ഇരുപതിലേറെ വെട്ടുകള്‍; മുറിവുകളുടെ എണ്ണം കണക്കാക്കാനാവാത്ത വിധം ശരീരം വികൃതമാക്കി, പുന്നോല്‍ കൊലപാതകം ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്
കണ്ണൂര്‍: തലശേരിയിലെ സി.പി.എം പ്രവര്ത്തകന് ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. ഇരുപതില്‍ അധികം തവണ ഹരിദാസനെ വെട്ടേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവുകളുടെ എണ്ണം കണക്കാക്കാനാവാത്ത വിധം ശരീരം വികൃതമാക്കിയെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇടതുകാല് മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതല്‍ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ കഴിയാത്ത വിധമാണ്. ഒരേ വെട്ടില്‍ തന്നെ തുടരെ വെട്ടി. അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടുമുറ്റത്തുവച്ചാണ് കൊലപാതകം നടന്നത്. രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ല. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജേഷിനെ കസ്റ്റഡിയില്‍ എടുക്കുമെന്നും കമ്മിഷണര്‍ ആര്. ഇളങ്കോ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് സിപിഎം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയായ താഴെക്കുനിയില്‍ ഹരിദാസനെ കൊലപ്പെടുത്തിയത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസിനെ ബന്ധുക്കളുടെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഒരാഴ്ച്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സിപിഎം ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഏഴ് പേരെ കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."