'കേരള പൊലിസിന്റേത് മാപ്പര്‍ഹിക്കാത്ത ജാഗ്രതക്കുറവ്' ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ കേരള പൊലിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍. സംസ്ഥാനത്തെ നടുക്കിയ ട്രെയിന്‍ തീവയ്പ്പ് കേസില്‍ കേരള പൊലിസിന് വലിയ വീഴ്ചയും ജാഗ്രതക്കുറവുമാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഞായറാഴ്ച രാത്രി 9.30 നാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഷാറൂഖ് സെയ്ഫി തീ കൊളുത്തിയത്. അതേ ട്രെയിനില്‍ തന്നെ യാത്ര തുടര്‍ന്ന പ്രതി പതിനൊന്നരയോടെ കണ്ണൂരിലെത്തി. പ്രതിയെക്കുറിച്ചുള്ള ദൃക്‌സാക്ഷി മൊഴികള്‍ ഈ സമയത്ത് പുറത്ത് വന്നിരുന്നു. എന്നിട്ടും പ്രതി സഞ്ചരിച്ച ട്രയിനിലോ വന്നിറങ്ങിയ കണ്ണൂര്‍ റെയില്‍വേ സ്റ്റഷനിലോ ഒരു പൊലിസ് പരിശോധനയും നടന്നില്ലെന്നത് അമ്പരിപ്പിക്കുന്നതാണ്. ഇത്രയും ദാരുണമായ ഒരു സംഭവം നടന്നിട്ടും പോലീസ് അലര്‍ട്ട് പോലുമുണ്ടായില്ല. റെയില്‍വേ സ്റ്റേഷനുകളും മറ്റ് പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് കര്യമായ പരിശോധന നടത്തിയിരുന്നെങ്കില്‍ പ്രതിയെ അന്ന് തന്നെ കസ്റ്റഡിയില്‍ കിട്ടുമായിരുന്നു- അദ്ദേഹം കുറ്റപ്പെടുത്തി.
തിങ്കളാഴ്ച പുലര്‍ച്ചെ എറണാകുളം അജ്മീര്‍ മരുസാഗര്‍ എക്‌സ്പ്രസില്‍ കണ്ണൂരില്‍ നിന്ന് ഷാറൂഖ് സെയ്ഫി യാത്ര തുടര്‍ന്നു. കാര്യക്ഷമായ പൊലിസ് ഇടപെടലോ പരിശോധനകളോ ഉണ്ടായിരുന്നെങ്കില്‍ കേരള അതിര്‍ത്തി കടക്കും മുന്‍പ് പ്രതിയെ പിടികൂടാമായിരുന്നു. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അക്രമ സംഭവത്തില്‍ സംസ്ഥാനം ഞെട്ടിത്തരിച്ചിരിക്കുമ്പോള്‍ അങ്ങേയറ്റം ഉദാസീനമായാണ് കേരള പൊലിസ് പെരുമാറിയത്. പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതിന് തുല്യമായിരുന്നു പൊലിസിന്റെ ചെയ്തികള്‍. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ പൊലിസിന് കഴിഞ്ഞില്ലെന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അദ്ദേഹം തുറന്നടിച്ചു.
ബുധനാഴ്ച പുലര്‍ച്ചെ രത്‌നഗിരിയില്‍ പിടിയിലായ പ്രതിയെ അവിടെയെത്തി കോഴിക്കാട്ടേക്ക് കൊണ്ടുവന്നു എന്നത് മാത്രമാണ് കേരള പോലീസ് ആകെ ചെയ്തത്. അതിനിടെ കണ്ണൂരില്‍ വച്ച് പ്രതിയുമായി വന്ന വാഹനം തകരാറിലായി ഒന്നര മണിക്കൂര്‍ റോഡില്‍ കിടന്നു. എത്ര ലാഘവത്തോടെയാണ് പൊലിസ് ഇക്കാര്യം കൈകാര്യം ചെയ്തത് എന്നതിന് കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ല. പ്രതിയെ പിടിച്ചത് കേരള പൊലിസിന്റെ മികവാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ട് പൊതുസമൂഹം ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."