സച്ചിന്‍ വാസെയുടെ ബോംബും ഉദ്ദവ് താക്കറെയുടെ ഭരണവും
മുകേഷ് അംബാനിയുടെ വസതിയായ അന്റിലിയക്കു സമീപം സ്‌കോര്‍പിയോ കാറില്‍ നിറയെ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയതുമായ ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നിട്ട് ഒരു മാസത്തിലേറെയായി. സച്ചിന്‍ വാസെ എന്ന മുംബൈ പൊലിസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറുടെ അറസ്റ്റിലേക്കും പരംബീര്‍ സിങ് എന്ന മുംബൈ പൊലിസ് തലവന്റെ സ്ഥാന ചലനത്തിലേക്കും വഴി തെളിച്ച ഈ കേസിനൊടുവില്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖിന് രാജിവയ്‌ക്കേണ്ടിയും വന്നു. ആദ്യഘട്ടത്തില്‍ സ്‌കോര്‍പിയോയില്‍നിന്ന് ലഭിച്ച ഒരു കത്തിന്റെ അടിസ്ഥാനത്തില്‍ ജയ്‌ഷെ ഇന്ത്യ എന്ന സംഘടനയെ ചുറ്റിപ്പറ്റിയാണ് മുംബൈ പൊലിസിന്റെ അന്വേഷണം മുന്നോട്ടുപോയത്. എന്നാല്‍, ഭീകര വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) സമാന്തരമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലിസിനുവേണ്ടി കേസ് അന്വേഷിച്ചുകൊണ്ടിരുന്ന സച്ചിന്‍ വാസെ തന്നെയാണ് യഥാര്‍ഥ പ്രതിയെന്ന് വെളിച്ചത്തായി. ഹിന്ദി സിനിമകളെ വെല്ലുന്ന തിരക്കഥയായിരുന്നു അവിടുന്നിങ്ങോട്ട് രാജ്യം കണ്ടുകൊണ്ടിരുന്നത്. ബോംബു ഭീഷണി ഉയര്‍ത്തിയ സ്‌കോര്‍പിയോ വാഹനത്തിന്റെ ഉടമസ്ഥനായ മന്‍സുഖ് ഹിരേനെ എ.ടി.എസ് ചോദ്യം ചെയ്തതിനു പിന്നാലെ പൊലിസ് ഒരു ദിവസം വിളിപ്പിക്കുകയും പിറ്റേ ദിവസം അദ്ദേഹത്തിന്റെ മൃതദേഹം മുംബൈയ്ക്കു സമീപം രേത്തി ബന്ദര്‍ കടലിടുക്കില്‍നിന്ന് കണ്ടുകിട്ടുകയും ചെയ്തു. തന്റെ വാഹനം മോഷ്ടിക്കപ്പെട്ടുവെന്ന് മന്‍സുഖ് പൊലിസില്‍ പരാതി നല്‍കിയ കാലത്ത് ഈ വാഹനം സച്ചിന്‍ വാസെയുടെ കസ്റ്റഡിയിലായിരിക്കാമെന്നാണ് എ.ടി.എസിന്റെ നിഗമനം. എന്തായാലും വാസെയുടെ ഔദ്യോഗിക പൊലിസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് കാര്‍ അന്റിലിയക്കു സമീപം രാത്രിയില്‍ കൊണ്ടുവന്നു നിര്‍ത്തിയതെന്ന് സി.സി ടിവി തെളിവുകള്‍ പുറത്തുവന്നു. ഇന്ത്യയിലെയെന്നല്ല പാകിസ്താനിലെ ജയ്ഷിനു പോലും വാസെയെ രക്ഷപ്പെടുത്താന്‍ കഴിയാത്തവിധം കുരുക്കുകള്‍ മുറുകിയത് അങ്ങനെയാണ്.
