യുദ്ധം തുടരുന്നു; കൊല്ലപ്പെട്ടത് 137 പേര്‍; ഒറ്റപ്പെട്ടെന്ന് യുക്രൈന്‍, റഷ്യക്കെതിരേ കടുത്ത സാമ്പത്തിക ഉപരോധങ്ങളുമായി ലോകരാഷ്ട്രങ്ങള്‍; കുലുക്കമില്ലാതെ പുടിന്‍
കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണങ്ങള്‍ തുടരുന്നു. നഗരങ്ങളിലാണ് ആക്രമണങ്ങള്‍ തുടരുന്നത്. യുദ്ധത്തിന്റെ ആദ്യം ദിനമായ ഇന്നലെ കൊല്ലപ്പെട്ടത് 137 പേരാണെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാന നഗരമായ കീവില്‍ സൈനിക വിന്യാസം റഷ്യ വര്‍ധിപ്പിച്ചിട്ടുണ്ട്. ആശുപത്രികള്‍ക്ക് നേരെയും റഷ്യന്‍ സൈന്യം ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
റഷ്യക്കെതിരേ കടുത്ത പ്രതിഷേധമാണ് ലോകരാജ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കയടക്കം നിരവധി രാജ്യങ്ങളാണ് റഷ്യക്കെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. ന്യുസിലാന്‍ഡും റഷ്യക്കെതിരേ രംഗത്തെത്തി. എന്നാല്‍ ഇതിലൊന്നും റഷ്യ പിന്‍മാറാന്‍ തയാറായിട്ടില്ല. യുദ്ധത്തെ ന്യായീകരിക്കുകയാണ് പുടിന്‍.
അതേ സമയം യുദ്ധത്തില്‍ യുക്രൈന്‍ ഒറ്റപ്പെട്ടതായി പ്രസിഡന്റ് വളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. രാജ്യം ഒറ്റയ്ക്കാണ് പൊരുതുന്നത്. തന്നെ ഇല്ലാതാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ഇതിനായി പ്രത്യേക സംഘങ്ങള്‍ കീവിലെത്തിയതായും സെലന്‍സ്‌കി പറഞ്ഞു. എന്നാല്‍ റഷ്യക്കെതിരായ ഇന്ത്യയുടെ നിലപാടില്‍ കടുത്ത നിരാശയും യുക്രൈന്‍ രേഖപ്പെടുത്തി.
അതേ സമയം യുദ്ധത്തിനെതിരെ റഷ്യയില്‍ തന്നെ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെത്തി. നൂറുകണക്കിന് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓസ്‌ട്രേലിയയും റഷ്യക്കെതിരേ രംഗത്തു വന്നു.
യുദ്ധക്കെടുതി ഭയന്ന് പുരുഷന്മാര്‍ രാജ്യം വിടുന്നത് യുക്രൈന്‍ ഭരണകൂടം വിലക്കി. 18നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ രാജ്യം വിടരുതെന്നാണ് നിര്‍ദേശം. റഷ്യക്കെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് ആയുധം നല്‍കാനുള്ള ഉത്തരവ് യുക്രൈന്‍ സര്‍ക്കാര്‍ പുറത്തിറക്കി. അതേസമയം, യുക്രൈന്‍ സൈനികനടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. ഖെര്‍സോന്‍ അടക്കം തെക്കന്‍ യുക്രൈനിലെ ആറ് മേഖലകള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. യുക്രൈനിലെ 11 വ്യോമതാവളങ്ങള്‍ അടക്കം 70 സൈനികകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് റഷ്യ അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."