അതിവ്യാപന ജില്ലകളില്‍ ലോക്ക്ഡൗണ്‍ ആലോചനയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കെവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ വ്യാപനം കൂടിയ ജില്ലകള്‍ സമ്പൂര്‍ണമായും അടച്ചിട്ടേക്കും. രണ്ട് ജില്ലകള്‍ ഒഴികെ മറ്റുള്ളിടത്തെല്ലാം അതിതീവ്ര രോഗവ്യാപനമുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇന്നും നാളെയും തുടരുന്ന മിനി ലോക്ക്ഡൗണിനു ശേഷം നാലു മുതല്‍ ഒന്പതുവരെ കര്‍ശന നിയന്ത്രണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗവ്യാപനത്തോത് കുറഞ്ഞില്ലെങ്കില്‍ വ്യാപനം രൂക്ഷമാകുന്ന ജില്ലകളില്‍ അടച്ചിടല്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. നാലു മുതല്‍ ഒന്‍പതു വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം അവശ്യസര്‍വിസുകള്‍ക്ക് മാത്രമായി ഒതുക്കും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. ചരക്ക്നീക്കം സുഗമമാക്കും. വിമാനത്താവളത്തിലേക്കു പോകുന്നവര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും തടസമുണ്ടാകില്ല. ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു തടസമുണ്ടാകില്ല. ബാങ്കുകള്‍ പരമാവധി ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. കല്ല്യാണത്തിന് 50 പേരും മരണത്തിന് 20ഉം എന്ന നിലയില്‍ തുടരും. റേഷന്‍, സിവില്‍ സപ്ലൈസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പ്രാര്‍ഥന നടത്താവൂ. എണ്ണം കുറയ്ക്കാന്‍ സാധിക്കുമെങ്കില്‍ കുറയ്ക്കണം. സൗകര്യത്തിനനുസരിച്ചാണ് ആളുകളുടെ എണ്ണം നിശ്ചയിക്കേണ്ടത്. ആള്‍ക്കൂട്ടം അനുവദിക്കില്ല. അതിഥി തൊഴിലാളികള്‍ക്ക് അതത് സ്ഥലത്ത് ജോലി ചെയ്യുന്നതിനു തടസമില്ല. ഓക്സിജനുള്‍പ്പെടെ ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെ നീക്കത്തിന് തടസമുണ്ടാവില്ലെന്നും കൊവിഡ് ഇതരരോഗികള്‍ക്കും ചികിത്സ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനായി കൂട്ടം കൂടരുതെന്നും ഇന്നും നാളെയും അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."