എന്തിനാണ് മുംബൈ പൊലിസിലെ ഒരു അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ മാത്രമായ സച്ചിന്‍ വാസെ അംബാനിയെ ലക്ഷ്യംവച്ചതെന്ന ചോദ്യമൊഴികെ ബാക്കിയുള്ളതിനെല്ലാം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.ഐ.എ ഉത്തരം നല്‍കിക്കഴിഞ്ഞു. അദ്ദേഹത്തിന് അത്രയെളുപ്പം സ്ഥാപിക്കാമായിരുന്ന ബോംബായിരുന്നില്ല അത്. മുംബൈ പൊലിസിനകത്ത് വാസെ ആരായിരുന്നുവെന്ന് അന്വേഷിക്കുമ്പോഴാണ് ഈ പ്രവൃത്തിയുടെ ഗൗരവം മനസിലാകുക. ഔദ്യോഗികമായ 'മൂപ്പിളമ'കള്‍ മറികടന്ന് മഹാരാഷ്ട്ര പൊലിസ് മേധാവി പരംബീര്‍ സിങ്ങിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍, 2004ല്‍ നടന്ന ഖ്വാജാ യൂനുസ് കസ്റ്റഡിമരണ കേസിനെ തുടര്‍ന്ന് 16 വര്‍ഷം സസ്‌പെന്‍ഷനിലായിരുന്നു ഇദ്ദേഹത്തിന് സര്‍വിസിലിരുന്ന കാലത്ത് 60 പേരെയെങ്കിലും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ കാലപുരിക്കയച്ച ബഹുമതിയും സ്വന്തമായുണ്ട്. ഇടക്കാലത്ത് ശിവസേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച വാസെയെ ഉദ്ധവ് താക്കറെ അധികാരമേറ്റതിനു ശേഷം പരംബീര്‍ സിങ് മുന്‍കൈയെടുത്താണ് ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ എതിരഭിപ്രായം വകവയ്ക്കാതെ സര്‍വിസില്‍ തിരിച്ചെടുത്തത്. ഒട്ടും വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥനായിട്ടും ഈ പരംബീര്‍ സിങ്ങിനെ പൊലിസിന്റെ തലപ്പത്ത് ശിവസേന സര്‍ക്കാര്‍ പ്രതിഷ്ഠിച്ചതു തന്നെ ഒന്നാന്തരം അബദ്ധമായിരുന്നു. വാസെ തിരിച്ചെത്തിയതിനുശേഷമോ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയക്കേസുകളിലും അന്വേഷണ ചുമതല വാസെയുടേതായി മാറി. അര്‍ണബ് ഗോസ്വാമിയുടെ ആത്മഹത്യാ പ്രേരണാ കേസ്, ടി.ആര്‍.പി തട്ടിപ്പ് കേസ്, ഋത്വിക് റോഷന്‍ - കങ്കണാ റാവത്ത് കേസ്, ദിലീപ് ചബ്രിയ ലോണ്‍ തട്ടിപ്പ് കേസ്, മോഹന്‍ ദേല്‍കര്‍ ആത്മഹത്യാ കേസ് തുടങ്ങിയവയൊക്കെ വാസെയാണ് അന്വേഷിച്ചുകൊണ്ടിരുന്നത്. ദാദ്ര നഗര്‍ ഹവേലിയിലെ എം.പിയായിരുന്ന മോഹന്‍ ദേല്‍കര്‍ ബി.ജെ.പിയിലെ ചില പ്രമുഖരെ കുറ്റപ്പെടുത്തിയാണ് മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ തൂങ്ങിമരിച്ചത്. രാഷ്ട്രീയ യജമാനന്മാരുടെ ഇഷ്ടപ്രകാരം മാത്രം മുന്നോട്ടുപോകേണ്ട ഇത്തരം കേസുകളുടെയൊക്കെ ദിശ നിര്‍ണയിച്ചുകൊണ്ടിരുന്ന തലച്ചോറായിരുന്നു ഈ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറുടേതെന്നര്‍ഥം. അങ്ങനെയുള്ള വാസെ എന്തു ലക്ഷ്യത്തിനു വേണ്ടി അംബാനിയുടെ വീടിനു സമീപം ബോംബുവയ്ക്കാനൊരുങ്ങി? എന്‍.ഐ.എ അവകാശപ്പെടുന്നതുപോലെ 'സര്‍വിസില്‍ നിലനില്‍ക്കുന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍' ഒരു കിടുക്കന്‍ കേസ് അംബാനിയുടെ ചെലവില്‍ ഒപ്പിക്കാനായിരുന്നോ അദ്ദേഹത്തിന്റെ ശ്രമം?
