പ്രചാരണത്തിലുണ്ട് പാണക്കാട് കുടുംബത്തിന്റെ കൈയൊപ്പ്
മലപ്പുറം: അണികള്‍ ആദരവ് നല്‍കുമ്പോഴും തെരഞ്ഞെടുപ്പ് ഗോദയില്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുതേടി പ്രചാരണത്തില്‍ കൈയൊപ്പു ചാര്‍ത്തുകയാണ് പാണക്കാട് സയ്യിദ് കുടുംബം.
മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുതല്‍ ഇളംതലമുറയിലെ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ വരെയുള്ളവരാണ് മുസ്‌ലിംലീഗിന്റേയും യു.ഡി.എഫിന്റേയും സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുതേടി സംസ്ഥാനത്ത് സജീവമായുള്ളത്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് പര്യടനത്തിന് ഇറങ്ങിയത്. ശാരീരിക പ്രയാസങ്ങള്‍ മൂലം കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഹൈദരലി തങ്ങള്‍ക്ക് പോകാനായിട്ടില്ല. കുടുംബ യോഗങ്ങളിലും പൊതുപരിപാടികളിലുമാണ് ഹൈദരലി തങ്ങള്‍ പങ്കെടുക്കുന്നത്. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തെരഞ്ഞെടുപ്പില്‍ മുഴുനീള പ്രവര്‍ത്തനങ്ങളിലാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലുമായി സൗഹൃദ സന്ദേശയാത്ര ഒരുക്കിയാണ് സാദിഖലി തങ്ങള്‍ കളം സജീവമാക്കിയത്.
സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെല്ലാം പ്രചാരണയോഗങ്ങളില്‍ പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാകുമെന്നും തങ്ങള്‍ പറഞ്ഞു.
യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കും തെരഞ്ഞെടുപ്പായതോടെ വിശ്രമമില്ല. യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസിന് വേണ്ടി തെരുവോരങ്ങളില്‍ വോട്ട് തേടിയിറങ്ങിയിരിക്കുകയാണ് മുനവ്വറലി തങ്ങള്‍. ജില്ലകളിലൂടെയുള്ള പര്യടനത്തിലാണ് മുനവ്വറലി തങ്ങളിപ്പോഴും. തിരൂരങ്ങാടിയില്‍ കെ.പി.എ മജീദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ നേതൃത്വം പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ക്കാണ്. മലപ്പുറം മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍, മലപ്പുറം മണ്ഡലം മുന്‍സിപ്പല്‍ മുസ്‌ലിംലീഗ് പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും പര്യടനങ്ങളില്‍ സജീവമാണ്. പാര്‍ട്ടിയുടെ അമരത്ത് പാണക്കാട് കുടുംബം സജീവമാകുമ്പോഴും ഇവിടെ നിന്ന് ഇതുവരെ ആരും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."