സി.എ.എ വിരുദ്ധ സമര കേസുകൾ ഉടൻ പിൻവലിക്കണം
നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും നൽകിയ വാഗ്ദാനമായിരുന്നു ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തവർക്കെതിരേയും, ശബരിമല സമരത്തിനെതിരേയും എടുത്ത കേസുകൾ പിൻവലിക്കുമെന്നത്. ഇടത് മുന്നണി വീണ്ടും അധികാരത്തിൽ വന്നെങ്കിലും കേസുകൾ ഇന്നലെ വരെ പിൻവലിച്ചിട്ടില്ല. സാധാരണ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ നിരത്തുന്ന മോഹന വാഗ്ദാനങ്ങൾ പോലെ മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴ് വാക്കാകില്ലെന്ന് പൊതുസമൂഹം വിശ്വസിച്ചിരുന്നു. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സമരം അക്രമാസക്തമായപ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം എവിടെയും അക്രമാസക്തമായിരുന്നില്ല. എന്നിട്ടും ശബരിമല കേസും, പൗരത്വ ഭേഗഗതി നിയമത്തിനെതിരേയുള്ള കേസുകളും ഇടത് മുന്നണി സർക്കാർ ഒരേ തുലാസിൽ തൂക്കമൊപ്പിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
കേസുകൾ പിൻവലിക്കുമെന്ന സർക്കാർ വാഗ്ദാനം എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന് കഴിഞ്ഞ വർഷവും നിയമസഭയിൽ ചോദ്യമുയർന്നതാണ്. അതേ ചോദ്യം കഴിഞ്ഞ ദിവസം ടി. സിദ്ദീഖ് എം.എൽ.എ നിയമസഭയിൽ ആവർത്തിച്ചിരിക്കുകയാണ്. മറുപടി നൽകിയ മുഖ്യമന്ത്രി ഇപ്പോഴും കേസ് പിൻവലിക്കുന്നതിനെ സംബന്ധിച്ച് വ്യക്തമായ മറുപടി നൽകിയുമില്ല. സ്പീക്കറുടെ ഡയസിൽ മുണ്ടും മടക്കിക്കുത്തി അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയടക്കമുള്ളവരുടെ കേസ് പിൻവലിക്കാൻ ജാഗ്രതയോടെ സർക്കാർ കോടതിയെ സമീപിക്കുന്നത് നാം കണ്ടിരുന്നു. സ്പീക്കറുടെ ഡയസിൽ ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തിയ കേസ് പിൻവലിക്കാൻ സർക്കാർ കാണിക്കുന്ന ഉത്സാഹം പൗരത്വം നഷ്ടപ്പെടുമെന്ന സങ്കടത്തിൽ അക്രമരഹിതമായി പ്രതിഷേധിച്ചവർക്കെതിരേയുള്ള കേസ് പിൻവലിക്കാൻ എന്തുകൊണ്ട് കാണിക്കുന്നില്ല. ടി. സിദ്ദീഖിന്റെ ചോദ്യത്തിനു ഉത്തരമായി മുഖ്യമന്ത്രി നൽകിയ മറുപടി ആകെ രജിസ്റ്റർ ചെയ്ത 835 കേസുകളിൽ പിൻവലിച്ചത് 29 എണ്ണം മാത്രമാണെന്നാണ്. ഇത് തന്നെ സി.പി.എമ്മുകാർ ഉൾപ്പെട്ട കേസുകളാണധികവും.