അംബാനി ബോംബ് ഭീഷണി കേസില്‍ തുടക്കത്തില്‍ പറഞ്ഞുകേട്ട പേരാണ് ജയ്‌ഷെ ഹിന്ദ് എന്ന പുതിയൊരു ഭീകര സംഘടനയുടേത്. ജലാറ്റിന്‍ സ്റ്റിക്കുകള്‍ക്കൊപ്പം കണ്ടെടുത്ത കത്തില്‍ ഇതൊരു സൂചന മാത്രമാണെന്നും കളി പുറകേ വരുന്നുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്താണ് ഈ ഭീഷണിയുടെ പിന്നിലുള്ള കാരണമെന്ന് വ്യക്തമായിരുന്നില്ല. പിന്നീടാണ് ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടുവെന്നും മറ്റുമുള്ള ടെലഗ്രാം ആപ്പ് വഴിയുള്ള വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടത്. പാറ്റ്‌ന ബോംബു സ്‌ഫോടന കേസിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട തഹ്‌സീന്‍ അഖ്തര്‍ എന്ന 'ഇന്ത്യന്‍ മുജാഹിദീന്‍' നേതാവ് തിഹാര്‍ ജയിലില്‍നിന്ന് രൂപീകരിച്ചതാണത്രെ ജയ്‌ഷെ ഇന്ത്യ. ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് സ്‌പേസുകളില്‍ തിഹാര്‍ ജയിലിനകത്തെ ഒരു മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് അന്വേഷകരെ തഹ്‌സീനിലേക്ക് എത്തിക്കുന്നത്. തിഹാര്‍ ജയിലിലെ ഭീകരര്‍ക്ക് സ്വന്തമായി മൊബൈല്‍ ഫോണുകളും ഡാര്‍ക്ക് സ്‌പേസിലേക്കു കൂടി കടന്നുകയറുംവിധം മികച്ച കണക്ടിവിറ്റിയുള്ള ഇന്റര്‍നെറ്റും ഒരുവേള 5ജി തന്നെയും ഉണ്ടെങ്കില്‍ എന്തൊരു വെള്ളരിക്കാ പട്ടണമാണ് നമ്മുടേത്. സുഭാഷ് സിങ് താക്കൂര്‍ എന്ന മറ്റൊരു അധോലോക നേതാവ് യു.പിയിലെ ജയിലില്‍നിന്ന് തിഹാറില്‍ ബന്ധപ്പെട്ടാണ് ഈ സന്ദേശം അയപ്പിച്ചതെന്ന വേറൊരു കഥയും പുറത്തുവന്നു. അതായത് കൊടും ക്രിമിനലുകള്‍ക്ക് ജയിലുകളില്‍നിന്ന് ഇങ്ങനെയൊക്കെ പരസ്പരം ബന്ധപ്പെടാനാവുമെന്ന്! ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെടുന്നവര്‍ക്ക് സ്വാഭാവികമായും അത് എന്താണെന്ന ബോധം കൂടി ഉണ്ടായിരിക്കുമല്ലോ. അത്രയും കൂടിയ സാമ്പത്തിക, സാങ്കേതിക പരിജ്ഞാനമുള്ളവര്‍ കറന്‍സി സ്വീകരിക്കുന്നതിനുള്ള ലിങ്ക് കൂടി ഭീഷണിക്കത്തിനൊപ്പം അയച്ചുകൊടുത്തുവെങ്കില്‍ മുന്‍കാലത്ത് പാകിസ്താനിലെ ഭീകരപ്രമാണിമാരുടെ ഫോണ്‍ നമ്പറുകള്‍ കുറിച്ചുവച്ച