ഭക്ഷ്യ പരിശോധനയ്ക്ക് ദുരന്തം വരാനായി കാത്തിരിക്കരുത്
കാസർകോട് ചെറുവത്തൂരിലെ വിദ്യാർഥിനി ഇ.വി ദേവനന്ദ ഷവർമ കഴിച്ച് മരണപ്പെട്ടതിനെ തുടർന്നു സംസ്ഥാന വ്യാപകമായി ഭക്ഷ്യവസ്തുക്കളുടെ പരിശോധന നടക്കുകയാണ്. ഷവർമ കഴിച്ചതിനെ തുടർന്ന് പനിയും വയറുവേദനയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ട പെൺകുട്ടി മരിക്കുകയായിരുന്നു. സാംപിളുകളിൽ നടത്തിയ പരിശോധനയെ തുടർന്നു രോഗകാരികളായ ഷിഗെല്ല, സാൽമൊണെല്ല ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി. ഇതേതുടർന്നാണ് സർക്കാർ ഭക്ഷ്യ പരിശോധന കർശനമാക്കിയത്. 'നല്ല ഭക്ഷണം നാടിന്റെ അവകാശം' കാംപയിൻ സംസ്ഥാനത്ത് നടന്നു വരുമ്പോഴാണ് ചീത്ത ഭക്ഷണം കഴിച്ച് പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി പ്രസന്നയുടെയും ഏക മകൾക്ക് ജീവൻ വെടിയേണ്ടി വന്നത്.
പരിശോധനയുടെ ഭാഗമായി ലൈസൻസോ, രജിസ്‌ട്രേഷനോ ഇല്ലാത്ത ധാരാളം കടകളാണ് കണ്ടെത്തിയിരിക്കുന്നത്. നൂറുകണക്കിനു കടകൾക്കെതിരേ നടപടികൾ എടുത്തു. 119 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. കിലോ കണക്കിന് ഉപയോഗശൂന്യമായ മാംസം കണ്ടെടുത്തു നശിപ്പിച്ചു. ഈ മാസം രണ്ട് മുതൽ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. 'ഓപറേഷൻ മത്സ്യ'യുടെ ഭാഗമായി ഇതുവരെ ഏഴായിരം കിലോ മത്സ്യം നശിപ്പിച്ചതായാണ് അറിവ്. ശർക്കരയിലെ മായം കണ്ടെത്താനായി ആരംഭിച്ച 'ഓപറേഷൻ ജാഗറി'യുടെ ഭാഗമായി 500 സ്ഥാപനങ്ങൾ ഇതിനകം പരിശോധിച്ചു.
ഒരു വിദ്യാർഥിനിയുടെ മരണം വേണ്ടിയിരുന്നോ ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താനുള്ള സർക്കാർ പരിശോധനയ്ക്ക് ? ഒരു അത്യാഹിതം ഉണ്ടാകുമ്പോൾ മാത്രമാണ് പ്രസ്തുത അത്യാഹിതത്തിന് കാരണമായതിനെക്കുറിച്ച് സർക്കാർ സർവ സന്നാഹങ്ങളോടെയും അന്വേഷിക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാംപയിൻ നടക്കുമ്പോൾ തന്നെയാണ് ഭക്ഷ്യ വിഷബാധയേറ്റ് ആളുകൾ ചികിത്സ തേടിക്കൊണ്ടിരിക്കുന്നത്.
നല്ല ഭക്ഷണം ഓരോ പൗരന്റെയും അവകാശമാണ്. അത് സാധിപ്പിച്ചു കൊടുക്കുക എന്നത് സർക്കാരിന്റെ ബാധ്യതയാണ്. 2013 സെപ്റ്റംബർ 12നാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്നത്. ഭക്ഷണത്തിനുള്ള സാധാരണ പൗരന്റെ അവകാശവും നിയമവും എന്നാണിതിന്റെ ഉള്ളടക്കം. നിരന്തരമായ പരിശോധനകളും നടപടികളും ആവശ്യപ്പെടുന്നതാണ് ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ. വിഷബാധ ഉണ്ടാകുമ്പോൾ മാത്രം സർക്കാർ സംവിധാനം സട കുടഞ്ഞെഴുന്നേൽക്കുന്നു. തീർത്തും വൃത്തിഹീനമായ ചുറ്റുപാടിലാണ് പല ഷവർമ കടകളും പ്രവർത്തിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന മാംസം പഴകിയതാണോ എന്ന പരിശോധന പോലും നടക്കുന്നില്ല.
വഴിയോരങ്ങളിലെ തട്ടുകടകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പഴകിയ എണ്ണയാണ് ഇത്തരം കടകളിൽ ഉപയോഗിക്കുന്നത്. ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ പരിശോധന വഴിപാടാകാതെ കർശനമായി നടത്തിയിരുന്നെങ്കിൽ കാസർകോട് ചെറുവത്തൂരിലെ വിദ്യാർഥിനി ഇന്നും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. ഇപ്പോഴും ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പരിശോധന നടക്കുന്നില്ല. ബന്ധപ്പെട്ട മന്ത്രിമാർ ഏകോപനത്തിന് മുൻകൈ എടുക്കുന്നില്ല.
