അല്‍ബിര്‍ നേരറിവിന്റെ സ്‌നേഹസ്പര്‍ശം
ധര്‍മവും നീതിയും സ്‌നേഹവും വിജ്ഞാനവുമെല്ലാം മൊട്ടിട്ട് വിടരുന്ന ആരാമം. നിഷ്‌ക്കളങ്കമായ കുഞ്ഞുമനസുകളില്‍ നിര്‍മലമായതെല്ലാം സന്നിവേശിപ്പിക്കാന്‍ ഈ ആരാമത്തിന്റെ കാവല്‍ക്കാര്‍ സദാ കാത്തിരിപ്പുണ്ട്. നാടിനും നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കുമെല്ലാം കണ്‍കുളിര്‍മയായി വളരുന്ന സന്താനങ്ങളെ കാണണമെങ്കില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലയുയര്‍ത്തിനില്‍ക്കുന്ന അല്‍ബിര്‍റ് പ്രീ സ്‌കൂളുകളുടെ കവാടങ്ങള്‍ കടന്നുചെല്ലുക.
ചൊട്ടയിലെ ശീലം ചുടലവരേയെന്നാണ് പഴമൊഴി. നാളെ കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെപ്പോലും നിയന്ത്രിക്കേണ്ടവരാണ് ഇന്നത്തെ കുഞ്ഞുങ്ങള്‍. നമ്മുടെ കുട്ടികളെ ശൈശവത്തില്‍ തന്നെ മത, ധാര്‍മിക ചുറ്റുപാടില്‍ വളര്‍ത്തണമെന്ന മഹത്തായ കാഴ്ചപ്പാടില്‍ നിന്നാണ് അല്‍ബിര്‍റിന്റെ തുടക്കം.
തൊണ്ണൂറാം വാര്‍ഷിക സമ്മാനം
സമസ്തയുടെ തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിലാണ് അല്‍ബിര്‍റ് സ്‌കൂളിന്റെ പ്രഖ്യാപനമുണ്ടായത്. വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാരാണ് ആ ചരിത്ര നിയോഗം നിര്‍വഹിച്ചത്. കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ ഉള്‍ക്കാഴ്ചയും പ്രയത്‌നങ്ങളും ഇക്കാര്യത്തില്‍ വിസ്മരിക്കാനാകില്ല.
വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പ്രത്യേകം രൂപീകരിച്ച 21 അംഗ സംസ്ഥാന സമിതിയാണ് അല്‍ ബിര്‍റിന് ചുക്കാന്‍പിടിക്കുന്നത്. അക്കാദമിക് ബോര്‍ഡും അഡ്മിനിസ്‌ട്രേഷന്‍ വിഭാഗവും പ്രത്യേകമായി പ്രവര്‍ത്തിക്കുന്നു. പുതിയങ്ങാടി വരക്കല്‍ മഖാമിനടുത്താണ് അല്‍ബിര്‍റിന്റെ ആസ്ഥാനം. വളരെപ്പെട്ടെന്നു തന്നെയാണ് അല്‍ബിര്‍റ് വളര്‍ന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന അല്‍ബിര്‍റിന് സംസ്ഥാനത്തിനു പുറത്തും വിദേശങ്ങളിലും കടന്നുചെല്ലാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നില്ല. കഴിഞ്ഞവര്‍ഷം 212 സ്ഥാപനങ്ങളാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. 266 ബാച്ചുകളിലായി പതിനായിരത്തിനടുത്ത് വിദ്യാര്‍ഥികളാണ് ഈ പൂങ്കാവനത്തില്‍ വിടര്‍ന്നു വിലസുന്നത്.
ലക്ഷ്യം വികസികുന്നു
പ്രീ പ്രൈമറി പഠനമായിരുന്നു ആദ്യ ലക്ഷ്യം. 2018ല്‍ അംഗീകാരമുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ അല്‍ബിര്‍റ് പ്രൈമറി ഡിവിഷനുകള്‍ അനുവദിച്ചുതുടങ്ങി. അല്‍ബിര്‍റ് വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിനായുള്ള അവസരങ്ങളും ഒരുങ്ങി. പുതിയ അധ്യായന വര്‍ഷം ജൂണ്‍ മാസത്തോടെ ആരംഭിക്കുമ്പോള്‍ പ്രൈമറി പഠനം നാലാം തരത്തിലേക്കു കടക്കുകയാണ്. സ്വന്തം തയാറാക്കിയ സിലബസ് പ്രകാരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓപണ്‍ സ്‌കൂള്‍സിന്റെ സ്ഥാപനങ്ങളില്‍ പഠനം നടന്നുവരുന്നു. തുടര്‍ പരിപാടികളെക്കുറിച്ച് പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു. ഇപ്പോള്‍ പ്രൈമറി അഫിലിയേഷന്‍ 40 വിദ്യാലയങ്ങള്‍ക്കാണുള്ളത്. കഴിവുറ്റ അധ്യാപികമാര്‍ അല്‍ബിര്‍റിന്റെ പ്രത്യേകതയാണ്. പ്രത്യേക പരിശീലനം ലഭിച്ച ഇവരുടെ കൈകകളില്‍ കുഞ്ഞുങ്ങള്‍ എല്ലാ കാര്യത്തിലും സുരക്ഷിതരാണ്. അധ്യാപികമാര്‍ക്കായി പ്രത്യേക ട്രൈനിങ് സെന്ററുകള്‍ ആരംഭിക്കാനിരിക്കുകയാണ്.
മികവിന്റെ കേന്ദ്രം
ചുറ്റും കൂണുപോലെ മുളച്ചുപൊന്തുന്ന പ്രീപ്രൈമറി സ്ഥാപനങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തമാണീ കലാലയം. നിരന്തരമായ പഠന മനനങ്ങള്‍ക്കു ശേഷമാണ് പാഠ്യപദ്ധതികളടക്കമുള്ള എല്ലാ കാര്യങ്ങളും തീരുമാനിച്ചത്. വിവിധ രാജ്യങ്ങളിലെ പാഠ്യ പദ്ധതികളില്‍ നിന്നു സ്വീകരിക്കാന്‍ പറ്റാവുന്ന നല്ലതു പലതും ഉള്‍ക്കൊണ്ടു. അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപികമാരുടെ യോഗ്യതകള്‍, പഠന ബോധന രീതികള്‍, ഒരു ബാച്ചില്‍ എടുക്കാവുന്ന കുട്ടികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിലെല്ലാം കൃത്യമായ കണിശത പുലര്‍ത്തുന്ന സമീപനമുണ്ടായപ്പോള്‍ ഓരോ അല്‍ബിര്‍റും ഗുണനിലവാരത്തില്‍ മികച്ചുനിന്നു. അറബിക്, ഇസ്‌ലാമിക് സ്റ്റഡീസ്, ഇംഗ്ലീഷ്, പരിസര പഠനം, ഗണിതം, മലയാളം എന്നിവ പ്രീ പ്രൈമറിയിലും ഇവ കൂടാതെ ഹിന്ദി, ഐ.ടി, ജി.കെ എന്നിവ പ്രൈമറിയിലും പാഠ്യവിഷയങ്ങളാണ്.
സമസ്തയുടെ വിദ്യാഭ്യാസ നവോഥാനമുണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങളുടെ ഫലങ്ങള്‍ നമ്മളിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇനിയുമേറെ കാണാനുണ്ടെന്ന ചാരിതാര്‍ഥ്യമാണ് അല്‍ബിര്‍റ് എന്ന മഹത്തായ ദൗത്യം നമുക്കു മുന്നില്‍ പ്രതീക്ഷ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."