സ്വാതന്ത്ര്യ സമരത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു പൗരത്വ ഭേദഗതി നിയമ (സി.എ.എ)ത്തിനെതിരേയുണ്ടായ പ്രതിഷേധം. അന്താരാഷ്ട തലത്തിൽ വരെ ഏറെ ശ്രദ്ധിക്കപ്പെട്ട സമരവും കൂടിയായിരുന്നു അത്. ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും, രാജ്യത്തെ സാമൂഹിക-സാംസ്കാരിക-കലാകാരന്മാരടക്കമുള്ള വലിയൊരു വിഭാഗം സമരത്തിന്റെ ഭാഗമായി. മുഖ്യമന്ത്രിയടക്കമുള്ള ഇടത് നേതാക്കൾ പല യോഗങ്ങളിലും പങ്കെടുത്ത് സംസാരിച്ചിരുന്നതുമാണ്. നിയമസഭ സി.എ.എ നിയമത്തിനെതിരേ പ്രമേയം പാസാക്കി. സംസ്ഥാനത്ത് സി.എ.എ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സി.എ.എക്കെതിരേ ഇടത് മുന്നണിയും സർക്കാരും വ്യക്തമായ നിലപാട് സ്വീകരിക്കുമ്പോഴും മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പ് ഒരു വിഭാഗത്തിനെതിരേ കുതന്ത്രം മെനയുകയായിരുന്നു. ഇത് മുഖ്യമന്ത്രിക്കും ഇടത് സർക്കാരിനും കാണാൻ കഴിഞ്ഞില്ലെന്ന് കരുതാനാവില്ല. സി.പി.എമ്മുകാരല്ലാത്ത സി.എ.എ വിരുദ്ധ സമരക്കാർക്കെതിരേ വർധിത വീര്യത്തോടെയാണ് സംസ്ഥാന പൊലിസ് കേസെടുത്തു കൊണ്ടിരുന്നത്. ഇത് തടയാൻ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന ഇടത് മുന്നണി സർക്കാരിനോ മുഖ്യമന്ത്രിക്കോ കഴിഞ്ഞില്ല. 2022 ഫെബ്രുവരിയിൽ ഇത് സംബന്ധിച്ച ചോദ്യം നിയമസഭയിൽ ഉന്നയിച്ചത് വയനാട് എം.എൽ.എ ടി. സിദ്ദീഖ് ആണെങ്കിൽ 2021 ഓഗസ്റ്റ് നാലിന് ഇതേ ചോദ്യം നിയമ സഭയിൽ ഉന്നയിച്ചത് തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ ആയിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഉത്തരങ്ങൾ മാത്രം മാറ്റമില്ലാതെ തുടരുകയാണ്. സി.എ.എക്ക് അനുകൂലമായി സംഘ്പരിവാർ കവലകൾ തോറും പ്രചാരണ പരിപാടികൾ നടത്തിയപ്പോൾ ആരുടെയും ആഹ്വാനമില്ലാതെ കടകളടച്ച് സ്വയം പ്രതിഷേധിച്ച കച്ചവടക്കാർക്കെതിരേ ഉത്സാഹപൂർവം പൊലിസ് കേസെടുത്തു. കടകൾ അടച്ച് പ്രതിഷേധിച്ചവർക്കെതിരേ കലിപൂണ്ട സംഘ്പരിവാർ പ്രകോപന മുദ്രാവാക്യങ്ങൾ ഉയർത്തി പ്രകടനം നടത്തിയനെതിരേ പൊലിസ് കേസെടുത്തതുമില്ല. സമരത്തിന്റെ ഭാഗമായി 2019 ഡിസംബർ 17ന് കേരളത്തിൽ ഹർത്താൽ നടത്തിയിരുന്നു. ജനാധിപത്യ പ്രസ്ഥാനങ്ങളും സാമൂഹിക-സാംസ്കാരിക സംഘടനകളുമായിരുന്നു ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ഹർത്താൽ ആഹ്വാനം നിയമ വിരുദ്ധ പ്രവർത്തനമായി കണ്ട് നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ മുൻകൂറായി വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ സി.എ.എ വിരുദ്ധ സമരമുന്നണി പോരാളിയായ മുഖ്യമന്ത്രിയോ ഭരണകൂടമോ ഡി.ജി.പിയെ തിരുത്താൻ തയാറായില്ല.
ഹർത്താലുകളിൽ അക്രമം നടത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നവർക്കെതിരേയാണ് സാധാരണ നിയമ നടപടി സ്വീകരിക്കാറ്. ഹർത്താലിന് ആഹ്വാനം ചെയ്തവരെ വ്യാപകമായി അറസ്റ്റ് ചെയ്തപ്പോഴും സമരത്തിനൊപ്പമെന്ന് പറഞ്ഞ സർക്കാർ അനങ്ങിയില്ല. ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയും ഹർത്താൽ ആഹ്വാനം നടത്തിയതിന്റെ പേരിൽ വ്യാപകമായി അറസ്റ്റ് ചെയ്തു. അപ്പോഴും സർക്കാർ അനങ്ങിയില്ല. സി.എ.എയെ എതിർത്ത് സമരാഹ്വാനം നൽകിയവർക്കെതിരേ ഒരു ഭാഗത്ത് കേസെടുക്കുകയും മറുഭാഗത്ത് സി.എ.എക്കെതിരേ ഘോരഘോരം ഗർജിക്കുന്നതിനെയും എന്ത് പേരിട്ടാണ് വിളിക്കേണ്ടിയിരുന്നത് ?
