എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ദുരിതംകൊവിഡ് ഫണ്ടിലേക്ക് മാറ്റിയ ശമ്പളം തിരികെ ലഭിക്കാന്‍ കടമ്പകളേറെ
നിലമ്പൂര്‍: കഴിഞ്ഞ വര്‍ഷം കൊവിഡ് ഫണ്ടിലേക്ക് മാറ്റിയ ശമ്പളം എയ്ഡഡ് ജീവനക്കാര്‍ക്ക് ലഭിക്കുന്നതിന് കടമ്പകള്‍ ഏറെയെന്ന് ആരോപണം. ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കിലൂടെ പ്രത്യേക ബില്‍ തയാറാക്കിയാണ് ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടത്. 2020 ഏപ്രില്‍ മുതല്‍ ഓരോ മാസവും ആറു ദിവസം എന്ന കണക്കിലാണ് ഓഗസ്റ്റ്‌വരെ ശമ്പളം കൊവിഡ് ഫണ്ടിലേക്ക് സര്‍ക്കാര്‍ പിടിച്ചത്. 2021 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ആറു ദിവസം വീതം എന്ന കണക്കില്‍ തിരിച്ചു നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഇതു വാങ്ങിത്തുടങ്ങിയെങ്കിലും എയ്ഡഡ് ജീവനക്കാര്‍ക്ക് കിട്ടിത്തുടങ്ങിയിട്ടില്ല. ശമ്പള ബില്ലുകള്‍ നേരിട്ട് ട്രഷറിയില്‍ സമര്‍പ്പിക്കാമെന്നിരിക്കേ ഈ ബില്ലുകള്‍ മേല്‍ ഓഫിസുകളിലേക്ക് ഓണ്‍ലൈന്‍ വഴി അയച്ചുകൊടുക്കണം. തുടര്‍ന്ന് സ്ഥാപനങ്ങള്‍ കൊവിഡ് കാലത്തും മേല്‍ ഓഫിസുകളിലേക്ക് ബില്ലുകളും കൊണ്ടുകൊടുക്കണം. അവിടെനിന്ന് ഉന്നത ഉദ്യോഗസ്ഥന്‍ ഒപ്പിട്ട ശേഷം ഡിജിറ്റല്‍ സൈന്‍ ചെയ്ത് സ്പാര്‍ക്കില്‍ അപ്‌ഡേറ്റ് ചെയ്യണം. എന്നാല്‍ മാത്രമേ ട്രഷറിയില്‍ സമര്‍പ്പിക്കാനാവൂ. സര്‍ക്കാര്‍ ഓഫിസുകളില്‍ നേരിട്ട് ട്രഷറിയിലേക്ക് ഇ-സബ്മിറ്റ് ചെയ്താല്‍ മാത്രം മതി. എന്നാല്‍, എയ്ഡഡ് സ്ഥാപനങ്ങള്‍ മേല്‍ഓഫിസില്‍ ബില്ലുകള്‍ സമര്‍പ്പിച്ച് ആഴ്ചകളോളം കാത്തിരിക്കണം.
അതേസമയം, നേരത്തെ ശമ്പള ബില്ലുകള്‍ ഇത്തരത്തില്‍ നല്‍കിയിരുന്നത് പിന്നീട് എയ്ഡഡ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നേരിട്ട് ട്രഷറിയില്‍ കൊടുക്കാന്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ മാറ്റിവച്ച കൊവിഡ് ബില്‍, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവ ഇപ്പോഴും പഴയപടി അതാത് ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ ഓഫിസില്‍ ഒപ്പുവയ്ക്കുന്നതിനായി കൊണ്ടു കൊടുക്കണം. ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കാതെ ട്രഷറിയിലേക്ക് ബില്‍ പോലും കൊടുക്കേണ്ടതില്ലെന്നും സ്പാര്‍ക്കില്‍ ട്രഷറിയിലേക്ക് ഇ-സബ്മിറ്റ് മാത്രം ചെയ്താല്‍ തന്നെ ബില്‍ പാസാക്കണമെന്ന ട്രഷറി ഡയറക്ടറേറ്റിന്റെ ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതൊന്നും എയ്ഡഡ് ജീവനക്കാര്‍ക്ക് ബാധകമല്ലെന്ന തരത്തിലാണ് അധികൃതര്‍ പെരുമാറുന്നതെന്നാണ് ആരോപണം. എയ്ഡഡ് കോളജുകളുടെ ഇത്തരം ബില്ലുകള്‍ ഒപ്പുവയ്ക്കുന്നത് അതാത് ഡെപ്യൂട്ടി ഡയറക്ടര്‍മാരാണ്. അഞ്ചും ആറും ജില്ലകള്‍ക്ക് ഒരു ഡി.ഡി ഓഫിസ് എന്ന രീതിയില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസുകളുള്ളത്. ഇവിടേക്ക് ബില്ലുകളും കൊണ്ടുചെന്ന് ദിവസങ്ങളോളം കാത്തിരിക്കണം. സ്‌കൂളുകളുടേത് അതാത് ഡി.ഡിമാരാണ് ഒപ്പുവയ്ക്കുന്നത്. കൊവിഡ് ലോക്ക് ഡൗണ്‍, ജീവനക്കാരുടെ 25 ശതമാനം ഹാജര്‍ തുടങ്ങിയവ മൂലം പല ഡി.ഡി ഓഫിസുകളിലും ഒപ്പുവയ്ക്കാന്‍ കാലതാമസം നേരിടും. ഡി.ഡി അപ്രൂവല്‍ നല്‍കാതെ ബില്ലുകള്‍ ട്രഷറിയില്‍ കൊടുക്കാനാവില്ല. എയ്ഡഡ് സ്ഥാപനങ്ങള്‍ സ്പാര്‍ക്കില്‍ അപ്രൂവലിനുവേണ്ടി അയച്ചുകൊടുത്തിട്ടും പല മേലധികാരികളും അംഗീകാരം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പരിഷ്‌ക്കരിച്ച ശമ്പളം വാങ്ങി തുടങ്ങിയപ്പോഴും പല ഡി.ഡി ഓഫിസുകളില്‍നിന്നും മേലാധികാരികള്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും പുതിയ ശമ്പളം അനുവദിച്ചു കൊടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."