ഭക്ഷ്യവസ്തുക്കളിൽ വ്യാപകമായ തോതിൽ മായം ചേർക്കുന്നത് കണ്ടെത്തുക എന്നത് ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെടുമ്പോൾ മാത്രം ഉണ്ടാകേണ്ടതല്ല. നല്ല ഭക്ഷണം കഴിക്കുക എന്നത് പൗരന്റെ അവകാശമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും പരാധീനതകളാൽ പ്രയാസപ്പെടുന്നു എന്നതാണ് യാഥാർഥ്യം. ആവശ്യത്തിന് ജീവനക്കാരില്ലാതെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാണിച്ച് വകുപ്പ് മേധാവി സർക്കാരിന് ഇതിനകം പലവട്ടം കത്തെഴുതിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷേ, സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് സർക്കാർ ഒഴിവുകൾ നികത്തുന്നില്ല. സംസ്ഥാനത്ത് ലൈസൻസോടെ പത്ത് ലക്ഷം സ്ഥാപനങ്ങൾ പ്രവർത്തിക്കുമ്പോൾ അതിന്റെ പകുതിയോളം ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്നു. ഇവയെ കണ്ടെത്തി തക്ക നടപടികളെടുക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് കഴിയാതെ പോകുന്നത് ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാലാണ്. 172 ജീവനക്കാരെ വച്ച് ലക്ഷക്കണക്കിന് സ്ഥാപനങ്ങളിലെ സാംപിളുകൾ ശേഖരിക്കുക എന്നത് ദുഷ്‌കരമാണ്. 172 പേരിൽ വലിയൊരു വിഭാഗം ഓഫിസ് ജോലികൾ നോക്കുന്നവരാണ്. ജീവനക്കാർ വിരമിക്കുന്നതിനുസരിച്ച് വകുപ്പിൽ നിയമനം നടക്കാത്തതിനാലാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രവർത്തനം അവതാളത്തിലാകുന്നത്.
വകുപ്പിനെ നിയന്ത്രിക്കേണ്ടതും പരിശോധനകൾക്ക് ഉത്തരവ് നൽകേണ്ടതും ജോയിന്റ് കമ്മിഷണറാണ്. ആ തസ്തിക ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമായി. മൂന്ന് ഡെപ്യൂട്ടി കമ്മിഷണർമാരിൽ ഒരാൾ ഈയിടെ റിട്ടയർ ചെയ്തു. പകരം നിയമനം നടന്നിട്ടില്ല. 39 ഫുഡ് സേഫ്റ്റി ഓഫിസർമാരുടെ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. ഇത് നികത്തണമെന്ന് സർക്കാരിനോട് ബന്ധപ്പെട്ടവർ പലതവണ ആവശ്യപ്പെട്ടിട്ടും നിയമനം നടന്നില്ല.
ജീവനക്കാർക്കിടയിലെ തൊഴുത്തിൽകുത്തും വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനാണ് പരിശോധനയുടെ ചുമതല. ഇവർക്കൊപ്പം ബന്ധപ്പെട്ട ഉദ്യോ ഗസ്ഥർ പോകുന്നില്ല. പോകുന്നത് ഓഫിസ് അസിസ്റ്റന്റുമാരാണ്. പരിശോധന നടത്തേണ്ട ഫുഡ് ഇൻസ്‌പെക്ടർമാരാകട്ടെ വാഹനമില്ലെങ്കിൽ പരിശോധനക്ക് പോവുകയുമില്ല. സ്വന്തം വാഹനത്തിലോ, വാടക വാഹനത്തിലോ പോവുകയാണെങ്കിൽ താൽക്കാലികമായിട്ടെങ്കിലും അതിന്റെ ചെലവ് സ്വന്തം കൈയിൽ നിന്നെടുക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഒരു മണ്ഡലത്തിൽ മൂന്ന് തവണയെങ്കിലും ഭക്ഷ്യസുരക്ഷാ പരിശോധന നടത്തി സാംപിൾ ശേഖരിക്കണമെന്നാണ് ചട്ടം. പക്ഷേ, എവിടെയും അത് പാലിക്കുന്നില്ല. പാലിക്കണമെങ്കിൽ മതിയായ തോതിൽ ജീവനക്കാർ വേണം. ദുരന്തമുണ്ടാകുമ്പോൾ മാത്രമാണ് പരിശോധന നടക്കാറുള്ളത്. ദുരന്തത്തെ തുടർന്നുണ്ടാകുന്ന വിമർശനങ്ങളും വിവാദങ്ങളും ഒതുങ്ങുമ്പോൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് വീണ്ടും പഴയപടിയാകുന്നു.
ഒരു സ്ഥാപനം പുതുതായി ആരംഭിക്കുമ്പോൾ ചുറ്റുപാട് പരിശോധിക്കണമെന്നാണ് നിയമം. എന്നാൽ അത്തരത്തിലുള്ള ഒരു പരിശോധയും നടക്കുന്നില്ല. ആദ്യം ഭക്ഷ്യസുരക്ഷാ വകുപ്പിനെയാണ് സുരക്ഷിതമാക്കേണ്ടത്. എങ്കിൽ മാത്രമേ നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന സർക്കാരിന്റെ കാംപയിൻ അതിന്റെ ഫലപ്രാപ്തിയിൽ എത്തുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."