നോമ്പ് കാലത്തെ ആഹാരക്രമ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി ഫുഡ് അതോറിറ്റി
റിയാദ്:നോമ്പ് കാലത്ത് മറ്റുള്ള മാസങ്ങളില്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം പലരും കഴിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. എണ്ണപ്പലഹാരങ്ങളും വറുത്ത ഭക്ഷ്യവസ്തുക്കളും ആഹരിക്കുന്നത് കൂടുകയും ചെയ്യുന്നു.പകല്‍ അന്നപാനീയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുമ്പോള്‍ തന്നെ നാല് നേരം ഭക്ഷണം കഴിക്കുന്നവര്‍ നിരവധിയാണ്. വ്രതദിനത്തിന് വിരാമമിട്ട് ഒന്നാം തുറയില്‍ ഈത്തപ്പഴവും ജ്യൂസുകളും ഫ്രൂട്‌സുകളും എണ്ണപ്പലഹാരങ്ങളും തരിക്കഞ്ഞിയും മറ്റും കഴിച്ച ശേഷം മഗ്‌രിബ് നമസ്‌കാരാന്തരം വിഭവസമൃദ്ധമായ രണ്ടാം തുറയാണ് മിക്കവരുടെയും ശീലം. റമദാന്‍ മാസത്തിലെ പ്രത്യേക നിസ്‌കാരമായ തറാവീഹിന് ശേഷം ജീരകക്കഞ്ഞിയോ ചോറോ മറ്റുള്ള ഭക്ഷണങ്ങളോ കഴിക്കുന്നു. തുടര്‍ന്ന് പുലര്‍ച്ചെ നോമ്പിന് തയ്യാറെടുക്കുന്നതിന്റെ മുമ്പായുള്ള അത്താഴത്തിനും അരിഭക്ഷണവും മറ്റും കഴിക്കുന്നതാണ് പതിവ്.
റമദാനില്‍ സമീകൃതവും മിതമായതുമായ ഭക്ഷണമാണ് വേണ്ടത്. ഇതിനായി സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഗോതമ്പ്, ഓട്സ് തുടങ്ങിയ ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, വിവിധതരം പഴങ്ങളും പച്ചക്കറികളും ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്ന് അതോറിറ്റി ഓര്‍മിപ്പിച്ചു.നോമ്പ് കാലത്ത് ആവശ്യത്തിന് പ്രോട്ടീന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പയര്‍വര്‍ഗ്ഗങ്ങള്‍, മത്സ്യം, മുട്ട, കട്ടികുറഞ്ഞ മാംസം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം പരമാവധി കുറയ്ക്കണം. വ്രത സമയം കഴിഞ്ഞാല്‍ ദിവസത്തില്‍ ആറ് മുതല്‍ എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കണം. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്താന്‍ വേണ്ടിയാണിത്.
ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ കാലപ്പഴക്കം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അതോറിറ്റി ഉപഭോക്താക്കളെ ഓര്‍മിപ്പിച്ചു. അതിലടങ്ങിയ ചേരുവകള്‍ ശ്രദ്ധിക്കുകയും വേണം. കാലഹരണപ്പെടുന്ന തീയതി പരിശോധിക്കുകയും അലര്‍ജികള്‍ പോലുള്ള ഉണ്ടാക്കുന്ന ചേരുവകള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. ചെറിയ അളവില്‍ അപൂരിത എണ്ണകള്‍ ശുപാര്‍ശ ചെയ്യുന്നു.ശരീരത്തിലെത്തുന്ന കലോറി, കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയില്‍ നിയന്ത്രണം വേണം. ഓരോരുത്തര്‍ക്കും ഒരു ദിവസം ആവശ്യമായ കലോറി എത്രയെന്ന് കണ്ടെത്താന്‍ സഹായിക്കുന്നതിന് അതോറിറ്റിയുടെ വെബ്സൈറ്റില്‍ കലോറി കാല്‍ക്കുലേറ്റര്‍ നല്‍കിയിട്ടുണ്ട്. റമദാനില്‍ ഭക്ഷണക്രമം ക്രമീകരിക്കാന്‍ ഇത് ഉപകരിക്കും. ഭക്ഷണം ക്രമീകരിച്ച് മിതമായ ശരീരഭാരം കൈവരിക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും ഈ കാല്‍ക്കുലേറ്റര്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."