പോക്കറ്റ് ഡയറികളുമായി ഇന്ത്യയില്‍ ബോംബുവയ്ക്കാന്‍ വരുന്ന ഭീകരന്മാരുടെ കഥകള്‍ പോലെ പരിഹാസ്യമായ മറ്റൊന്നല്ലേ? സുരക്ഷിതമായ ആശയവിനിമയ ആപ്പായി പലരും കരുതുന്ന ടെലഗ്രാമിനകത്ത് ഡാര്‍ക്ക് സ്‌പേസുകള്‍ ഉപയോഗിക്കുന്ന ഭീകരരുടെയും രഹസ്യ പൊലിസ് സംവിധാനങ്ങളുടെയും ഇടപെടലുകള്‍ സജീവമാണെന്നു കൂടിയല്ലേ ഇതിന്നര്‍ഥം? പുതിയ കാലഘട്ടത്തിലെ സാങ്കേതിക സാധ്യതകള്‍ ഭയാനകമാം വിധം ഉപയോഗപ്പെടുത്തി സമീപഭാവിയില്‍, ഒരുപക്ഷേ അടുത്ത തെരഞ്ഞെടുപ്പിനു മുന്നോടിയായി, രംഗപ്രവേശനം നടത്താനിടയുള്ള 'ജയ്‌ഷെ ഹിന്ദ്' അയച്ചതും തിരുത്തിയതുമായ രണ്ട് സന്ദേശങ്ങള്‍ ബാക്കിയാക്കി' തുടക്കത്തിലേ തടി സലാമത്താക്കി.
എന്താണ് ഒടുവില്‍ ബാക്കിയാവുന്നത്? മഹാരാഷ്ട്രയിലെ പൊലിസ് മേധാവിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു കീഴുദ്യോഗസ്ഥന്‍ തന്റെ സുഹൃത്തിന്റെ വാഹനം 'തട്ടിയെടുക്കപ്പെട്ടു'വെന്ന് പരസ്പര ധാരണയോടെ തിരക്കഥയുണ്ടാക്കി, അതിനകത്ത് ജലാറ്റിന്‍ സ്റ്റിക്കുകള്‍ നിറച്ച്, രാജ്യത്തെ ഏറ്റവും വലിയ വ്യവസായികളില്‍ ഒരാളുടെ വീടിനു സമീപം ഭീഷണിക്കത്തുമായി ഉപേക്ഷിക്കുന്നു. വാസെ ഒറ്റക്കത് ചെയ്യുമോ? പരംബീര്‍ സിങ് എന്ന ദേവേന്ദ്ര ഫട്‌നാവിസിന്റെ ഇഷ്ടക്കാരനായിരുന്ന ഈ പൊലിസ് മേധാവിക്ക് ഇതിലുള്ള പങ്കെന്തെന്ന് പക്ഷേ ദേശീയ കുറ്റാന്വേഷണ ഏജന്‍സികള്‍ ചോദിക്കുന്നില്ല. വാസെക്ക് ജലാറ്റിന്‍ സ്റ്റിക്ക് എവിടെ നിന്ന് കിട്ടിയെന്നതും ആരുടെയും തലവേദനയല്ല. ഭീകരര്‍ക്ക് മാത്രമാണല്ലോ പാകിസ്താനില്‍നിന്ന് അത് പാര്‍സലായി വരുന്നത്! കേണല്‍ പുരോഹിതിനും വാസെക്കും മറ്റും ജോലിയുടെ ഭാഗമായി അത് ട്രഷറികളില്‍ പണമടച്ചു വാങ്ങാനുള്ള ഏര്‍പ്പാട് മഹാരാഷ്ട്രയില്‍ ഉണ്ടാവുമായിരിക്കണം. എ.ടി.എസിന്റെ സമാന്തരമായ അന്വേഷണം നടക്കുന്നതുവരെ ഈ കീഴുദ്യോഗസ്ഥന്‍ പറഞ്ഞുകൊണ്ടിരുന്ന കഥകള്‍ രാജ്യത്തെ പിടിച്ചുകുലുക്കുന്ന പുതിയൊരു ഭീകരസംഘടന കൂടി പിറവിയെടുത്തുവെന്ന മുന്നറിയിപ്പാണ്. സംഭവം സ്‌റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ഭീകരതയാണെന്ന് പുറത്തുവന്നതിനുശേഷം കഥ കുറെക്കൂടി