രാജിയിലും തീർന്നില്ല ; കാസർകോട്ടെ ബി.ജെ.പിയിൽ പ്രശ്‌നങ്ങൾ ഗുരുതരം
കാസർകോട്
ജില്ലയിൽ ബി.ജെ.പി നേതൃത്വവും പ്രവർത്തകരും തമ്മിലുള്ള പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നു. കുമ്പള പഞ്ചായത്തിലെ സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിനെ തുടർന്നുണ്ടായ പോര് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരുടെ രാജിയിലൂടെ പരിഹരിക്കാമെന്ന നേതൃത്വത്തിന്റെ പദ്ധതി പാളി.
കൂട്ടുനിന്ന നേതാക്കൾക്കെതിരേ നടപടിയില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നു വിമതനേതാക്കൾ വാർത്താസമ്മേളനം നടത്തി വ്യക്തമാക്കിയതോടെയാണു പാർട്ടിയിലെ പോര് കൂടുതൽ വഷളായത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കാസർകോട്ടെ ചില നേതാക്കൾ ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്ന ആരോപണവുമായി പുതിയ വിവാദത്തിനും വിമത നേതാക്കൾ തുടക്കമിട്ടിട്ടുണ്ട്.
പെരിയ കേരള കേന്ദ്ര സർവകലാശാലയിലെ ചില നിയമനങ്ങളിൽ സാമ്പത്തിക ഇടപാടുണ്ടായിട്ടുണ്ടെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച പി. രമേശൻ ആരോപിച്ചു. ഇദ്ദേഹം മുൻ സംസ്ഥാന സമിതിയംഗവും നിലവിൽ കാസർകോട് നഗരസഭാംഗവുമാണ്.
കുമ്പള പഞ്ചായത്തിൽ സി.പി.എമ്മിനൊപ്പം സഹകരിക്കാൻ തീരുമാനമെടുത്ത സംഭവത്തിൽ അന്നത്തെ ജില്ലാ പ്രസിഡന്റും നിലവിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുമായ കെ. ശ്രീകാന്ത് ഉൾപ്പെടെ മൂന്നുപേർക്കെതിരേ നടപടിയെടുക്കണമെന്നാണു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.സംസ്ഥാന അധ്യക്ഷൻ നേരിട്ടുവന്ന് ചർച്ച ചെയ്യണമെന്നും തങ്ങൾ ആവശ്യപ്പെട്ട മൂന്നുപേർക്കെതിരേ നടപടി വേണമെന്നും ഇവർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."