ഹൃദയങ്ങളെ ഉള്‍ച്ചേര്‍ക്കുന്ന വിശുദ്ധഗ്രന്ഥം
സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍. ഇസ്‌ലാമിനോടുള്ള വിദ്വേഷം ലോകം മുഴുവന്‍ പരത്തുകയും അതിലൂടെ ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യമാണ് നിലവിലുള്ളത്. പരിശുദ്ധ മതത്തെ വികലമാക്കാനും തെറ്റിദ്ധരിപ്പിക്കാനും ഇസ്‌ലാമികവിരുദ്ധ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ യഥാര്‍ഥ ഇസ്‌ലാമിനെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. അതിനു പറ്റിയ ഏറ്റവും നല്ല അവസരമാണ് വിശുദ്ധ റമദാന്‍. ഖുര്‍ആനിന്റെ ആളുകളാണ് എന്നു പറയുകയും ഖുര്‍ആനില്‍നിന്ന് അകലുകയും ചെയ്യുന്നു എന്നതാണ് ഇന്നിന്റെ ഏറ്റവും വലിയ അപകടം.
അല്ലാഹു തിരുനബി (സ) തങ്ങള്‍ മുഖേന മനുഷ്യസമൂഹത്തിന് അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ജിബ്‌രീല്‍ (അ) എന്ന മലക്ക് മുഖേനയാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. ഏല്‍പ്പിക്കപ്പെട്ട ദൗത്യം എത്തിച്ചുകൊടുക്കുക മാത്രമാണ് ജിബ്‌രീല്‍ (അ) ചെയ്തത്. ഖുര്‍ആന്‍ പല ഘട്ടങ്ങളിലായാണ് അവതരിച്ചത്. ആവശ്യാനുസരണവും എളുപ്പത്തിലും പഠിക്കാന്‍ സാധ്യമാകുന്ന രൂപത്തില്‍ അല്‍പാല്‍പ്പവുമായാണ് ഇരുപത്തിമൂന്ന് കൊല്ലങ്ങളിലായി ഖുര്‍ആന്‍ അവതരിച്ചത്.
.
അല്ലാഹുവിന്റെ വചനത്തിന് ശബ്ദങ്ങളോ രൂപങ്ങളോ ഇല്ല. മുസ്ഹഫുകളില്‍ കാണുന്ന അക്ഷരങ്ങള്‍ അല്ലാഹുവിന്റെ യാഥാര്‍ഥ കലാമിന്റെ മേലിലുള്ള ദാല്ല് (സൂചിക) മാത്രമാകുന്നു. ആ ദാല്ല് സൂചിപ്പിക്കുന്ന ആശയമാകുന്നു യഥാര്‍ഥ ഖുര്‍ആന്‍. അല്ലാഹുവിന്റെ കലാം ആണ് എന്നതുകൊണ്ടുതന്നെ അതിനു ചില പ്രത്യേകതകളുണ്ട്. അതിനാല്‍ വിശുദ്ധ ഖുര്‍ആന്‍ കേവലം ഒരു ഗ്രന്ഥമല്ല. അതു പാരായണം ചെയ്യുന്നത് വെറുമൊരു പുസ്തകം വായിക്കുന്നത് പോലെയല്ല!! അതിനെ പാരായണം ചെയ്യുന്നതിനും സ്പര്‍ശിക്കുന്നതിനും മറ്റും ഒരുപാട് നിയമങ്ങള്‍ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്.
ആ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ. ഖുര്‍ആനിനു പകരംവയ്ക്കാന്‍ ഒരു സൂക്തമെങ്കിലും കൊണ്ടുവരൂ എന്ന വെല്ലുവിളി ലോകം ഏറ്റെടുക്കാന്‍ പല പരിശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അമാനുഷികതയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമാണിത്. മനുഷ്യരും ജിന്നുകളും എല്ലാം കൂടിച്ചേര്‍ന്നാലും അവര്‍ പരസ്പര സഹായ സഹകരണങ്ങള്‍ ചെയ്താലും അതുപോലെയുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ സാധ്യമല്ല എന്ന് (അല്‍ ഇസ്‌റാഅ്: 88) ഖുര്‍ആന്‍ പ്രസ്താവിച്ചത് കാണാം. കാലാതീതനായ അല്ലാഹുവിന്റെ വചനമാണ് വിശുദ്ധ ഖുര്‍ആന്‍. ഈ ഗ്രന്ഥം സ്പര്‍ശിക്കാത്ത തലങ്ങളില്ല. സമഗ്രവും സമ്പൂര്‍ണവും കാലികവുമാണെന്ന് വിളിച്ചുപറയുകയാണ് ഖുര്‍ആനിലെ ഓരോ സൂക്തവും. ഏതു കാലഘട്ടത്തിനും അനുയോജ്യവും ആവശ്യമായ നിയമങ്ങളും ഖുര്‍ആനില്‍നിന്ന് നിര്‍ധാരണം ചെയ്തിട്ടുണ്ട്.