പരിഹാസ്യമായാണ് മാറിയത്. അന്റിലിയക്ക് സമീപം ബോംബ് പൊട്ടിയാലുമില്ലെങ്കിലും രാഷ്ട്രീയബോംബുകള്‍ തലങ്ങും വിലങ്ങും എറിഞ്ഞ് രസിക്കുകയാണ് പരംബീര്‍ ചെയ്തത്. അനില്‍ ദേശ്മുഖ് പ്രതിമാസം നൂറു കോടി വീതം 'കിമ്പളം' പിരിക്കാനായി ഏര്‍പ്പാടാക്കിയ ഉദ്യോഗസ്ഥനായിരുന്നു സച്ചിന്‍ വാസെയെന്ന് തനിക്കറിയാമെന്ന് ഏതാണ്ടൊരു ഭീഷണിയുടെ സ്വരത്തില്‍ പരംബീര്‍ സിങ് മുഖ്യമന്ത്രിക്ക് കത്തയച്ചു. എങ്കില്‍ ഇക്കാര്യം കഴിഞ്ഞ എത്രയോ മാസങ്ങളായി പരംബീറിന്റെ തന്നെ മേല്‍നോട്ടത്തിലല്ലേ നടന്നിട്ടുണ്ടാവുക? സര്‍വിസില്‍ ഇരിക്കുന്ന ഒരു പൊലിസ് മേധാവി ആഭ്യന്തരമന്ത്രിക്കെതിരേയാണ് ഇതെഴുതിയതെന്നോര്‍ക്കുക.
സര്‍ക്കാര്‍ എന്ന ഭരണഘടനാ സംവിധാനം അങ്ങേയറ്റം നിഗൂഢവും വിശ്വാസ്യത ഇല്ലാത്തതുമായി മാറുകയാണ് ദുഃഖകരമായ ഈ സംഭവങ്ങളുടെ ബാക്കിപത്രം. മന്‍സുഖ് ഹിരേനെ കൊന്നത് ആരെന്നും എന്തിനെന്നുമുള്ള ചോദ്യത്തിന് സത്യസന്ധമായ ഉത്തരം ലഭിക്കുമെന്ന് കരുതുന്നതില്‍ ഒരു അര്‍ഥവുമില്ല. സംരക്ഷിക്കേണ്ട രാഷ്ട്രീയ തലകള്‍ തന്നെയാണ് മുംബൈയിലും ഡല്‍ഹിയിലും ഇങ്ങ് തിരുവനന്തപുരത്തും കടവത്തൂരിലുമൊക്കെ ബാക്കിയാവുന്നത്. തെളിവുകളും രഹസ്യങ്ങളും ഉള്ളിലേറ്റുന്നവര്‍ കടലിലും തൂക്കുകയറുകളിലും റെയില്‍ പാളങ്ങളിലും ഒടുങ്ങുന്നു. മോഹന്‍ ദേല്‍ക്കര്‍ പേരെഴുതിവച്ച ബി.ജെ.പി നേതാക്കളാണ് ജീവിക്കേണ്ടവര്‍. സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ദേല്‍ക്കറാണ് മരിക്കേണ്ടത്. ശിവസേനക്കും എന്‍.സി.പിക്കും കോണ്‍ഗ്രസിനുമിടയില്‍ രൂപപ്പെട്ട സഖ്യത്തിന്റെ അണിയറ സൂത്രധാരന്‍ മുകേഷ് അംബാനിയായിരുന്നുവെന്നാണല്ലോ പൊതുവേ വിശ്വസിക്കപ്പെടുന്നത്. ആ സൂത്രധാരനെ ലക്ഷ്യമിട്ടു തന്നെ വേണമായിരുന്നു സഖ്യം പൊളിക്കാനും. പൊലിസ് മേധാവികള്‍ മുഖ്യമന്ത്രിമാരുടെ പിടിയില്‍നിന്ന് കുതറിച്ചാടി ഡല്‍ഹിയുടെ പാദാരവിന്ദങ്ങളിലേക്ക് മാറുന്ന പുതിയ കാലത്ത് അത്യസാധാരണമായ മാനങ്ങളുള്ളതാണ് മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് നടന്ന ഈ നാടകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."