സമ്പ്രദായങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് പുതിയ പാഠ്യപദ്ധതി കൊണ്ടുവരികയെന്നതാണ് പ്രധാനം. ഇത്തരം മാറ്റങ്ങളെ ഉൾക്കൊണ്ടും പ്രവണതകൾ നൽകുന്ന അവസരങ്ങളെ മുതലെടുത്തും ജനസംഖ്യാപരമായ ലാഭവിഹിതം നേടിയെടുക്കേണ്ടതുണ്ട്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പരമാവധി സാമ്പത്തിക നേട്ടത്തിനായി ജനസംഖ്യാ പരിവർത്തനത്തെ പ്രയോജനപ്പെടുത്താൻ കൃത്യമായ ആസൂത്രണം സർക്കാർ കൊണ്ടുവരണം. ഉയർന്ന തോതിലെ യുവജനസംഖ്യയുടെ ഊർജത്തെ ബുദ്ധിപൂർവം പ്രയോജനപ്പെടുത്തുവാൻ സർക്കാർ തയാറായില്ലെങ്കിൽ അപൂർവമായ ഒരവസരത്തെയാവും അത് നഷ്ടപ്പെടുത്തുന്നത്. മാത്രമല്ല, ഈ യുവജനം വൃദ്ധരാകുമ്പോൾ രാജ്യത്തിൻ്റെ ബാധ്യത ഇരട്ടിക്കുകയും ചെയ്യും. എന്നാൽ, ഈ യുവജനത്തിൻ്റെ അധികോർജത്തെ വരുമാനമായി പരിവർത്തിപ്പിച്ചാൽ വരാനിരിക്കുന്ന വാർധക്യലോകത്തെ പരിപാലിക്കുവാൻ നിഷ്പ്രയാസം സാധിക്കുകയും ചെയ്യും. നിർഭാഗ്യകരമെന്ന് പറയട്ടെ, കഴിഞ്ഞ ബജറ്റിലും ഈ യുവജനതയെ പ്രയോജനപ്പെടുത്താനും തൊഴിലില്ലായ്മാപ്രശ്നം പരിഹരിക്കാനും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  19 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  19 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  19 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  19 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  19 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  19 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  19 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  19 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  19 days ago