സി.എ.എ വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളികൾ ഇടത് മുന്നണിയാണെന്ന് വരുത്തിത്തീർക്കാൻ അവരുടെ ഭാഗത്ത് നിന്നു പരിശ്രമങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി തന്നെ പല പ്രക്ഷോഭ പരിപാടികളിലും, റാലികളിലും പങ്കെടുത്ത് ഈ ശ്രമത്തിന് നേതൃത്വം നൽകുകയും ചെയ്തു കൊണ്ടിരുന്നു. രണ്ടാം പിണറായി സർക്കാരിന് വീണ്ടും അധികാരത്തിൽ വരാൻ ഇതേത്തുടർന്നുണ്ടായ ബഹുജനപിന്തുണ കാര്യമായപങ്കു വഹിച്ചിട്ടുണ്ട്. പക്ഷെ രണ്ടാം തവണ അധികാരത്തിൽ വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനെതിരേയുള്ള കേസുകൾ സർക്കാർ പിൻവലിക്കാതിരിക്കുമ്പോൾ, തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള വോട്ട് രാഷ്ട്രീയം മാത്രമായിരുന്നോ സി.എ.എ വിരുദ്ധ സമരത്തിനുള്ള ഇടത് മുന്നണി പിന്തുണ എന്ന് തോന്നിപ്പോവുക സ്വാഭാവികം. സി.എ.എ വിരുദ്ധ സമരത്തോട് ആത്മാർഥമായ നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നതെങ്കിൽ സമരം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും, സമാധാനപരമായി സമരം ചെയ്തവർക്കെതിരെയുളള കേസ് പിൻവലിക്കാത്തതിൽ എന്ത് ന്യായമാണുള്ളത്. സർക്കാർ വിശദമാക്കണം. ശബരിമല, സി.എ.എ സമരക്കാർക്കെതിരേയുള്ള കേസുകൾ പിൻവലിക്കുമെന്ന സർക്കാർ ഉത്തരവ് വന്നത് 2021 ഫെബ്രുവരി 24നാണ്. ഉത്തരവ് വന്നിട്ട് ഒരു വർഷം കഴിഞ്ഞു. ഉത്തരവ് വന്നതിന് ശേഷവും സാമൂഹിക-സാംസ്കാരിക പ്രവർത്തകർക്കെതിരേ കേസുകൾ ചാർജു ചെയ്യുകയുണ്ടായി.
കേസുകൾ പിൻവലിക്കുന്നതിന് അതിന്റേതായ നടപടിക്രമങ്ങൾ പാലിക്കേണ്ടിവരുമെന്നത് എല്ലാവർക്കും അറിയാം. ഒരു വർഷം കഴിഞ്ഞിട്ടും നടപടി ക്രമങ്ങൾ പാലിച്ച് കേസ് പിൻവലിക്കാൻ കഴിയുന്നില്ലെന്നത് വിശ്വസിക്കാനും പറ്റില്ല.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ ഘടകകക്ഷിയാണ് തമിഴ്നാട്ടിൽ ആ സമയത്ത് അധികാരത്തിൽ ഉണ്ടായിരുന്ന എ.ഐ.എ.ഡി.എം.കെ, സി.എ.എ സമരക്കാർക്കെതിരേയുള്ള ലക്ഷക്കണക്കിനുള്ള കേസുകൾ പിൻവലിച്ചത് കാണാതെ പോകരുത്. അതിന് ശേഷമാണ് സംഘ്പരിവാർ വിരുദ്ധമെന്ന് നമ്മെ പിന്നെയും പിന്നെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന, സി.പി.എം നേത്യത്വത്തിലുള്ള ഇടത് മുന്നണി സർക്കാർ കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനം മാത്രം നടത്തിയത്. പ്രഖ്യാപനമല്ലാതെ കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല. ഇതിനെ രാഷ്ട്രീയ സത്യസന്ധത എന്ന് വിളിക്കാനാവില്ല. സി.എ.എ വിരുദ്ധ സമരത്തിൽ സർക്കാരിന് ആത്മാർഥമായ നിലപാടാണുള്ളതെങ്കിൽ സമരക്കാർക്കെതിരേയുള്ള മുഴുവൻ കേസുകളും ഉടനടി പിൻവലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."