സമൂഹ രൂപീകരണത്തിലെ പ്രഥമ ഘടകമായ കുടുംബങ്ങള്‍ ജീവസുറ്റതായി നിലനില്‍ക്കാന്‍ വേണ്ടതെല്ലാം ഖുര്‍ആന്‍ പഠിപ്പിക്കുന്നു. കുടുംബങ്ങള്‍ തകര്‍ക്കുന്നവര്‍ക്ക് വിശുദ്ധ ഗ്രന്ഥം ശക്തമായ താക്കീത് നല്‍കുന്നു. അല്ലാഹു പറയുന്നു. 'നാഥനുമായി പ്രതിജ്ഞ ചെയ്ത ശേഷം അതു ലംഘിച്ച്, താന്‍ ഇണക്കിച്ചേര്‍ക്കാന്‍ കല്‍പ്പിച്ച കുടുംബ ബന്ധങ്ങള്‍ മുറിച്ചുകളഞ്ഞ് ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കി വിഹരിക്കുന്നവര്‍, അവര്‍ക്കാണു ശാപം, അവരുടെ സങ്കേതം വളരെ മോശം (13:20). മനുഷ്യന് ആധിപത്യം കിട്ടിയാല്‍ അവന്‍ ഭൂമിയില്‍ നാശമുണ്ടാക്കുകയും കുടുംബ ബന്ധം തകര്‍ക്കുകയും ചെയ്യുമെന്ന് ഖുര്‍ആന്‍. അത്തരക്കാര്‍ അല്ലാഹുവിന്റെ ശാപപാത്രങ്ങളാണ്. അല്ലാഹുവിനെ അവര്‍ ബധിരനാക്കുകയാണോ? അവര്‍ ഖുര്‍ആനിനെക്കുറിച്ച് ചിന്തിക്കാത്തതെന്തു കൊണ്ടാണ്, അവരുടെ ഹൃദയങ്ങള്‍ക്ക് പൂട്ടുകളുണ്ടോ? എന്ന് ഖുര്‍ആന്‍ ചോദിക്കുന്നു (47:25).
നമുക്ക് ആത്മീയമായ ദാഹം ശമിപ്പിക്കാനുള്ള മാര്‍ഗമാണ് ഖുര്‍ആന്‍. ഇത് ശത്രുക്കള്‍ ഭയക്കുന്നുമുണ്ട്. മുഹമ്മദ് നബി (സ) ഖുര്‍ആന്‍ പ്രചരിപ്പിച്ചപ്പോള്‍ മക്കയിലെ ശത്രുക്കള്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ഖുര്‍ആനിന്റെ ആത്മീയാകര്‍ഷക ശക്തി ബോധ്യപ്പെട്ട ശത്രുക്കള്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയത് ഖുര്‍ആന്‍ കേള്‍ക്കുന്നിടത്തുനിന്ന് ഓടിയൊളിക്കാനായിരുന്നു. അതിനു സാധിക്കാത്തവര്‍ ചെവിയില്‍ തുണി തിരുകിയിരുന്നുവെന്നു പോലും ചരിത്രത്തില്‍ കാണാം. തിരുദൂതരെ വധിക്കാന്‍ ഊരിയ വാളുമായി നടന്നുവരുന്ന ഉമര്‍ (റ) കേള്‍ക്കുന്നത് സഹോദരി ഫാത്വിമ മുസ്‌ലിമായ വാര്‍ത്തയാണ്. പിന്നീട് ഉമറിന്റെ ഗതിമാറ്റമായിരുന്നു അവിടെ കണ്ടത്.
ഖുര്‍ആന്‍ പാരായണം തന്നെ മനസിന് കരുത്തു നല്‍കും. നമ്മെ ഉന്നതികളിലേക്ക് നയിക്കും. അതിനുള്ള ഒരു സുവര്‍ണാവസരമാണ് റമദാന്‍. ഓരോ നിമിഷവും ഇതിനായി വിനിയോഗിക്കുക. ആ പാരായണം, പാരായണം ചെയ്യേണ്ട രീതിയില്‍ നടത്തിയാല്‍ തന്നെ മാറ്റംവരും. വിശുദ്ധ ഖുര്‍ആനിന്റൈ ആശയാദര്‍ശങ്ങള്‍ നാം പൂര്‍ണമായും ജീവിതത്തില്‍ പകര്‍ത്തുക. അതു ശത്രുക്കളെ മിത്രങ്ങളാക്കാനും ഇസ്‌ലാമിനോടുള്ള വിദ്വേഷം ഇല്ലാതാക്കാനും ഉപകരിക്കും. അതിലൂടെ ലോകത്തിനു മുന്നില്‍ യഥാര്‍ഥ ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ സാധിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."